പുകയില്ലാത്ത തീവണ്ടി, വെള്ളം മാത്രം പുറന്തള്ളും! ഇന്ത്യയുടെ ആദ്യ Hydrogen Train ന്റെ ടെക്നിക്ക് പിടികിട്ടിയോ?

PM Modi ഇന്ന് ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. കാർബൺ മലിനീകരണമില്ലാതെ, പുക പുറന്തള്ളാതെ പ്രവർത്തിക്കുന്ന Hydrogen Train ആണിത്. ഹരിയാനയിലെ ജിന്ദിൽനിന്ന് ജൂലൈ 17നു രാവിലെ സോനിപ്പത്തിലേക്കാണ് ആദ്യത്തെ ഹൈഡ്രജൻ തീവണ്ടി സർവ്വീസ് നടത്തിയത്. മറ്റു ട്രെയിനുകളിൽ നിന്ന് ഇവയെ വേറിട്ടു നിർത്തുന്നത് എന്താണെന്ന് അറിയാമോ? 100 ശതമാനവും പരിസ്ഥിതി സൌഹാർദപരമായി പ്രവർത്തിക്കുന്ന ഈ തീവണ്ടി ഇലക്ട്രിക് ട്രെയിനുകൾക്ക് വരെ ഒരു ഫലപ്രദമായ ബദലാകുമോ! ഇന്ത്യയുടെ റെയിൽ ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ കഴിയുന്ന ഈ ഹൈഡ്രജൻ ട്രെയിനിന്റെ പിന്നിലെ സാങ്കേതികവിദ്യയും പ്രവർത്തന രീതിയും കൗതുകമുണർത്തുന്നതാണ്. ഇതിനെ കുറിച്ച് വിശദമായി അറിയാം.

India’s First Hydrogen Train

ഇന്ത്യൻ റെയിൽവേയുടെ ആദ്യ തദ്ദേശീയ Hydrogen-powered Train കൂടിയാണിത്. ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വയം വൈദ്യുതി ഉത്പാദിപ്പിക്കുന്ന ട്രെയിനാണിത്. ലിനീകരണം കുറയ്ക്കാനും ഭാവിയിലെ ഹരിത റെയിൽ ഗതാഗതത്തിനും ഇതിലൂടെ ഇന്ത്യൻ റെയിൽവേ തുടക്കം കുറിച്ചിരിക്കുന്നു. ഈ ട്രെയിൻ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് PIB പ്രസിദ്ധീകരിച്ച ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്.

ഹൈഡ്രജൻ ട്രെയിൻ പ്രവർത്തിക്കുന്നതെങ്ങനെ?

ഹൈഡ്രജൻ ഉപയോഗിച്ചുള്ള രാസപ്രവർത്തനത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യയാണ് ഇതിൽ പ്രയോഗിക്കുന്നത്. പ്രോട്ടോൺ എക്സ്ചേഞ്ച് മെംബ്രൻ ഇന്ധന സെൽ (PEMFC) ആണ് പ്രാഥമിക ഊർജ്ജ സ്രോതസ്സ്. ഇത് ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇങ്ങനെ നീരാവിയും ചൂടും പുറപ്പെടുവിക്കുന്നു.

ഡീസലുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൈഡ്രജൻ ഒരു ഉയർന്ന ഊർജ്ജ ഇന്ധനമാണ്. കുറഞ്ഞ പരിപാലനവും കുറവ് മലിനീകരണവും ഉള്ളതിനാൽ റെയിൽ ഗതാഗതത്തിന് ഇത് അനുയോജ്യമാണെന്ന് ഇന്ത്യൻ റെയിൽവേ വിലയിരുത്തുന്നു.

Also Read: 7000mAh ബാറ്ററിയുമായി Motorola യുടെ പവർഫുൾ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു

രണ്ട് ഹൈഡ്രജൻ ഡ്രൈവിങ് പവർ കാർസ് (DPCs)-ഉം എട്ട് ട്രെയിലർ കോച്ചസ്(TCs)-ഉം ഒരു ഹൈഡ്രജൻ ട്രെയിനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിലെ ഓരോ ഡിപിസിയിലും ഫ്യൂവൽ സെൽ, ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററി, ഹൈഡ്രജൻ സംഭരണ സിലിണ്ടറുകളും കൊടുത്തിരിക്കുന്നു.

