ആപ്പിൾ മാക്ബുക്ക് എയർ, മാക് പ്രോ, മാക് സ്റ്റുഡിയോ എന്നിവ പുറത്തിറക്കി

ആപ്പിൾ മാക്ബുക്ക് എയർ, മാക് പ്രോ, മാക് സ്റ്റുഡിയോ എന്നിവ പുറത്തിറക്കി
HIGHLIGHTS

എം2 അൾട്രാ ചിപ്പ്സെറ്റാണ് പുതിയ മാക് പ്രോയ്ക്ക് കരുത്തേകുന്നത്

മാക്ബുക്ക് എയർ 15ന് 15 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്

1,34,900 രൂപയാണ് ഈ ലാപ്ടോപ്പിന്റെ വില

ആപ്പിൾ എം2 അൾട്രാ ചിപ്പ്സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന പുതിയ മാക് പ്രോ, 15 ഇഞ്ച് ഡിസ്‌പ്ലേയുള്ള മാക്ബുക്ക് എയർ എന്നിവയെല്ലാം കമ്പനി അവതരിപ്പിച്ചു. എം2 സീരീസ് ചിപ്പുകളുമായിട്ടാണ് പുതിയ മാക് സ്റ്റുഡിയോ വരുന്നത്. മാക്ബുക്ക് എയർ 15 ലാപ്‌ടോപ്പ് മാക്ബുക്ക് 13ന് സമാനമായ ഡിസൈനുമായി വരുന്നു. വലിയ 15 ഇഞ്ച് ഡിസ്‌പ്ലേയാണ് ലാപ്ടോപ്പിലുള്ളത്. ദിവസം മുഴുവൻ ബാറ്ററി ലൈഫ് നൽകുന്ന സെഗ്‌മെന്റിലെ ഏറ്റവും മെലിഞ്ഞ 15 ഇഞ്ച് ലാപ്‌ടോപ്പാണ് പുതിയ മാക്ബുക്ക് എയർ 15 എന്ന് ആപ്പിൾ അവകാശപ്പെടുന്നു. പോർട്ട് കണക്റ്റിവിറ്റിയും നിരവധി സവിശേഷതകളും സമാനമായി തുടരുന്നു. 13 ഇഞ്ച് മാക്ബുക്ക് എയറിന് സമാനമായ എം2 എസ്ഒസിയാണ് പുതിയ മാക്ബുക്ക് എയറിലും ഉള്ളത്.

മാക്ബുക്ക് എയർ 15യുടെ വിലയും ഡിസ്പ്ലെയും

മിഡ്നൈറ്റ്, സ്റ്റാർലൈറ്റ്, സിൽവർ, സ്‌പേസ് ഗ്രേ എന്നീ നാല് നിറങ്ങളിൽ ആപ്പിൾ മാക്ബുക്ക് എയർ 15 ലാപ്‌ടോപ്പ് ലഭ്യമാകും. 1,34,900 രൂപയാണ് ഈ ലാപ്ടോപ്പിന്റെ വില. വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് 1,24,900 രൂപയ്ക്ക് സ്വന്തമാക്കാം. 2880×1864 പിക്സൽ റെസല്യൂഷനുള്ള (QHD+) 15.3 ഇഞ്ച് LED ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പിലുള്ളത്. 60Hz റിഫ്ര്ഷ് റേറ്റുള്ള ഈ ഡിസ്‌പ്ലേ 500 നിറ്റ് ബ്രൈറ്റ്നസും നൽകുന്നുണ്ട്. വിൻഡോസിൽ പ്രവർത്തിക്കുന്ന മിക്ക പിസി ലാപ്‌ടോപ്പുകളേക്കാളും 25 ശതമാനം ബ്രൈറ്റനസ് കൂടുതലുള്ള ഡിസ്പ്ലെയാണ് ഇത്.

മാക്ബുക്ക് എയർ 15 കണക്റ്റിവിറ്റി

മാക്ബുക്ക് എയർ 15യിൽ പോർട്ട് കണക്റ്റിവിറ്റി ഓപ്ഷനുകളായി മാഗ്സേഫ് ചാർജിങ് പോർട്ട്, ഒരു തണ്ടർബോൾട്ട് 3 പോർട്ട്, ഒരു യുഎസ്ബി 4 പോർട്ട്, ഒരു യുഎസ്ബി 3.1 ജെൻ പോർട്ട് എന്നിവ ഉൾപ്പെടുന്നു. വയർഡ് ഓൺ-ഇയർ ഹെഡ്‌ഫോണുകൾ ഇഷ്ടപ്പെടുന്നവർക്കായി 3.5mm ഹെഡ്‌ഫോൺ ജാക്കും നൽകിയിട്ടുണ്ട്. വൈഫൈ 6, ബ്ലൂടൂത്ത് 5.3 സപ്പോർട്ട് 1080p ഫേസ്‌ടൈം ക്യാമറ, ഫോഴ്‌സ് ക്യാൻസലിങ് വൂഫറുകളുള്ള ആറ് സ്പീക്കർ സിസ്റ്റം എന്നിവയാണ് മാക്ബുക്ക് എയർ 15യുടെ മറ്റ് പ്രധാന സവിശേഷതകൾ.പുതിയ ചിപ്പ് 18 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുന്നു.

