ഡാറ്റ വേണ്ട, കോളിംഗ് മാത്രം മതി! TRAI നിർദേശത്തിന് പിന്നാലെ 1 മാസം വാലിഡിറ്റിയിൽ Jio Voice പ്ലാനുകൾ ഇറക്കി

TRAI അഥവാ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തിന് പിന്നാലെ Reliance Jio പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത, ഫോൺ വിളിക്കാൻ മാത്രം പ്ലാനുകൾ വേണമെന്ന സാധാരണക്കാർക്ക് വേണ്ടിയുള്ള വോയിസ് പ്ലാനുകൾ വേണമെന്നായിരുന്നു നിർദേശം. ജിയോയിൽ ഉൾപ്പെടെ ദീർഘകാല റീചാർജ് പ്ലാനുകളുണ്ടായിരുന്നെങ്കിലും, ഒരു മാസക്കാലാവധിയിലേക്ക് വോയിസ് ഒൺലി റീചാർജുകൾ ഒന്നും നൽകിയിരുന്നില്ല.
ഡാറ്റാ പാക്കുകളുടെ അനാവശ്യ ചിലവുകൾ ഒഴിവാക്കി റീചാർജ് നിരക്കുകൾ കുറയ്ക്കുക എന്നതാണ് ഇതിലൂടെ ട്രായ് ലക്ഷ്യമിടുന്നത്. എയർടെൽ, വിഐ ഇതിനകം വോയിസ് ഒൺലി പ്ലാനുകൾ അവതരിപ്പിച്ചെങ്കിലും, ജിയോ 1 മാസ വോയിസ് കോളിങ് പാക്കേജുകൾ അൽപം വൈകിയാണ് പുറത്തിറക്കിയത്. ജിയോ ഔദ്യോഗികമായി പുറത്തിറക്കിയ 200 രൂപയ്ക്കും താഴെ വിലയുള്ള പ്രീ പെയ്ഡ് പ്ലാനുകളെ കുറിച്ച് വിശദമായി അറിയാം.
Reliance Jio Rs 147 Plan: ഓഫറുകൾ
22 ദിവസം വാലിഡിറ്റിയുള്ള 147 രൂപ പാക്കേജാണിത്. ഈ ജിയോ പ്ലാനിൽ ഡാറ്റ ഒട്ടും ലഭ്യമല്ല. എന്നാൽ 147 രൂപ പ്രീ പെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളിങ്ങും 300 SMS ഓഫറുകളും ലഭ്യമാണ്. 6.68 രൂപയാണ് 147 രൂപ പാക്കേജിന്റെ പ്രതിദിന ചെലവ്.
Jio Rs 177 Plan: ഓഫറുകൾ
300 എസ്എംഎസ് ഓഫറുകളും അൺലിമിറ്റഡ് വോയിസ് കോളിങ്ങും ലഭിക്കുന്ന പുതിയ റീചാർജ് പ്ലാനാണിത്. 177 രൂപ റീചാർജിൽ 28 ദിവസത്തെ കാലാവധി അനുവദിച്ചിരിക്കുന്നു. ഇതിലും ഡാറ്റയില്ല. 6.3 രൂപയാണ് പ്ലാനിന്റെ ദിവസച്ചെലവ്.
ജിയോ 196 രൂപ റീചാർജ് പ്ലാൻ
30 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന റിലയൻസ് ജിയോ വോയിസ് ഒൺലി പ്ലാനാണിത്. ഇതിൽ അൺലിമിറ്റഡ് വോയിസ് കോളിങ്ങും 300 എസ്എംഎസ് ഓഫറുകളും ലഭ്യമാണ്. 196 രൂപയുടെ ഈ റീചാർജ് പ്ലാനിന്റെ ദിവസച്ചെലവ് 6.5 രൂപയാണ്.
റിലയൻസ് ജിയോ 197 രൂപ പ്ലാനിലെ ഓഫറുകൾ
എയർടെലിനെ പോലെ ജിയോയിലും ഒരു കലണ്ടർ മാസത്തേക്ക് റീചാർജ് പ്ലാനുകൾ ലഭ്യമാണ്. അതായത് ഏത് മാസത്തിന്റെ ആദ്യമാണോ റീചാർജ് ചെയ്യുന്നത് ആ മാസം മുഴുവൻ വാലിഡിറ്റി ലഭിക്കും. 30 ദിവസം അല്ലെങ്കിൽ 31 ദിവസം കാലാവധി ഓരോരോ മാസത്തിനെ അടിസ്ഥാനമാക്കി സേവനം ലഭിക്കും. ഇങ്ങനെ നോക്കുമ്പോൾ 6.35 രൂപയാണ് പ്രതിദിന ചെലവ്. അൺലിമിറ്റഡ് വോയിസ് കോളിങ്ങും 300 എസ്എംഎസ്സുമാണ് പ്ലാനിലെ ആനുകൂല്യങ്ങൾ.
ഇതിന് പുറമെ രണ്ട് വലിയ വോയിസ് കോളിങ് പ്ലാനുകൾ ജിയോയിൽ മുമ്പുണ്ടായിരുന്നു. 448 രൂപ, 1748 രൂപയ്ക്കും ജിയോയിൽ വോയിസ് ഒൺലി പ്ലാനുകളുണ്ട്. ഡാറ്റയില്ലാത്ത 448 രൂപ പാക്കേജിൽ 84 ദിവസത്തെ വാലിഡിറ്റിയുണ്ട്. 336 ദിവസത്തെ കാലാവധിയുള്ള വോയിസ് കോളിങ് പ്ലാനിന് 1748 രൂപയാണ് വില. ഇവയിലെല്ലാം വാലിഡിറ്റിയിലുടനീളം അൺലിമിറ്റഡ് വോയിസ് കോളിങ് തന്നെയാണുള്ളത്.
സാധാരണക്കാർക്കും, ജിയോ സെക്കൻഡറി സിമ്മായി ലഭിക്കുന്നവർക്കും, ബേസിക് മൊബൈൽ ഉപയോഗിക്കുന്നവർക്കും, വൈ-ഫൈ കണക്ഷൻ ഉപയോഗിക്കുന്നവർക്കും ജിയോയുടെ ഈ ആറ് പ്രീ പെയ്ഡ് പ്ലാനുകൾ മികച്ച ഓപ്ഷനായിരിക്കും. സാധാരണ ഡാറ്റ കൂടി ഉൾപ്പെട്ടുളള റീചാർജ് പ്ലാനുകൾക്ക് കുറഞ്ഞത് 10 രൂപ ചെലവാകും. എന്നാൽ ഇവയിലെല്ലാം 7 രൂപയിൽ താഴെയാണ് ചെലവാകുന്നതെന്ന് നേരിയ ആശ്വാസം തരുന്നു.