ഹൈഡ്രജൻ നിറയ്ക്കാനുള്ള കംപ്രഷൻ ഇതിലുണ്ട്. കൂടാതെ സുഗമമായ പ്രവർത്തനത്തിനായി ആവശ്യമായ സാങ്കേതിക സഹായം, സ്പെയർ പാർട്സ്, തടസ്സമില്ലാത്ത റീഫ്യൂവലിംഗിനുള്ള സ്റ്റാൻഡ്ബൈ കംപ്രസറും സജ്ജീകരിച്ചിരിക്കുന്നു.

സ്രോതസ്സ്: പിഐബി

അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഹൈഡ്രജൻ ട്രെയിൻ ഡിസൈൻ ചെയ്തിരിക്കുന്നത്. NFPA-2 പോലുള്ള അഗ്നി സുരക്ഷാ മാനദണ്ഡങ്ങളും ISO 19880 സീരീസ് പോലുള്ള ആഗോള മാനദണ്ഡങ്ങളും ഇതിനുണ്ട്.

ജർമനിയിലെ പ്രമുഖ സാങ്കേതിക പരിശോധനാ സ്ഥാപനമായ TÜV SÜD സ്വതന്ത്ര പരിശോധനയും നടത്തി. ഇതിലൂടെ ഇന്ത്യയിലെ ഹൈഡ്രജൻ ട്രെയിനിന്റെ സംവിധാനത്തിന്റെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

ഇതുകൂടാതെ ഹൈഡ്രജൻ ട്രെയിനിന്റെ സുരക്ഷയ്ക്കായി എന്തൊക്കെ സംവിധാനങ്ങളാണ് ട്രെയിനിനൊപ്പമുള്ളതെന്ന് അറിയാം.

സ്രോതസ്സ്: പിഐബി

Hydrogen Train Safety Measures

  • ഹൈഡ്രജൻ ചോർച്ച കണ്ടെത്താൻ ലീക്ക് ഡിറ്റക്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്.
  • തീപിടിത്തം കണ്ടെത്താൻ ഫ്ലെയിം ഡിറ്റക്ടറുകളും തുടർച്ചയായി പ്രവർത്തിക്കുന്നതാണ്.
  • സ്ഥിരമായ പരിശോധനയും ശുചീകരണത്തിനുമായി സെക്യൂരിറ്റി സെൻസറുകളുണ്ട്.
  • എന്തെങ്കിലും അസാധാരണ സാഹചര്യങ്ങൾ (ചൂട്, തീ, പുക) കണ്ടെത്തിയാൽ ഹൈഡ്രജൻ വിതരണം ഓട്ടോമാറ്റിക്കായി നിർത്തിവയ്ക്കാനും സംവിധാനത്തിന് കഴിയും.
  • ട്രെയിനിനുള്ളിൽ വായു സഞ്ചാരം ഉറപ്പാക്കാൻ എപ്പോഴും വെന്റിലേഷൻ പ്രവർത്തിക്കുന്നു.
  • അടിയന്തര സാഹചര്യങ്ങളിൽ ട്രെയിൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ലോക്കോ പൈലറ്റിന്റെ കാബിനിൽ പ്രത്യേക സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
  • സുരക്ഷിത സർവീസിനായി കൃത്യമായ പരിശോധനയും പരിപാലന ഷെഡ്യൂളുകളും ഒരുക്കിയിരിക്കുന്നു.
  • ട്രെയിനിന്റെ മുഴുവൻ സിസ്റ്റത്തിന്റെയും ലൈവ് വർക്കിങ് സ്റ്റാറ്റസ് സ്ക്രീനിലൂടെ നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ട്.

(സ്രോതസ്സ്: പിഐബി)

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :