സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന മോട്ടറോളയുടെ പവർ ഫോണുകൾ ഇന്ത്യയിലേക്ക്. ജനപ്രിയ ജി-സീരീസിലേക്ക് Moto G37 Power, Moto G37 എന്നീ രണ്ട് കിടിലൻ മോഡലുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കരുത്തിന്റെ കാര്യത്തിൽ മികവുറ്റ മോഡലുകളാണിവ.
ഒരിക്കൽ ചാർജ് ചെയ്താൽ ദിവസങ്ങളോളം ബാക്കപ്പ് നൽകുന്ന 7000mAh വമ്പൻ ബാറ്ററിയാണ് ഫോണിലുള്ളത്. കുറഞ്ഞ വിലയിൽ മികച്ച പെർഫോമൻസും വലിയ ബാറ്ററി ലൈഫും ആഗ്രഹിക്കുന്നവർക്ക് മെയ് 19 ന് സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കും. സ്മാർട്ട് ഫോണിന്റെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും ലോഞ്ച് വിവരങ്ങളും അറിയാം.
മോട്ടറോള ഇന്ത്യയുടെ പുത്തൻ ജി സീരീസ് ഫോണുകളുടെ ലോഞ്ച് തീയതി മെയ് 19 ചൊവ്വാഴ്ചയാണ്. ഉച്ചയ്ക്ക് 12 മണിക്കാണ് ലോഞ്ച് നടക്കുക. ലോഞ്ചിന് ശേഷം ഫ്ലിപ്കാർട്ട് വഴിയും മറ്റ് പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ വഴിയും വിൽപ്പന നടത്തും.
സ്മാർട്ട് ഫോണിന്റെ ഇന്ത്യയിലെ വില ഇനിയും വ്യക്തമാക്കിയിട്ടില്ല. ഇത് നാളത്തെ ലോഞ്ചിന് ശേഷം കൃത്യമായി അറിയാം. എങ്കിലും 4 ജിബി റാം + 128 ജിബി ബേസിക് മോഡലിന് 2700 രൂപ റേഞ്ചിലാകും വില. 4 ജിബി റാം + 256 ജിബി സ്റ്റോറേജ് ഫോണിന് ഏകദേശം 31000 രൂപയായേക്കും.
നൂതനമായ മീഡിയടെക് ഡൈമെൻസിറ്റി 6400 പ്രോസസറാകും ഈ മോട്ടറോള ഫോണിലുണ്ടാകുക. ഏപ്രിലിൽ മോട്ടോ ജി37 സീരീസ് ആഗോള വിപണിയിൽ എത്തിച്ചിരുന്നു. ഈ വേരിയന്റിനെ പോലെ, മോട്ടോ G37 പവറിന്റെ ഇന്ത്യൻ വേരിയന്റിലും 30W വയർഡ് ചാർജിംഗ് സപ്പോർട്ടുള്ള 7,000mAh ബാറ്ററി ഉണ്ടായിരിക്കും. ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ബാറ്ററി കപ്പാസിറ്റിയുണ്ടാകും. മറുവശത്ത് മോട്ടോ G37 ഫോണിൽ 5,200mAh ബാറ്ററി ഉൾപ്പെടുമെന്നാണ് സൂചന.
Also Read: BSNL മാസ് പ്ലാൻ! 70 ദിവസം ടെൻഷൻ ഫ്രീ, അൺലിമിറ്റഡ് കോളുകളോടെ…
120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് HD+ LCD പാനലിലാണ് മോട്ടറോള ജി37 പവർ, മോട്ടറോള ജി37 അവതരിപ്പിക്കുക എന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ഫോണുകളിലും ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാകും കൊടുക്കുന്നത്. ഈ ഡിസ്പ്ലേകൾക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ ഉണ്ടായിരിക്കും.
ക്വാഡ്-പിക്സൽ സാങ്കേതികവിദ്യയുള്ള 50-മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറ ഇതിനുണ്ടാകും. MIL-STD-810H സർട്ടിഫിക്കേഷനും ഡോൾബി അറ്റ്‌മോസും ഹൈ-റെസ് ഓഡിയോയും ഉള്ള സ്റ്റീരിയോ സ്പീക്കറുകളും വരാനിരിക്കുന്ന മോട്ടറോള ഫോണിലുണ്ടാകും.