TRAI New Rule 2026
മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടാനുള്ള തയ്യാറെടുപ്പിലാണല്ലോ Jio, Airtel ഉൾപ്പെടുന്ന ടെലികോം കമ്പനികൾ. ഇന്ത്യയിടെ ടെലികോം മേഖലയിൽ കുത്തകയുള്ള ടെലികോം ഓപ്പറേറ്റർമാർക്ക് കടുത്ത പ്രഹരമായിരിക്കുകയാണ് TRAI. ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത, കേവലം കോളിങ് സൗകര്യം മാത്രം നൽകുന്ന പ്ലാനുകൾ കൊണ്ടുവരാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശം. സാധാരണക്കാരായ ഉപഭോക്താക്കൾക്കായി 30 ദിവസത്തെ വോയ്‌സ് ഒൺലി പാക്കേജുകളോ, മെസേജ് പായ്ക്കുകളോ അയക്കണമെന്നാണ് ട്രായിയുടെ ഉത്തരവ്. ജിയോ, എയർടെൽ പ്രത്യക്ഷമായും, മുന്നറിയിപ്പില്ലാതെയും താരിഫ് ഉയർത്തുന്നതിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് അധികൃതർ നടപടിയുമായി എത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയം.
നിലവിൽ എയർടെൽ, ജിയോ പോലുള്ള കമ്പനികളിൽ ഒരു മാസം വാലിഡിറ്റിയിൽ വോയിസ് ഓൺലി പ്ലാനുകളില്ല. കഴിഞ്ഞ വർഷം ട്രായിയുടെ കർശന നിർദേശത്തെ തുടർന്ന് രണ്ട് കമ്പനികളും രണ്ട് ദീർഘകാല വോയിസ് ഓൺലി പാക്കേജുകൾ അവതരിപ്പിച്ചു. എല്ലാ മാസവും ഒരേ തീയതിയിൽ തന്നെ പുതുക്കാൻ വോയിസ് ഓൺലി പ്ലാനില്ലാത്തതിനാൽ സാധാരണക്കാർക്ക് റീചാർജ് എന്നത് വലിയ ചെലവേറിയതാണ്. ഇതിന് ആശ്വസമാകുന്ന പുതിയ ഉത്തരവിനെ കുറിച്ച് വിശദമായി അറിയാം.
സ്മാർട്ട്‌ഫോൺ ഇല്ലാത്തവർക്കും മുതിർന്ന പൗരന്മാർക്കും വലിയ ആശ്വാസകരമാകുന്ന നീക്കമാണ് ഒടുവിൽ ടെലികോം അതോറിറ്റി സ്വീകരിച്ചത്. വിവിധ മേഖലകളിൽ നിന്നുള്ളവരുമായി നടത്തിയ ചർച്ചകൾക്കും 1,132 പ്രതികരണങ്ങൾ വിലയിരുത്തിയതിനും ശേഷമാണ് തിങ്കളാഴ്ച ട്രായ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷമാണ് ട്രായ് സാധാരണക്കാർക്ക് അനുകൂലമാകുന്ന ഈ അന്തിമ തീരുമാനമെടുത്തത്.
Also Read: ആകെയുള്ളത് 5000 യൂണിറ്റ് മാത്രം! Realme 16 Pro Harry Potter Edition 12 മണി മുതൽ വാങ്ങാം
ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്തവർക്ക് വോയ്‌സ്, എസ്എംഎസ് മാത്രമുള്ള റീചാർജ് ഓപ്ഷനുകൾ നിർബന്ധമായും നൽകാൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിലക്കുറവിൽ ടെലികോം സേവനങ്ങൾ ലഭ്യമാക്കുന്നതിനായാണ് നടപടി.
30 ദിവസവും അതിൽ കുറഞ്ഞ കാലാവധിയുമുള്ള റീചാർജ് പാക്കേജുകൾ അവതരിപ്പിക്കാനാണ് നിർദേശം. സാധാരണക്കാർക്ക് വലിയ തുകയ്ക്ക് ദീർഘകാല പ്ലാനുകൾ അനുയോജ്യമാകില്ല. അതിനാൽ മാസ പ്ലാനുകൾ ഡാറ്റയില്ലാതെ, ബജറ്റ് വിലയിൽ ലഭ്യമാക്കുന്നത് റീചാർജ് ചെലവ് കുറയ്ക്കാൻ സഹായിക്കും. ഇങ്ങനെ അവതരിപ്പിക്കുന്ന പ്രത്യേക താരിഫ് വൗച്ചറുകൾ (STVs) ഇന്റർനെറ്റ് വേണ്ടാത്തവർക്ക് അവരുടെ സാമ്പത്തിക ശേഷിയ്ക്ക് അനുസൃതമായി റീചാർജ് ചെയ്യാനുള്ള ഓപ്ഷനാകും. 2024-ലെ നിയമത്തിന് ശേഷം ഡാറ്റയില്ലാത്ത കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ ശരിക്കും എയർടെലിലും ജിയോയിലും ലഭിക്കില്ലെന്ന് തന്നെ പറയാം.
എപ്പോൾ മുതലാകും ഈ മാറ്റം വരുന്നതെന്ന് ഇനിയും വ്യക്തമല്ല. എന്നാലും ട്രായ് സാധാരണ ഒരു നിശ്ചിത സമയപരിധി ഇവർക്ക് കൊടുക്കാറുണ്ട്.