ഏഥർ 450X സ്‌കൂട്ടർ വാങ്ങാൻ ലോൺ സൗകര്യം ഏർപ്പെടുത്തി കമ്പനി

ഏഥർ 450X സ്‌കൂട്ടർ വാങ്ങാൻ ലോൺ സൗകര്യം ഏർപ്പെടുത്തി കമ്പനി
HIGHLIGHTS

60 മാസത്തെ വാഹന വായ്‌പയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്

പ്രതിമാസം 2,999 രൂപ നൽകിയാൽ ഏഥർ 450X വീട്ടിലെത്തിക്കാം

എൻട്രി ലെവൽ ഇലക്ട്രിക് സ്‌കൂട്ടർ 2023 ജൂലൈ മുതൽ വിപണിയിലെത്തും

പുതുതായൊരു വൈദ്യുത സ്‌കൂട്ടർ വാങ്ങണമെന്ന് ആഗ്രഹിച്ചാൽ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന രണ്ട് ബ്രാൻഡുകളാണ് ഏഥറും ഓലയും. സാധാരണക്കാര്‍ക്ക് താങ്ങുന്ന വിലയില്‍ പുതിയ മോഡല്‍ പുറത്തിറക്കി അടുത്തിടെ ഏഥർ ശ്രദ്ധനേടിയിരുന്നു. നിര്‍മാതാക്കള്‍ തമ്മിലുള്ള മത്സരത്തിൽ ഒന്നാമനാവുന്നതിന്റെ ഭാഗമായി പുതിയ സുപ്രധാന തീരുമാനവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഏഥർ.

ഇലക്‌ട്രിക് സ്‌കൂട്ടർ ഉപഭോക്താക്കളിലേക്ക് കൂടുതൽ എത്തിക്കാനായി 450X ഇലക്ട്രിക് സ്‌കൂട്ടറിനായി ഏഥർ എനർജി (Ather energy) ഒരു 60 മാസത്തെ വാഹന വായ്‌പ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. വിപണിയിൽ ആദ്യമായാണ് ഇത്രയും നീണ്ട കാലയളവിലേക്ക് ഇലക്ട്രിക് വാഹനത്തിന് ലോൺ അവതരിപ്പിക്കുന്നത്. പുതുക്കിയ FAME II സബ്‌സിഡി നിയന്ത്രണങ്ങൾ കാരണം 450X ഇവിക്ക് വില വർധിപ്പിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ തീരുമാനം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പ്രതിമാസം 2,999 രൂപ നൽകിയാൽ ഏഥർ 450X വീട്ടിലെത്തും 

ഇലക്ട്രിക് വാഹന വ്യവസായത്തിൽ അഞ്ച് വർഷത്തെ ഫിനാൻസ് സ്‌കീം ആണ് കമ്പനി അവതരിപ്പിക്കുന്നത്. പുതിയ അഞ്ച് വർഷത്തെ ലോൺ ഓഫറിന് കീഴിൽ പ്രതിമാസം വെറും 2,999 രൂപ നൽകിയാൽ ഏഥർ 450X വീട്ടിലെത്തിക്കാം. ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് അഞ്ച് വർഷത്തെ ലോൺ വാഗ്‌ദാനം ചെയ്യുന്നതിനായി ഐഡിഎഫ്‌സി ഫസ്റ്റ്, ബജാജ് ഫിനാൻസ്, ഹീറോ ഫിൻകോർപ്പ് എന്നിവയുമായാണ് ഏഥർ എനർജി (Ather energy) സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കായി ഇന്ത്യയിലെ ബാങ്കുകളും എൻബിഎഫ്‌സികളും നൽകുന്ന നിലവിലെ 36 മാസത്തെ ലോൺ വിൻഡോയിൽ നിന്നുള്ള വലിയൊരു ചുവടുവയ്പ്പാണ് 60 മാസത്തെ വിൻഡോ. ചില സാമ്പത്തിക സ്ഥാപനങ്ങൾ പ്രത്യേക സാഹചര്യങ്ങളിൽ 48 മാസത്തെ വരെ ലോൺ തിരിച്ചടക്കൽ കാലാവധി നൽകാറുണ്ട്. 

20,500 രൂപ മുതൽ 30,000 രൂപ വരെയാണ് വില വർധന നടപ്പിലാക്കുക 

450X ലൈനപ്പിന്റെ ബേസ്, പ്രോ പായ്ക്ക് വേരിയന്റുകൾക്ക് 20,500 രൂപ മുതൽ 30,000 രൂപ വരെയാണ് വില വർധന നടപ്പിലാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി എക്‌സ്ഷോറൂം വിലകൾ ഇപ്പോൾ 1.45 ലക്ഷം മുതൽ 1.65 ലക്ഷം വരെ ഉയരുന്നു. 450X മോഡലിന്റെ വില കുറവുള്ള ഒരു എൻട്രി ലെവൽ വേരിയന്റിനെ പുറത്തിറക്കിയും കമ്പനി പുതിയ നീക്കം നടത്തിയിരുന്നു. 

പുതിയ എൻട്രി ലെവൽ ഇലക്ട്രിക് സ്‌കൂട്ടർ 2023 ജൂലൈ മുതൽ ഇന്ത്യയിലുടനീളമുള്ള ഏഥർ എക്‌സ്പീരിയൻസ് സെന്ററുകളിൽ നിന്നും ഉപഭോക്താക്കൾക്ക് പ്രീ-ബുക്ക് ചെയ്യാം. ഒറ്റ ചാർജിൽ 115 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 3 kWh ബാറ്ററി പായ്ക്കാണ് പുതിയ ഏഥർ 450S പതിപ്പിന് തുടിപ്പേകുന്നത്. അതായത് പൂർണ ചാർജിൽ ഏതാണ്ട് 115 കിലോമീറ്റർ റേഞ്ച് നൽകാൻ ഇവിക്കാവുമെന്ന് സാരം.

Digit.in
Logo
Digit.in
Logo