ഒടുവിൽ ബിഗ് ബോസ് സീസൺ 5 (Big Boss Malayalam Season 5) ന്റെ ഗ്രാന്റ് ലോഞ്ചിംഗ് തിയതി പുറത്തുവിട്ടു. മാർച്ച് 26ന് ആണ് ടെലിവിഷൻ ചരിത്രത്തില ഏറ്റവും വലിയ റിയാലിറ്റി ഷോയ്ക്ക് തുടക്കം ആകുന്നത്. ഇരുപത്തി ആറിന് രാത്രി ഏഴ് മണി മുതൽ ഉദ്ഘാടന എപ്പിസോഡിന്റെ സംപ്രേക്ഷണം തുടങ്ങും.
ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ബിഗ് ബോസിന്‍റെ 24 x 7 സംപ്രേക്ഷണവും ഉണ്ടായിരിക്കും. ആരൊക്കെയാകും ഇത്തവണ മത്സരാർത്ഥികൾ ആയി എത്തുക എന്ന ചർച്ചകളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ നിറയെ. 'ബാറ്റിൽ ഓഫ് ദി ഒർജിനൽസ്, തീ പാറും' എന്നാണ് ഇത്തവണത്തെ ബിഗ് ബോസി (Big Boss Malayalam Season 5)ന്റെ ടാഗ് ലൈൻ. ഇത് സൂചിപ്പിക്കുന്നത് പോലെ തന്നെയാകും മത്സരാർത്ഥികൾ എന്നാണ് വിലയിരുത്തലുകൾ.
കഴിഞ്ഞ വർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തരായ മത്സരാർത്ഥികളാകും ഇത്തവണ ബിഗ് ബോസിൽ മാറ്റുരയ്ക്കുക എന്ന് നേരത്തെ പുറത്തുവിട്ട പ്രമോകളിൽ നിന്നും വ്യക്തമായിരുന്നു. വ്യത്യസ്‍ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, എയര്‍ടെല്‍ മുഖേന പൊതുജനങ്ങളില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത ഈ സീസണിനുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയ പ്രവചനങ്ങള്‍ സത്യമാകുമോ ഇല്ലയോ എന്ന കാര്യം അറിയാന്‍ ഉദ്ഘാടന എപ്പിസോഡ് വരെ കാത്തിരിക്കേണ്ടിയിരിക്കുന്നു.
ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് (Big Boss)അവസാനിക്കുന്നത്.
കൂടുതൽ ടെക്നോളജി വാർത്തകൾക്കും, ഉൽപ്പന്ന റിവ്യൂകൾക്കും, സയൻസ്-ടെക് ഫീച്ചറുകൾക്കും, അപ് ഡേറ്റുകൾക്കുമായി Digit.in ഫോളോ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ Google News പേജ് സന്ദർശിക്കുക.