WhatsApp Web ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്; കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്!

ഓഫീസ് ലാപ്ടോപ്പിലോ കഫേകളിലോ മറ്റോയുള്ള പബ്ലിക് കംപ്യൂട്ടറുകളിലോ WhatsApp Web ലോഗിൻ ചെയ്ത് ഉപയോഗിക്കാറുണ്ടോ? ദൈനംദിന ജോലികളുടെ ഭാഗമായി പലരും പൊതുയിടങ്ങളിലെ ലാപ്‌ടോപ്പുകളിലും ഓഫീസ് ഡെസ്‌ക്‌ടോപ്പുകളിലും വാട്‌സ്ആപ്പ് തുറന്ന് പ്രവർത്തിക്കാറുണ്ട്. എന്നാൽ ഇവ ലോഗിൻ ചെയ്ത ശേഷം, കൃത്യമായി ലോഗ് ഔട്ട് ചെയ്തില്ലെങ്കിൽ സുരക്ഷാ ഭീഷണിക്ക് കാരണമാകുമെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്റർ ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

ലോഗിൻ ചെയ്ത് കിടക്കുന്ന അക്കൗണ്ടുകളിലൂടെ സൈബർ തട്ടിപ്പുകാർക്കോ മറ്റുള്ളവർക്കോ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും വരെ എളുപ്പത്തിൽ ചോർത്താൻ സാധിക്കും. സൈബർ കുറ്റവാളികൾ വാട്ട്സ്ആപ്പ് അക്കൗണ്ട് ദുരുപയോഗം ചെയ്ത് മറ്റുള്ളവരിൽ നിന്ന് പണം തട്ടാനുള്ള സാധ്യതയും മുന്നറിയിപ്പിൽ പറയുന്നു. കേന്ദ്രസർക്കാർ മുന്നറിയിപ്പിൽ പറയുന്ന സുരക്ഷാ മുൻകരുതലുകളും അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള വഴികളും ഇവിടെ വിശദമായി നൽകുന്നു.

എന്താണ് കേന്ദ്ര സർക്കാരിന്റെ പുതിയ മുന്നറിയിപ്പ്?

ദേശീയ സൈബർ കുറ്റകൃത്യ ഭീഷണി വിശകലന വിഭാഗമായ (NCTAU), ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) പുറത്തുവിട്ട മുന്നറിയിപ്പിലാണ് മുൻകരുതൽ എടുക്കേണ്ടതിനെ കുറിച്ച് നിർദേശം നൽകിയിരിക്കുന്നത്. വാട്ട്സ്ആപ്പ് വെബ് ലോഗിൻ ആയിരിക്കുന്ന സിസ്റ്റത്തിലേക്ക് ഹാക്കർമാർ അനധികൃതമായി പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് നിർദേശിച്ചിട്ടുണ്ട്.

ഇതിലൂടെ സ്വകാര്യ ചാറ്റുകൾ മറ്റൊരാളിലേക്ക് എത്തിയേക്കും. നിങ്ങളുടെ പേരിൽ മറ്റുള്ളവർക്ക് മെസേജ് അയച്ച് തട്ടിപ്പ് നടത്താനും, കോൺടാക്റ്റുകളും ഗ്രൂപ്പ് ചാറ്റുകളും ദുരുപയോഗം ചെയ്യാനും ഹാക്കർമാർ ശ്രമിക്കുമെന്നാണ് മുന്നറിയിപ്പ്. അക്കൗണ്ടിന്റെ വിശ്വാസ്യത ദുരുപയോഗം ചെയ്ത് സാമ്പത്തിക തട്ടിപ്പിനും ഇത് കാരണമായേക്കും. ഓഫീസ് കമ്പ്യൂട്ടറുകൾ, പൊതുവായി ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ, മറ്റുള്ളവർക്ക് പ്രവേശനം ലഭിക്കാവുന്ന ഷെയർഡ് സിസ്റ്റങ്ങൾ എന്നിവയിൽ വാട്ട്സ്ആപ്പ് വെബ് തുറക്കുന്നതിൽ അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

WhatsApp Web: എങ്ങനെ സുരക്ഷിതമാക്കാം?

കേന്ദ്രസർക്കാർ നൽകുന്ന സുരക്ഷിത നടപടികൾ ഇവയൊക്കെയാണ്.

  1. സർക്കാർ, ഔദ്യോഗിക, സാമ്പത്തിക, ഓഫീസ് സംബന്ധമായ കാര്യങ്ങൾ വാട്ട്സ്ആപ്പ് ചാറ്റിലൂടെ പങ്കുവയ്ക്കാതിരിക്കുക.
  2. ആവശ്യമില്ലാത്തപ്പോൾ വാട്ട്സ്ആപ്പ് ലോഗിൻ ചെയ്ത് വയ്ക്കരുത്.
  3. ബ്രൗസർ ക്ലോസ് ചെയ്യുന്നത് കൊണ്ട് മാത്രമാകില്ല. ഓരോ ഉപയോഗത്തിനും ശേഷവും വാട്ട്സ്ആപ്പ് ലോഗ് ഔട്ട് ചെയ്യാൻ ശ്രദ്ധിക്കുക.
  4. സൈബർ കഫേകൾ, ഹോട്ടലുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെ കംപ്യൂട്ടറുകളിൽ നിങ്ങളുടെ വാട്ട്സ്ആപ്പ് ലോഗിൻ ചെയ്യരുത്.
  5. താൽക്കാലികമായി വാട്സ്ആപ്പ് ലോഗിൻ ചെയ്യേണ്ടിവന്നാൽ ഇൻകോഗ്നിറ്റോ മോഡ് ഓണാക്കുക. ശേഷം ലോഗ് ഔട്ട് ചെയ്യാനും മറക്കരുത്.
  6. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന്, നിങ്ങളുടെ അറിവില്ലാതെ ഏതെങ്കിലും മെസേജോ ചാറ്റോ ഉണ്ടായതായി കണ്ടെത്തിയാൽ അത് ഉടനെ പരിശോധിക്കുക.
  7. ഓപ്പറേറ്റിംഗ് സിസ്റ്റം, ബ്രൗസർ, സുരക്ഷാ സോഫ്റ്റ്‌വെയർ എന്നിവ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുക. ഹാനികരമായ സോഫ്റ്റ് വെയറുകളും മറ്റും ഡൗൺലോഡ് ചെയ്യരുത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile