Spotify പണിമുടക്കി; പാട്ട് പ്ലേ ചെയ്യാൻ കഴിയാതെ വലഞ്ഞ് ഉപയോക്താക്കൾ
ജനപ്രിയ മ്യൂസിക് പ്ലാറ്റ്ഫോം Spotify Down തകരാറിലായി! ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് പ്രശ്നം നേരിടുന്നതായി റിപ്പോർട്ട്. ആപ്പ് തുറക്കാൻ സാധിക്കാതെയും, സെർച്ച് ചെയ്യുമ്പോൾ എറർ കാണിച്ചും, പാട്ടുകൾ പ്ലേ ചെയ്യാനാകാതെയും സ്പോട്ടിഫൈ തകരാറിലായി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലും, ഓൺലൈൻ സേവനങ്ങളുടെ തടസ്സങ്ങൾ നിരീക്ഷിക്കുന്ന വെബ്‌സൈറ്റായ ഡൗൺഡിറ്റക്ടറിലും നിരവധി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു. സ്പോട്ടിഫൈയിലെ പ്രശ്നം എന്താണെന്ന് വിശദമായി പരിശോധിക്കാം.
Spotify Down: വിശദ വിവരങ്ങൾ
ഇന്ത്യയടക്കം ആഗോളതലത്തിൽ സ്പോട്ടിഫൈയിൽ പ്രശ്നം നേരിടുന്നുണ്ട്. അമേരിക്കയിൽ 16,451 പരാതികളും ഇന്ത്യയിൽ ഏകദേശം 800 പരാതികളും ഡൗൺഡിറ്റക്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നു. സ്പോട്ടിഫൈ സാങ്കേതിക തകരാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാൽ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് കമ്പനി അറിയിച്ചു.
സാധാരണയായി ലഭിക്കുന്നതിനേക്കാൾ കൂടുതൽ പരാതികളാണ് യുഎസ്സിലും ഇന്ത്യയിലും റിപ്പോർട്ട് ചെയ്യുന്നത്. വൈകുന്നേരം 5:10 മണിയോടെയാണ് പരാതികളുടെ എണ്ണം വർധിച്ചത്. ഇങ്ങനെ റിപ്പോർട്ട് ചെയ്ത പരാതികൾ കുത്തനെ ഉയർന്ന് 16,451-ൽ എത്തി.
പരാതിക്കാരിൽ ഏകദേശം 70 ശതമാനം പേരും ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 28 ശതമാനം പേർ സ്പോട്ടിഫൈ ആപ്പിലെ പ്രശ്നങ്ങലും, ബാക്കി 2 ശതമാനം പേർ സെർവർ കണക്ഷന്റെ തകരാറെന്നും ചൂണ്ടിക്കാട്ടി.
നിലവിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അന്വേഷിക്കുകയാണെന്ന് കമ്പനി അറിയിച്ചു. നിലവിൽ ഇതിനുള്ള പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും സ്പോട്ടിഫൈ വ്യക്തമാക്കി.