ഐഫോണിനെയും സാംസങ്ങിനെയും വിറപ്പിക്കാൻ Vivo X500 Series; 200MP ക്യാമറയുമായി ലോഞ്ച് പ്രഖ്യാപിച്ചു

പ്രീമിയം സ്മാർട്ട്ഫോൺ നോക്കുന്നവർക്ക് ആ സന്തോഷ വാർത്ത എത്തിക്കഴിഞ്ഞു. പ്രമുഖ ടെക് ബ്രാൻഡായ വിവോ തങ്ങളുടെ അടുത്ത ഫ്ലാഗ്ഷിപ്പ് ലോഞ്ച് ചെയ്യാൻ കാത്തിരിക്കുകയാണ്. മൂന്ന് ഫോണുകളുമായി Vivo X500 Series ഇന്ത്യയിലുൾപ്പെടെയുള്ള വിപണിയിൽ ലോഞ്ച് ചെയ്യുന്നു. അത്യാധുനിക 200MP സാംസങ് ക്യാമറ സെൻസറിലാണ് വിവോ എക്സ്500 സീരീസ് അവതരിപ്പിക്കുന്നത്. മികച്ച ക്യാമറ ക്വാളിറ്റിക്ക് പുറമെ, അതിവേഗ പെർഫോമൻസും ആകർഷകമായ ഡിസ്പ്ലേ, ദീർഘനേരം നിൽക്കുന്ന ബാറ്ററി ബാക്കപ്പുമുള്ള ഫോണുകളാണ് വിവോ നിർമിച്ച് പുറത്തിറക്കുക. വിപണിയിൽ തരംഗമാകാൻ എത്തുന്ന വിവോ എക്സ്500 സീരീസിന്റെ പ്രതീക്ഷിക്കുന്ന വില, ക്യാമറ പ്രത്യേകതകൾ, മറ്റ് പ്രധാന സവിശേഷതകൾ എന്നിവ വിശദമായി അറിയാം.
Vivo X500 Series: ലോഞ്ചും പ്രതീക്ഷിക്കുന്ന വിലയും
ഇന്ത്യയിലെ വിലവിവരങ്ങൾ വിവോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാലും 12GB റാമും 256GB സ്റ്റോറേജുമുള്ള മോഡലിന് ഏകദേശം 119,999 രൂപ മുതലാകും വിലയാകുന്നതെന്നാണ് സൂചന.
X500 പ്രോയ്ക്ക് 149,999 രൂപയും, വിവോ എക്സ്500 പ്രോ മാക്സിന് 159,999 രൂപ മുതലും വിലയായേക്കും. 512GB വേരിയന്റിന് 179,999 രൂപ വരെ വിലയായേക്കുമെന്നാണ് സൂചന. പതിവ് പോലെ ഇപ്രാവശ്യവും വിവോ ഫോട്ടോഗ്രാഫി കിറ്റ് കൊണ്ടുവരുന്നുണ്ട്. ഇതിലെ ടെലികൺവെർട്ടർ ഉൾപ്പെടെയുള്ള ഒരു കിറ്റുള്ള Pro Max മാസ്റ്റർ സെറ്റിന് 229,999 രൂപ വരെ വിലയാകുമെന്നും സൂചനയുണ്ട്. നവംബർ 26 നാണ് വിവോ എക്സ്500 സീരീസ് ലോഞ്ച് ചെയ്യുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു.
വിവോ എക്സ്500 മോഡലുകളിൽ എന്തെല്ലാം പ്രതീക്ഷിക്കാം?
- ഡിസ്പ്ലേ: സ്റ്റാൻഡേർഡ് എക്സ്500 മോഡലിന് 6.59 ഇഞ്ച് AMOLED സ്ക്രീനാകും നൽകുന്നത്. X500 പ്രോ മോഡലിന് 6.36 ഇഞ്ച് 2K LTPO AMOLED ഡിസ്പ്ലേയുണ്ടാകും. പ്രോ മാക്സിന് ഇതിലും വലുതായ 6.85 ഇഞ്ച് ഡിസ്പ്ലേയാകും നൽകുന്നത്. ഈ മൂന്ന് ഫോണുകളിലും 144ഹെർട്സ് റിഫ്രഷ് റേറ്റിന്റെ സ്മൂത്ത് സ്ക്രോളിങ് ലഭിക്കും.
- പ്രൊസസർ: റിപ്പോർട്ട് പറയുന്നത് അനുസരിച്ച് വിവോ X500 Pro, വിവോ X500 പ്രോ മാക്സ് എന്നീ മോഡലുകളിൽ മീഡിയാടെക് ഡൈമൻസിറ്റി 9600 Pro ചിപ്സെറ്റാണ് ഉപയോഗിക്കുന്നത്. സാധാരണ മോഡലിൽ ഡൈമൻസിറ്റി 9600M ചിപ്സെറ്റ് ഉപയോഗിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
- ക്യാമറ: പ്രോ മാക്സിൽ 50 MP സോണി LYTIA 910 പ്രൈമറി സെൻസറും, 200 MP സാംസങ് ISOCELL HP0 പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും കൊടുക്കുന്നു. എക്സ്500 പ്രോയിൽ പ്രൈമറി സെൻസർ 50എംപിയും 64 MP സോണി LYTIA 610 ടെലിഫോട്ടോ സെൻസറും നൽകുമെന്നാണ് സൂചന. ഈ പ്രോ മോഡലുകളിൽ 50 MP അൾട്രാ വൈഡ് ക്യാമറയും 50 MP ഫ്രണ്ട് ക്യാമറയും കൊടുത്തേക്കും.
- ബാറ്ററി: സാധാരണ എക്സ്500 മോഡലിൽ 7,500 mAh ബാറ്ററിയാണുള്ളത്. വിവോ എക്സ്500 പ്രോ മോഡലിൽ 6,510 mAh ബാറ്ററിയാകും കൊടുക്കുക. പ്രോ മാക്സിൽ ഒരുപക്ഷേ ചൈനീസ് വേർഷനിലേത് പോലെ 8,000 mAh ബാറ്ററിയാകും ഉൾപ്പെടുത്തുന്നത്. ഈ മൂന്ന് മോഡലുകൾക്കും 90W വയർഡ് ചാർജിംഗും 40W വയർലെസ് ചാർജിംഗും സപ്പോർട്ട് ലഭിക്കുന്നു.
- സോഫ്റ്റ് വെയർ: ഈ ഫോണുകളിൽ ആൻഡ്രോയിഡ് 17 നെ അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 7 സോഫ്റ്റ് വെയറാണ് പ്രവർത്തിക്കുന്നത്. ഇതിൽ വിവോയുടെ എഐ ഫീച്ചറുകളും ലഭിക്കും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.
View full profile