Telegram Down: ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കി പ്രമുഖ മെസ്സേജിംഗ് ആപ്പായ ടെലഗ്രാം. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ആപ്ലിക്കേഷനിൽ പ്രശ്നം നേരിടുന്നതായി കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ടെലഗ്രാം പണിമുടക്കി. ആപ്പ് ലോഡാകുന്നത് മന്ദഗതിയിലായെന്ന് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പരാതി ഉയർത്തി. ആപ്പ് ലോഡാകുന്നതിലും സന്ദേശങ്ങൾ അയക്കുന്നതിലുമാണ് കൂടുതൽ ആളുകളും പ്രശ്നം നേരിടുന്നത്. ആപ്ലിക്കേഷനിലൂടെ ഫോട്ടോകളും വീഡിയോകളും ഡൗൺലോഡ് ചെയ്യുന്നതിലും യൂസേഴ്സ് ബുദ്ധിമുട്ട് നേരിടുന്നു. സെർവർ തകരാറാകാം പ്രശ്നമെന്ന് പ്രാഥമിക നിഗമനം.
Also Read: IPL 2026: ക്രിക്കറ്റ് പൂരത്തിന് കൊടിയേറ്റ്, ടിവി ഇല്ലെങ്കിലും മൊബൈലിൽ Live കാണാൻ ഇത്രമാത്രം
ടെലിഗ്രാം സാങ്കേതിക പ്രശ്നം മൊബൈൽ, ഡെസ്ക്ടോപ്പ് ഉപയോക്താക്കളെ ഒരുപോലെ ബാധിച്ചതായാണ് റിപ്പോർട്ട്. ആപ്പിൽ നോട്ടിഫിക്കേഷൻ വരുന്നതിലും കാലതാമസം നേരിടുന്നതായി പരാതിക്കാർ പറയുന്നു. ഒന്നിലധികം സ്ഥലങ്ങളിൽ നിന്ന് ഒരേസമയം പരാതികൾ വരുന്നതിനാൽ, ഇത് ഒരു പ്രാദേശിക നെറ്റ്‌വർക്ക് പ്രശ്‌നത്തേക്കാൾ ആഗോളതലത്തിലുള്ള സാങ്കേതിക തകരാറാണെന്നാണ് സൂചന.