ഷവോമിയുടെ ഏറ്റവും ജനപ്രിയ സ്മാർട്ട്‌ഫോൺ പരമ്പരയായ റെഡ്മി നോട്ട് സീരീസിലേക്ക് പുതിയൊരു പവർഫുൾ കൂടി എത്തി! ഭീമൻ 8000mAh ബാറ്ററിയും 6.9 ഇഞ്ച് അമലോഡ് ഡിസ്പ്ലേയുമുള്ള Redmi Note 17 5G ഇന്ത്യയിൽ പുറത്തിറക്കി. വളരെ മനോഹരവും കനം കുറഞ്ഞതുമായ ഒരു പ്രീമിയം ഡിസൈനിലാണ് ഈ കരുത്തനായ സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. ഇന്ത്യയിലെ സാധാരണക്കാരായ സ്മാർട്ട്‌ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഷവോമി ഈ പ്രീമിയം ഫോൺ പുറത്തിറക്കിയത്. സ്റ്റൈലിഷ് ഡിസൈനും മികച്ച പെർഫോമൻസും നോക്കുന്നവർ പുതിയ റെഡ്മി ഫോൺ വിട്ടുകളയണ്ട. റെഡ്മി നോട്ട് 17 5ജിയുടെ ലോഞ്ച് ഓഫറുകൾ, ക്യാമറ പെർഫോമൻസ്, മറ്റ് പ്രധാന ഫീച്ചറുകൾ എന്നിവയെല്ലാം അറിയാം.
Redmi Note 17 5G Key Features
ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 17 5ജി ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്നു. വലിയ സ്ക്രീനും വമ്പൻ ബാറ്ററിയും മാത്രമല്ല സ്നാപ്ഡ്രാഗണിന്റെ മികവുറ്റ പ്രോസസറും ഫോണിലുണ്ട്. ഈ റെഡ്മി ഹാൻഡ്സെറ്റിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ വിശദമായി പരിശോധിക്കാം.
Also Read: Best Smartphones: വ്ളോഗർമാർക്കായി ഇതാ മികച്ച ഹൈ റെസല്യൂഷൻ ക്യാമറ ഫോണുകൾ
- ഡിസ്പ്ലേ: റെഡ്മി നോട്ട് 17 5ജിയിൽ 6.9 ഇഞ്ച് Full-HD+ AMOLED ഡിസ്‌പ്ലേയാണുള്ളത്. 120Hz വരെ റിഫ്രഷ് റേറ്റ്, 100 ശതമാനം DCI-P3 കളർ ഗാമറ്റ്, 1,800 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ലഭിക്കും. ഇതിൽ 240Hz ടച്ച് സാംപ്ലിംഗ് റേറ്റ് സപ്പോർട്ടുമുണ്ട്. വീഴ്ചകളിൽ നിന്ന് ഫോണിനെ സംരക്ഷിക്കാൻ കോർണിംഗ് ഗോറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ ലഭിക്കും. നനഞ്ഞ വിരലുകൾ ഉപയോഗിച്ചാലും സ്ക്രോൾ ചെയ്യാനാകുന്ന, HydroTouch 2.0 സാങ്കേതികവിദ്യയും ഫോണിലുണ്ട്.
- പ്രോസസർ: 4nm പ്രോസസിൽ നിർമ്മിച്ച ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 4 Gen 4 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇത് 8GB LPDDR4x റാമും 256GB വരെ UFS 2.2 ഓൺബോർഡ് സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു. മൈക്രോ എസ്ഡി കാർഡ് വഴി ഫോൺ സ്റ്റോറേജ് 2TB വരെ വർധിപ്പിക്കാം.
- ബാറ്ററി: റെഡ്മി നോട്ട് 17 5ജിയിൽ 8,000mAh ബാറ്ററിയാണ് ഉൾപ്പെടുത്തുന്നത്. ഇത് 45W വയർഡ് ഫാസ്റ്റ് ചാർജിംഗിനെയും 22.5W വയർഡ് റിവേഴ്സ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നു. ഒറ്റത്തവണ ചാർജ് ചെയ്താൽ ഏകദേശം രണ്ടര ദിവസത്തെ ബാറ്ററി ലൈഫ് ലഭിക്കും.
- ക്യാമറ: റെഡ്മി നോട്ട് 17 5ജിയിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണുള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും മറ്റൊരു സെക്കൻഡറി ക്യാമറയും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു. ഇത് ഡിസ്പ്ലേയിലെ ഹോൾ-പഞ്ച് കട്ട്‌ഔട്ടിലായാണ് സജ്ജീകരിച്ചിട്ടുള്ളത്. 1080p/30 fps വരെ റെസല്യൂഷനിൽ വീഡിയോ റെക്കോർഡിങ്ങും ഫോണിൽ ലഭിക്കും.
- സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ ഏറ്റവും പുതിയ ഹൈപ്പർ ഒഎസ് 3 ആണ് ഫോണിലെ സോഫ്റ്റ് വെയർ. ഇത് നാല് വർഷത്തെ ഒഎസ് അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സുരക്ഷാ പാച്ചുകളും ഉറപ്പുനൽകുന്നു.
- ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കുന്ന റെഡ്മി നോട്ട് 17 5ജിയ്ക്ക് IP65 റേറ്റിങ്ങുണ്ട്.
റെഡ്മി നോട്ട് 17 5ജിയുടെ ഇന്ത്യയിലെ വിലയും ലഭ്യതയും
ആമസോൺ, ഷവോമി ഓൺലൈൻ സ്റ്റോറുകളിലൂടെ സ്മാർട്ട് ഫോൺ ലഭ്യമാകും. ഓഗസ്റ്റ് 12 നാണ് റെഡ്മി നോട്ട് 17 5ജിയുടെ വിൽപ്പന. ആർട്ടിക് ബ്ലൂ, ഡാർക്ക് നൈറ്റ്, സ്റ്റാർലൈറ്റ് പർപ്പിൾ എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും.
6GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 27,999 രൂപയാണ് വില. 8GB റാമും 128GB സ്റ്റോറേജുമുള്ള വേരിയന്റിന് 30,999 രൂപയും വിലയാകുന്നു. എസ്ബിഐ, ആക്സിസ് ബാങ്ക്, കൊടക് ബാങ്ക് കാർഡുകളിലൂടെ 3,000 രൂപയുടെ തൽക്ഷണ കിഴിവ് ലഭിക്കുന്നതാണ്.