മാക് സ്റ്റുഡിയോ

ആപ്പിൾ എം2 മാക്സ്, എം2 അൾട്രാ ചിപ്പുകൾ എന്നിവയിൽ പ്രവർത്തിക്കുന്ന മാക് സ്റ്റുഡിയോ ആവശ്യത്തിന് അനുസരിച്ച് കോൺഫിഗർ ചെയ്യാം. എം2 അൾട്രാ ചിപ്പുകൾ കൂടുതൽ പവർ നൽകുന്നു. 24 കോർ സിപിയു (16 പെർഫോമൻസും എട്ട് എഫിഷ്യൻസി കോറുകളും), 60-കോർ ജിപിയു വരെയും, 32-കോർ ന്യൂറൽ എഞ്ചിൻ വരെയും, സ്റ്റാൻഡേർഡ് 64 ജിബി ഏകീകൃത മെമ്മറിയും ഇതിൽ ഉൾപ്പെടുന്നു. 192 ജിബി വരെ ഏകീകൃത മെമ്മറി ചേർക്കാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു. സ്റ്റോറേജ് 8 ടിബി വരെ വർധിപ്പിക്കാം.

മാക് സ്റ്റുഡിയോയുടെ സവിശേഷതകൾ

പുതിയ മാക് സ്റ്റുഡിയോയുടെ ഫിസിക്കൽ പോർട്ട് ഓപ്ഷനുകളിൽ 3.5mm ഹെഡ്‌ഫോൺ ജാക്ക്, ഒരു HDMI പോർട്ട്, നാല് തണ്ടർബോൾട്ട് പോർട്ടുകൾ, രണ്ട് യുഎസ്ബി 3.1 ജെൻ 2 പോർട്ടുകൾ എന്നിവ ഉൾപ്പെടുന്നു. 10 ജിബി വരെ സ്പീഡ് സപ്പോർട്ട് ചെയ്യുന്ന ഒരു ഇഥർനെറ്റ് പോർട്ടും ഡിവൈസിലുണ്ട്. എം2 മാക്സ് എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന മാക് സ്റ്റുഡിയോയിൽ രണ്ട് യുഎസ്ബി-സി പോർട്ടുകളും നൽകിയിട്ടുണ്ട്. വയർലെസ് കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈഫൈ 6ഇ, ബ്ലൂട്ടൂത്ത് 5.3 എന്നിവയും ഉണ്ട്. എം2 മാക്സ് ഉള്ള മാക് സ്റ്റുഡിയോയ്ക്ക് 2,09,900 രൂപയും എം2 ആൾട്ര എസ്ഒസിയുള്ള മാക് സ്റ്റുഡിയോയ്ക്ക് 4,19,900 രൂപയുമാണ് വില.

ആപ്പിൾ എം2 അൾട്ര എസ്ഒസിയിൽ പ്രവർത്തിക്കുന്ന പുതിയ മാക് പ്രോയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പഴയ ഡിസൈനിൽ തന്നെയാണ് ഈ ഡിവൈസ് വരുന്നത്. പ്രൊഫഷണൽ ക്രിയേറ്റർമാർക്കായി നിരവധി ഫീച്ചറുകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. 60Hz റിഫ്രഷ് റേറ്റിൽ 4കെ റെസല്യൂഷനോടുകൂടിയ എട്ട് ഡിസ്‌പ്ലേകൾ വരെ ഒരേസമയം സപ്പോർട്ട് ചെയ്യാൻ ഈ ഡിവൈസിന് സാധിക്കും. 8കെ വരെ റെസല്യൂഷനുള്ള മൂന്ന് ഡിസ്പ്ലേകളെ സപ്പോർട്ട് ചെയ്യാൻ സാധിക്കും. ബോക്സിൽ ആപ്പിൾ കീബോർഡും മൗസും ഉൾപ്പെടുന്നു.

മാക് പ്രോയുടെ സവിശേഷതകളും വിലയും

മാക് പ്രോയിൽ ഏഴ് PCle എക്സ്പാൻഷൻ സ്ലോട്ടുകളുണ്ട്. ജെൻ 4നെ സപ്പോർട്ട് ചെയ്യുന്ന ആറ് ഓപ്പൺ എക്സ്പാൻഷൻ സ്ലോട്ടുകളും ഡിവൈസിലുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ എട്ട് ബിൽറ്റ്-ഇൻ തണ്ടർബോൾട്ട് 4 പോർട്ടുകളാണുള്ളത്. ഇതിൽ ആറ് പുറകിലും രണ്ട് മുകളിലുമാണുല്ളത്. മൂന്ന് യുഎസ്ബി- എ പോർട്ടുകൾ, 8കെ റെസല്യൂഷനും 240Hz വരെ ഫ്രെയിം റേറ്റും സപ്പോർട്ട് ചെയ്യുന്ന രണ്ട് എച്ച്ഡിഎംഐ പോർട്ടുകൾ, രണ്ട് 10 ജിബി ഇഥർനെറ്റ് പോർട്ടുകൾ എന്നിവയെല്ലാം മാക് പ്രോയിലുണ്ട്. മാക് പ്രോ ടവറിലും റാക്ക് മൗണ്ടഡ് എൻക്ലോഷറുകളിലും ലഭ്യമാണ്. മാക് പ്രോ (ടവർ എൻക്ലോഷർ) 7,29,900 രൂപയ്ക്ക് ലഭ്യമാകും. മാക് പ്രോ (റാക്ക് എൻക്ലോഷർ) 7,79,900 രൂപയ്ക്ക് ലഭിക്കും.

Nisana Nazeer
Digit.in
Logo
Digit.in
Logo