Instagram-ലെ പരസ്യങ്ങൾ വിവാദത്തിൽ; മെറ്റയ്ക്ക് കേന്ദ്ര സർക്കാരിന്റെ നോട്ടീസ്

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെ Instagram ന് കേന്ദ്ര സർക്കാരിന്റെ നോട്ടീസ്. ഇൻസ്റ്റാഗ്രാമിൽ പണം നൽകി നൽകുന്ന ഇത്തരം പരസ്യങ്ങൾ വഴി ഉപഭോക്താക്കളെ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് ക്ഷണിച്ച് പണമടച്ചുള്ള വീഡിയോകൾ നൽകിയെന്ന് ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) മെറ്റയ്‌ക്ക് നോട്ടീസ് അയച്ചത്. സംഭവത്തിൽ ഏഴ് ദിവസത്തിനകം മറുപടി സമർപ്പിക്കാനും, പരസ്യങ്ങൾ നീക്കം ചെയ്യാനും കേന്ദ്രം നിർദേശിച്ചു. ഇന്ത്യൻ സർക്കാരിന്റെ നോട്ടീസിനെ കുറിച്ചും ഇൻസ്റ്റഗ്രാമിന് എതിരായ ആരോപണത്തെ കുറിച്ചും വിശദമായി അറിയാം.

പരസ്യങ്ങളിൽ പണി കിട്ടി Instagram; വിശദവിവരങ്ങൾ

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന 30 ലധികം പരസ്യങ്ങൾ ഇൻസ്റ്റയിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ ഒരു വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ക്രിയേറ്റ് ചെയ്താണ് ബിബിസി ഇത് കണ്ടെത്തിയത്. ലൈംഗികാതിക്രമത്തിന് ഇരയായി കരയുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങളും 12 വയസ്സ് മാത്രമുള്ള കുട്ടികളുടെ അശ്ലീല ചിത്രങ്ങളുമെല്ലാം പരസ്യങ്ങളിൽ ഉൾപ്പെടുന്നതായി ബിബിസി റിപ്പോർട്ടിൽ പറയുന്നു.

Also Read: Amazon Prime Day Sale: iQOO 15 മുതൽ ബജറ്റ് ഫോണുകൾ വരെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം

ഇൻസ്റ്റാഗ്രാമിൽ rape video, child video പോലുള്ള വാക്കുകൾ ഉപയോഗിച്ചുള്ള ചില പരസ്യങ്ങൾ ലഭ്യമാക്കിയിരുന്നു. ഇത് പിന്നീട് ടെലഗ്രാമിലേക്ക് ഉപയോക്താക്കളെ ക്ഷണിച്ച് 99 രൂപയ്ക്കും മറ്റും പണമടച്ച് നൽകുന്ന തരത്തിലായിരുന്നു. റിപ്പോർട്ട് വന്നതിന് പിന്നാലെ ഇത്തരം പരസ്യങ്ങൾ നീക്കാനും, വിശദീകരണം നൽകാനും കേന്ദ്ര സർക്കാർ ഉത്തരവിടുകയായിരുന്നു.

മൂന്നാം കക്ഷി നൽകിയ ഉള്ളടക്കമാണെന്ന് പറഞ്ഞ് മെറ്റയ്ക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. പണം വാങ്ങി കാണിച്ച പരസ്യങ്ങളാണെങ്കിൽ, മെറ്റയ്ക്കും ഉത്തരവാദിത്തമുണ്ടാകും. ഇന്ത്യ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഓൺലൈൻ വീഡിയോകൾക്ക് എതിരെ നിശബ്ദരായി ഇരിക്കില്ല. ഇങ്ങനെയുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാതിരിക്കാനും, ഇവ റിപ്പോർട്ട് ചെയ്യേണ്ട ബാധ്യതയും പ്ലാറ്റ്ഫോമുകൾക്കുണ്ടെന്ന് കേന്ദ്രം നിർദേശിച്ചു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :