TRAI പറഞ്ഞു, Airtel കേട്ടു! നെറ്റ് ഇല്ലാത്ത ‘Voice Only’ ഒരു മാസ പ്ലാനുകൾ പുറത്തിറക്കി

ഒടുവിൽ സാധാരണക്കാരായ വരിക്കാർക്കായി ആ ആശ്വാസ പ്ലാനുകൾ എത്തി. ടെലികോം അതോറിറ്റി അഥവാ TRAI യുടെ കർശന നിർദേശത്തിന് പിന്നാലെ Bharti Airtel വോയിസ് ഓൺലി റീചാർജ് പ്ലാനുകൾ പുറത്തിറക്കി. സ്മാർട്ട്‌ഫോൺ ഇല്ലാത്തവരും വൈഫൈ ഉപയോഗിക്കുന്നവരും തങ്ങൾക്ക് ആവശ്യമില്ലാത്ത ഇന്റർനെറ്റ് ഡാറ്റയ്ക്കും ചേർത്ത് ഇതുവരെ റീചാർജ് ചെയ്യേണ്ടി വന്നു. ഇങ്ങനെയുള്ള പ്ലാനുകൾക്ക് ഏറ്റവും കുറഞ്ഞത് 300 രൂപയാണ്. എന്നാൽ ഒരു മാസം വാലിഡിറ്റി ലഭിക്കുന്ന വോയിസ് ഓൺലി പാക്കേജുകൾ കമ്പനി അവതരിപ്പിച്ചു. 28 ദിവസം, 30 ദിവസം, ഒരു കലണ്ടർ മാസം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വാലിഡിറ്റികളാണ് പുതിയ പ്രീ പെയ്ഡ് പ്ലാനുകളിലുള്ളത്. മൂന്ന് പ്ലാനുകൾക്കും 210 രൂപയ്ക്ക് താഴെ മാത്രമാണ് വിലയാകുന്നത്. എയർടെല്ലിന്റെ ഈ പുതിയ റീചാർജ് പ്ലാനുകളുടെ വിശദാംശങ്ങൾ അറിയാം.

Airtel Voice only Plans

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിർദേശം ഇന്ത്യയിലെ എല്ലാ സ്വകാര്യ കമ്പനികൾക്കും നൽകിയിരുന്നെങ്കിലും എയർടെലാണ് ആദ്യമായി പ്ലാനുകൾ നടപ്പിലാക്കിയത്. വോയ്‌സ് കോളുകളും എസ്എംഎസും മാത്രമാണ് ഈ പ്ലാനുകളിലുള്ളത്. മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിലും ഏകദേശം 1 മാസമാണ് വാലിഡിറ്റി. Rs 185, Rs 203, Rs 206 എന്നിങ്ങനെ മൂന്ന് റീചാർജ് പാക്കേജുകളാണ് കമ്പനി നൽകുന്നത്.

Airtel Rs 185 Plan: വിശദാംശങ്ങൾ

185 രൂപയുടെ വോയ്‌സ് ഒൺലി പ്ലാനുകൾക്ക് എയർടെൽ 28 ദിവസത്തെ വാലിഡിറ്റി അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിൽ പരിധിയില്ലാതെ ലോക്കൽ, എസ്‌ടിഡി, റോമിംഗ് കോളുകൾ ലഭിക്കുന്നു. ഈ റീചാർജിൽ 300 എസ്എംഎസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡാറ്റാ ആനുകൂല്യങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും, സൗജന്യ ഹലോ ട്യൂൺസ് ഓഫറും പ്ലാനിലുണ്ട്. 185 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 6.61 രൂപയാണ്.

  • വാലിഡിറ്റി: 28 ദിവസം
  • കോളിങ്: അൺലിമിറ്റഡ് കോളിങ്
  • എസ്എംഎസ്: 300 SMS

Also Read: ആമസോണിലും ഫ്ലിപ്കാർട്ടിലുമില്ലാത്ത വൻ ഓഫർ; 50MP ക്യാമറയുള്ള Samsung 5G 50,000 രൂപയ്ക്ക് സ്വന്തമാക്കാം!

Airtel Rs 203 Plan: വിശദാംശങ്ങൾ

എയർടെല്ലിന്റെ 203 രൂപയുടെ റീചാർജ് പ്ലാനിൽ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ ലഭ്യമാണ്. ഈ പ്ലാനിലും ഒപ്പം 300 എസ്എംഎസുകളാണ് ലഭിക്കുന്നത്. എയർടെൽ 203 രൂപ പാക്കേജിൽ 30 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. ഈ പ്ലാനിന്റെ ദിവസച്ചെലവ് ഏകദേശം 6.77 രൂപയാണ്. 203 രൂപ പ്ലാനിൽ സൗജന്യ ഹലോ ട്യൂണുകളും ലഭിക്കും.

  • വാലിഡിറ്റി: 30 ദിവസം
  • കോളിങ്: അൺലിമിറ്റഡ് കോളിങ്
  • എസ്എംഎസ്: 300 SMS

206 രൂപ പ്ലാനിന്റെ വിശദാംശങ്ങൾ

എയർടെലിന്റെ 206 രൂപയുടെ പ്ലാനിൽ ഒരു കലണ്ടർ മാസമാണ് കാലാവധിയുള്ളത്. ഇത് ശരിക്കും 31 ദിവസമുള്ള മാസത്തിൽ റീചാർജ് ചെയ്യുന്നവർക്കാണ് ലാഭമാകുക. കാരണം ഒരു മാസത്തിലെ ദിവസത്തിന്റെ എണ്ണം അനുസരിച്ചാണ് കാലാവധി നിശ്ചയിക്കുന്നത്. ഉദാഹരണത്തിന് ജനുവരിയിൽ 31 ദിവസവും ഫെബ്രുവരിയിൽ 28 ദിവസവുമായിരിക്കും കാലാവധി. ഇതിലും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ ലഭിക്കുന്നു. ഒപ്പം 300 എസ്എംഎസുകളും സൗജന്യമായി ഹലോ ട്യൂൺ സേവനവും ആസ്വദിക്കാം.

  • വാലിഡിറ്റി: ഒരു കലണ്ടർ മാസം
  • കോളിങ്: അൺലിമിറ്റഡ് കോളിങ്
  • എസ്എംഎസ്: 300 SMS
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :