Digit.in

64MP ZEISS APO ക്യാമറയും 7,500mAh ബാറ്ററിയുമായി Vivo X500 5G വമ്പൻ ഫോൺ ഇന്ത്യയിൽ

64MP ZEISS APO ക്യാമറയും 7,500mAh ബാറ്ററിയുമായി Vivo X500 5G വമ്പൻ ഫോൺ ഇന്ത്യയിൽ

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ തങ്ങളുടെ ഏറ്റവും പുതിയ കരുത്തൻ സ്മാർട്ട് ഫോൺ അവതരിപ്പിച്ചു. മൊബൈൽ ഫോട്ടോഗ്രാഫിക്കും മൾട്ടി ടാസ്കിങ്ങിനും പ്രാധാന്യം നൽകിയാണ് Vivo X500 5G ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചിരിക്കുന്നത്. ഇതിനൊപ്പം വിവോ X500 പ്രോ, വിവോ X500 പ്രോ മാക്സ് എന്നീ ഫ്ലാഗ്ഷിപ്പ് മോഡലുകളും ലോഞ്ച് ചെയ്തു. ഇതിൽ സ്റ്റാൻഡേർഡ് മോഡലായ വിവോ എക്സ്500 5ജിയ്ക്ക് 64MP ZEISS APO ടെലിഫോട്ടോ ക്യാമറയാണുള്ളത്. ക്യാമറയ്ക്ക് പുറമെ മികച്ച പ്രകടനത്തിനായി അത്യാധുനിക പ്രോസസ്സറുകളും ദീർഘനേരം നീണ്ടുനിൽക്കുന്ന 7,500mAh ബാറ്ററിയും ഫോണിനുണ്ട്, വന്ന മൂന്ന് വമ്പന്മാരിലെ വില കുറഞ്ഞ മോഡലായ വിവോ എക്സ് 500 5ജിയുടെ പ്രത്യേകതകളും ഇന്ത്യയിലെ വിലയും വിശദമായി അറിയാം.

Vivo X500 5G: പ്രത്യേകതകൾ

6.59-ഇഞ്ച് AMOLED ഡിസ്പ്ലേയിൽ നിർമിച്ച വിവോ ഫോണിന് 2750 × 1260 റെസല്യൂഷനും, 144 Hz, HDR10+ സപ്പോർട്ടും ലഭിക്കുന്നു. ഈ ഫോണിന് അലുമിനിയം അലോയ് ഫ്രെയിമും, മെറ്റാലിക് ഫിനിഷുള്ള, ഫ്രോസ്റ്റഡ് എജി ഗ്ലാസുമുള്ള ബോഡിയാണുള്ളത്. 8.15mm മാത്രം കനമാണ് വിവോ എക്സ്500 5ജിയ്ക്കുള്ളതെങ്കിലും ബാറ്ററിയിൽ വിവോ വിട്ടുവീഴ്ച വരുത്തിയിട്ടില്ല. കാരണം സ്റ്റാൻഡേർഡ് മോഡലിൽ 7,500mAh ബാറ്ററിയാണുള്ളത്. ഇത് 90W വയർഡ്, 40W വയർലെസ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു.

പെർഫോമൻസിനായി പ്രീമിയം ഫോണിൽ ഡൈമൻസിറ്റി 9600M എന്ന 3nm ചിപ്‌സെറ്റ് ഉപയോഗിച്ചിരിക്കുന്നു. വിവോയുടെ സ്വന്തം V3+ ഇമേജിംഗ് ചിപ്പും ഇതിനൊപ്പമുണ്ട്. 12 GB LPDDR5X Ultra റാമും 256 GB UFS 4.1 സ്റ്റോറേജ് സപ്പോർട്ടും എക്സ്500 5ജിയ്ക്കുണ്ട്.

ക്യാമറയാണ് വിവോ ഫോണിലെ ഹൈലൈറ്റ്. മികച്ച ഫോട്ടോഗ്രഫിക്കും സൂമിനുമായി മൂന്ന് പിൻ ക്യാമറകളും ഒരു 50MP സെൽഫി ക്യാമറയുമാണ് വിവോ എക്സ് 500 5ജി ലോഞ്ച് ചെയ്തത്. CIPA 5.5 സ്റ്റാബിലൈസേഷനുള്ള 50 മെഗാപിക്സൽ മെയിൻ ക്യാമറ ഇതിലുണ്ട്. അൾട്രാ വൈഡ് ക്യാമറയായി 50MP Samsung JN1 സെൻസർ ഫിറ്റ് ചെയ്തിരിക്കുന്നു. ഫോണിലെ സവിശേഷമായ ക്യാമറ 64MP Sony LYTIA 610 ZEISS APO ടെലിഫോട്ടോ സെൻസറാണ്. ഇതിന് OIS സപ്പോർട്ടുമുണ്ട്. ഓട്ടോ ഫോക്കസ് സപ്പോർട്ടുള്ള 50MP Samsung JN1 സെൻസറാണ് സ്മാർട്ട് ഫോണിന് മുൻവശത്ത് ഉപയോഗിച്ചിരിക്കുന്നത്.

5G, Wi-Fi 7, ബ്ലൂടൂത്ത് 6.0, NFC, IR ബ്ലാസ്റ്റർ, USB-C 3.2, eSIM എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഇതിലുണ്ട്. സ്മാർട്ട് ഫോണിൽ OriginOS 7 അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ ആൻഡ്രോയിഡ് 17 വേർഷനാണ് പ്രവർത്തിക്കുന്നത്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഫോണിന് IP68, IP69 റേറ്റിങ്ങുമുണ്ട്.

Vivo X500 price
Vivo X500 price

വിവോ എക്സ്500 5ജിയുടെ വിലയും ലഭ്യതയും

വിവോ എക്സ്500 5ജിയുടെ വില 1,19,999 രൂപയാണ്. ഇതിന് 12 GB + 256 GB സ്റ്റോറേജാണുള്ളത്. ടൈറ്റാനിയം ബ്ലാക്ക്, എംബർ റെഡ് എന്നീ നിറങ്ങളിലാണ് സ്റ്റൈലിഷ് വിവോ എക്സ്500 അവതരിപ്പിച്ചത്.

ഇതിനൊപ്പം 15999 രൂപ വില വരുന്ന ZEISS ടെലിഫോട്ടോ എക്സ്റ്റെൻഡർ Gen 2 (200mm), 1,399 രൂപയുടെ വിവോ X500 മാഗ്നറ്റിക് കേസും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടി ചേർത്താൽ ഫോണിനും കിറ്റിനും മൊത്തം 1,37,397 രൂപയാകും. 2026 ഡിസംബർ 3-ന് സ്മാർട്ട് ഫോണുകൾ വിൽപ്പനയ്‌ക്കെത്തും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile