Digit.in

iPhone ഉപയോഗിക്കുന്നവർക്ക് മുട്ടൻ പണി! വെബ്സൈറ്റ് തുറന്നാൽ പോലും ഹാക്ക് ചെയ്യപ്പെടാമെന്ന് ടെലഗ്രാം സിഇഒ Telegram CEO

iPhone ഉപയോഗിക്കുന്നവർക്ക് മുട്ടൻ പണി! വെബ്സൈറ്റ് തുറന്നാൽ പോലും ഹാക്ക് ചെയ്യപ്പെടാമെന്ന് ടെലഗ്രാം സിഇഒ Telegram CEO

പഴയ iOS വേർഷനുകൾ ഉപയോഗിക്കുന്ന iPhone ഉപയോക്താക്കൾ ഹാക്കിങ് ഭീഷണിയിലെന്ന് ടെലഗ്രാം സിഇഒ പാവൽ ദുറോവിന്റെ മുന്നറിയിപ്പ്. ഇനിയും ഐഒഎസ് അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ, സൈബർ ആക്രമണങ്ങൾക്കും ഹാക്കിംഗ് ഭീഷണിക്കും ഇരയാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ജാഗ്രതാ നിർദേശം നൽകി. സാധാരണയായി അപകടകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോഴോ സംശയാസ്പദമായ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോഴോ ആണ് ഫോണുകൾ ഹാക്ക് ചെയ്യപ്പെടുന്നത്. അപകടകരമായ ഒരു വെബ്‌സൈറ്റ് വെറുതെ തുറന്നാൽ പോലും ഫോണിന്റെ നിയന്ത്രണം ഹാക്കർമാരുടെ കൈകളിലെത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം വിശദമാക്കി. എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് പാവൽ ദുറോവ് ഐഫോൺ ഉപയോക്താക്കൾക്കായി ജാഗ്രതാ നിർദേശം നൽകിയത്. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുന്നതിൽ വരുത്തുന്ന ചെറിയൊരു കാലതാമസം പോലും അപകടം വരുത്തുമെന്നും ടെലിഗ്രാം സിഇഒ അറിയിച്ചു. സൈബർ കെണികളിൽ അകപ്പെടാതെ ഐഫോൺ ഉപയോക്താക്കൾക്ക് എങ്ങനെ സുരക്ഷിതമാകാമെന്നും, പാവേൽ ദുറോവ് പങ്കുവയ്ക്കുന്ന അറിയിപ്പും വിശദമായി അറിയാം.

എന്താണ് പാവൽ ദുറോവിന്റെ മുന്നറിയിപ്പ്?

ആപ്പിൾ iOS-ന്റെ പഴയ പതിപ്പുകൾ ഉപയോഗിക്കുന്ന ഐഫോൺ ഉപയോക്താക്കൾക്ക് വേണ്ടിയാണ് നിർദേശം പുറപ്പെടുവിച്ചത്. ഐഒഎസ് അപ്ഡേറ്റ് ചെയ്യാത്തവർക്ക്, അവർ അറിയാതെ തന്നെ തങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാർക്ക് മുന്നിൽ തുറന്നുകൊടുത്തേക്കാമെന്ന് ടെലഗ്രാം സ്ഥാപകൻ പാവൽ ദുറോവ് അറിയിച്ചു. ഈ സമയത്ത് അബദ്ധവശാൽ അപകടകരമായ വെബ്‌സൈറ്റ് തുറക്കുന്നത് പോലും ഫോൺ ഹാക്ക് ചെയ്യപ്പെടാൻ കാരണമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആപ്പിളിന്റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പുകൾ ഉപയോഗിക്കുന്ന ടെലിഗ്രാം ഉപയോക്താക്കൾക്കും മുന്നറിയിപ്പ് നൽകിയതായി അദ്ദേഹം അറിയിച്ചു. 'പഴയ iOS പതിപ്പുകൾ ഉപയോഗിക്കുന്ന ഞങ്ങളുടെ എല്ലാ ഉപയോക്താക്കൾക്കും ഞങ്ങൾ ഈ മുന്നറിയിപ്പ് നൽകുന്നുണ്ട്,' എന്നാൽ പവേൽ ദുറോവ് എക്സിൽ കുറിച്ചത്.

സുരക്ഷിതരായിരിക്കാൻ iPhone ഉപയോക്താക്കൾ എന്ത് ചെയ്യണം?

ടെലിഗ്രാം സിഇഒ ഡുറോവിന്റെ മുന്നറിയിപ്പ് പ്രകാരം, സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. അതുപോലെ അപകടകരമായ ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്. ഇതിനെല്ലാമുപരി ഫലപ്രദമായ പരിഹാരവും അദ്ദേഹം വിശദീകരിച്ചു. കാലഹരണപ്പെട്ട iOS പതിപ്പ് ഉപയോഗിക്കുന്ന ഫോണുകളിൽ ഇവ ഏതെങ്കിലും ചെയ്താൽ, സുരക്ഷാ ഭീഷണി നേരിടേണ്ടി വന്നേക്കാം. ഇതിനായി എല്ലാവരും ഐഒഎസ് അപ്ഡേറ്റ് ചെയ്യണമെന്നാണ് നിർദേശിക്കുന്നത്.

ഐഫോണിലെ ഈ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട കൃത്യമായ സുരക്ഷാ പിഴവുകൾ എന്തൊക്കെയാണെന്ന് ഡുറോവ് വ്യക്തമാക്കിയിട്ടില്ല. ഇതിന് പിന്നിൽ ആരൊക്കെയാണെന്നോ, ബന്ധപ്പെട്ട കണക്കുകളോ അദ്ദേഹം പങ്കുവച്ചിട്ടില്ല. ടെലിഗ്രാമിന്റെ മുന്നറിയിപ്പ് ബാധകമാകുന്ന iOS പതിപ്പുകൾ ഏതൊക്കെയാണെന്നും എക്സ് പോസ്റ്റിൽ വിശദമാക്കുന്നില്ല.

iPhone iOS എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

  • ഇതിനായി ആദ്യം ഐഫോണിലെ Settings തുറക്കുക.
  • താഴേക്ക് സ്ക്രോൾ ചെയ്ത് General എന്നതിൽ ടാപ്പ് ചെയ്യുക.
  • ഇവിടെ കാണുന്ന Software Update എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • പുതിയ അപ്‌ഡേറ്റ് ഇവിടെ കാണിക്കുന്നുണ്ടെങ്കിൽ, Download and Install എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യാം.

ഇങ്ങനെ അപ്ഡേറ്റ് ചെയ്യുന്നതിന് മുന്നേ ഫോണിൽ മതിയായ ചാർജ് ഉണ്ടെന്നതും, വൈ-ഫൈ പോലുള്ള ഫാസ്റ്റ് നെറ്റ് വർക്ക് ഉപയോഗിക്കാനും ശ്രദ്ധിക്കുക. പ്രധാനപ്പെട്ട വിവരങ്ങൾ iCloud-ലേക്ക് ബാക്കപ്പ് ചെയ്ത ശേഷം ഐഒഎസ് അപ്ഡേറ്റ് ചെയ്യുക. ഏറ്റവും പുതിയ ഐഒഎസ് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇത് പിന്തുടരേണ്ടതില്ല.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile