സ്കൂൾ ബസ് എവിടെയെത്തി; വിദ്യ വാഹൻ ആപ്പുമായി MVD

സ്കൂൾ ബസ് എവിടെയെത്തി; വിദ്യ വാഹൻ ആപ്പുമായി MVD
HIGHLIGHTS

സ്കൂൾ ബസിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ വിദ്യ വാഹൻ ആപ്പ്

കേരള മോട്ടോർ വാഹന വകുപ്പാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്

വിദ്യ വാഹൻ ആപ്പ് എങ്ങനെ ഉപയോഗിക്കാം എന്ന് താഴെ കൊടുക്കുന്നു

കുട്ടികളെ സ്കൂളിലേക്ക് അയക്കുന്ന മാതാപിതാക്കൾക്ക് അവർ തിരിച്ചുവരുന്നത് വരെ വലിയ ആശങ്കയാണ്. സ്കൂൾ ബസ് വീട്ടിലെത്താൻ വൈകിയാലും ആശങ്ക വർധിക്കും. ഇത്തരം സാഹചര്യങ്ങളിൽ സ്കൂൾ ബസുകൾ എവിടെയെത്തി എന്ന് അറിയാനുള്ള വഴിയുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ആളുകൾ ഉണ്ടാകില്ല. ഈ പ്രശ്നത്തിന് പരിഹാരമൊരുക്കിയിരിക്കുകയാണ് കേരള മോട്ടോർ വാഹന വകുപ്പ്. സ്കൂൾ ബസിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിക്കുന്ന പുതിയ ആപ്പാണ് എംവിഡി പുറത്തിറക്കിയിരിക്കുന്നത്. വിദ്യ വാഹൻ (Vidhya Vahan) എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ആപ്പിലൂടെ രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികൾ ദിവസവും സഞ്ചരിക്കുന്ന സ്കൂൾ ബസിനറെ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിക്കും. ബസ് വൈകുന്ന അവസരങ്ങളിൽ ആശങ്ക ഒഴിവാകാൻ ഇത് സഹായകരമാകും. രാവിലെ ബസ് വരാൻ സമയമായി എന്ന് കരുതി കുട്ടികളുമായി പിക്ക് അപ്പ് പോയിന്റിലോ വീട്ടിന് മുന്നിലെ റോഡിയോ ഇറങ്ങി നിൽക്കുന്നവർക്കും ഈ ആപ്പ് സഹായകരമായിരിക്കും.

ബസിൽ ഘടിപ്പിക്കുന്ന ജിപിഎസ് ട്രാക്കറാണ് ഇത്തരത്തിൽ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സഹായിക്കുന്നത്.ഓരോ വിദ്യർത്ഥികൾക്കും സ്ഥിരമായി വരുന്ന ബസുകൾ ഉണ്ടായിരിക്കും എന്നതിനാൽ ആ ബസുകളുടെ ജിപിഎസ് ലൊക്കേഷൻ ട്രാക്കിങ് മാത്രമേ ബസിൽ വരുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ലഭിക്കുകയുള്ളു. ഒന്നിലധികം കുട്ടികളുള്ള, വ്യത്യസ്ത ബസുകളിൽ കുട്ടികൾ വരുന്ന സന്ദർഭങ്ങളിൽ ഒന്നിലധികം ബസുകൾ ട്രാക്ക് ചെയ്യാനായി സ്കൂളിൽ നിന്നും ആ ബസുകളുടെ ജിപിഎസ് ലൊക്കേഷനിലേക്കുള്ള ആക്സസ് കൂടി രക്ഷിതാക്കൾ വാങ്ങേണ്ടതായി വരും. എല്ലാവർക്കും ബസുകൾ ട്രാക്ക് ചെയ്യാൻ സാധിക്കില്ല എന്നത് ഈ ആപ്പിനെ സുരക്ഷിതമാക്കുന്നു.

വിദ്യ വാഹൻ ആപ്പ് ഉപയോഗിക്കേണ്ടതെങ്ങനെ

  • ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൌൺലോഡ് ചെയ്യുക
  • സ്കൂളിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വച്ച് ആപ്പിൽ ലോഗിൻ ചെയ്യുക
  • സ്കൂൾ അധികൃതർക്ക് മാത്രമേ നമ്പർ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളു
  • ഒന്നിലധികം സ്കൂൾ ബസുകളിലേക്ക് ഒരു നമ്പർ തന്നെ രജിസ്റ്റർ ചെയ്യാനുള്ള സൌകര്യവും ആപ്പിലുണ്ട്
  • ആപ്പിൽ കയറിയാൽ രജിസ്റ്റർ ചെയ്ത നമ്പരിന് ആക്സസുള്ള ബസുകളുടെ വിവരങ്ങൾ കാണും
  • ട്രാക്ക് ചെയ്യേണ്ട ബസ് തിരഞ്ഞെടുക്കുക
  • ബസ് പോകുന്ന റൂട്ട് അടക്കമുള്ള കാര്യങ്ങൾ മാപ്പിലൂടെ തന്നെ കാണാൻ സാധിക്കും

വാഹനം സഞ്ചരിക്കുകയാണോ എന്നും നിലവിൽ എവിടെയാണ് എന്നും ഇതിലൂടെ അറിയാൻ സാധിക്കും.
നിങ്ങളുടെ വീട്ടിലേക്ക് സ്കൂൾ ബസ് എത്തിച്ചേരുന്ന സമയവും വിദ്യ വാഹൻ ആപ്പിൽ കാണാം

വിദ്യ വാഹൻ ആപ്പിലേക്ക് അതത് മേഖലകളിലെ എംവിഡി ഉദ്യോഗസ്ഥർക്കും സ്കൂളിലെ സ്റ്റാഫിനും രക്ഷിതാക്കൾക്കുമാണ് ആക്സസ് ലഭിക്കുന്നത്. ഈ ആപ്പിലൂടെ തന്നെ വാഹനത്തിലുള്ള ഡ്രൈവറെയും അധ്യാപകരെയോ അതല്ലെങ്കിൽ മറ്റ് സ്റ്റാഫുകളെയോ ഫോൺ ചെയ്യാനും സൌകര്യമുണ്ട്. വാഹനം ഓടിക്കൊണ്ടിരിക്കെ ഡ്രൈവറെ ഫോണിൽ വിളിക്കാൻ സാധിക്കില്ല. വളരെ കൃത്യമായ ഡാറ്റയ്ക്കായി ഗൂഗിൾ മാപ്സിൽ ചെയ്യുന്നത് പോലെ റിഫ്രഷ് ബട്ടൺ അമർത്തുക. വിദ്യ വാഹൻ ആപ്പ് സംബന്ധിച്ച വിവരങ്ങൾക്ക് ട്രോള്‍ ഫ്രീ നമ്പർ ആയ 1800 599 7099 എന്ന നമ്പറിൽ ബദ്ധപ്പെടാം.

Nisana Nazeer
Digit.in
Logo
Digit.in
Logo