jio vs airtel vs bsnl
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ BSNL അഥവാ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വരിക്കാർക്കും തിരിച്ചടി! സ്വകാര്യ കമ്പനികൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ഇടയ്ക്കിടെ പ്രീപെയ്ഡ് പ്ലാൻ നിരക്കുകൾ കുത്തനെ കൂട്ടുന്നു. ഇതിനൊപ്പം സർക്കാർ ടെലികോം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും പ്ലാനുകളിൽ വലിയ മാറ്റം വരുത്തുകയാണ്. നിരക്ക് കൂട്ടിയില്ല, പകരം വാലിഡിറ്റി വെട്ടിക്കുറച്ച് പരോക്ഷമായ നിരക്ക് വർധനവാണ് പൊതുമേഖല ടെലികോം നടപ്പിലാക്കുന്നത്.
ബിഎസ്എൻഎല്ലിന്റെ ഏറ്റവും ജനപ്രിയ ഡാറ്റാ പ്ലാനുകളിലൊന്നായ 225 രൂപയുടെ പ്രീപെയ്ഡ് റീചാർജിലാണ് മാറ്റം. വലിയ നിരക്ക് വർധനവിൽ നിന്നും രക്ഷനേടാൻ ജിയോ, എയർടെൽ കണക്ഷനുകൾ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്ത (MNP) ലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കൾക്ക് ഇത് ഷോക്കാണെന്ന് പറയാം. സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന പ്ലാനുകളാണ് സാധാരണ പൊതുമേഖല ടെലികോം നൽകുന്നത്. എന്നാൽ 5ജി വിന്യസിക്കാൻ ഇനി കുറച്ചു മാസങ്ങൾ മാത്രം ശേഷിക്കെ വാലിഡിറ്റി കുറച്ചത് വീണ്ടും വരിക്കാരുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുമോ? ബിഎസ്എൻഎല്ലിന്റെ പുതുക്കിയ വാലിഡിറ്റിയും ഈ പാക്കേജിലെ ആനുകൂല്യങ്ങളും വിശദാംശങ്ങളും അറിയാം.
രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് 225 രൂപയുടെ പ്ലാൻ ഇപ്പോൾ ലഭ്യമാണ്. ഈ പ്ലാൻ വാലിഡിറ്റി കുറച്ചതിനാൽ അൽപം ചെലവേറിയതായെന്ന് പറയാം.
ബിഎസ്എൻഎല്ലിന്റെ 225 രൂപയുടെ പ്ലാനിന് ഇപ്പോൾ 28 ദിവസത്തെ സേവന കാലാവധിയാണുള്ളത്. മുമ്പ് ഈ പ്രീ പെയ്ഡ് പാക്കേജിന് 30 ദിവസത്തെ കാലാവധി അനുവദിച്ചിരുന്നു. അതിനാൽ കൃത്യം 30 ദിവസം നോക്കി പ്ലാൻ എടുത്തവർക്ക് ഇനി മുതൽ 225 രൂപ പാക്കേജ് അനുയോജ്യമാകില്ല.
Also Read: Moto G Max ഇന്ന് മുതൽ വാങ്ങാം; Snapdragon പ്രോസസറും 7000mAh ബാറ്ററിയും, ഓഫറുകൾ അറിയാം
ആനുകൂല്യങ്ങൾ 30 ദിവസം ലഭിച്ചത് പോലെ തന്നെ ഇനി 28 ദിവസത്തേക്ക് അനുവദിച്ചിരിക്കുന്നു. 28 ദിവസമാണ് 225 രൂപ പ്ലാനിന്റെ വാലിഡിറ്റി.
ബിഎസ്എൻഎല്ലിന്റെ 225 രൂപയുടെ പ്ലാനിൽ പ്രതിദിനം 2.5GB ഡാറ്റ ലഭ്യമാണ്. ഇത് നിലവിൽ 4ജി സ്പീഡിൽ ആസ്വദിക്കാം. റീചാർജ് പാക്കേജിൽ സർക്കാർ ടെലികോം അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 SMS ഓഫറുകളും ഉൾപ്പെടുത്തിയിരിക്കുന്നു. നിശ്ചിത പ്രതിദിന ഡാറ്റാ പരിധി തീർന്നാൽ ഇന്റർനെറ്റ് വേഗത കുറയുന്നു. ഈ പ്ലാനിൽ OTT സേവനങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. ഉപയോക്താക്കൾ അടിസ്ഥാന ടെലികോം സേവനങ്ങൾ ഉപയോഗിക്കുന്നതിനായുള്ള റീചാർജ് പാക്കേജാണിത്.
റീചാർജ് പാക്കേജിന്റെ തുകയിൽ മാറ്റമൊന്നുമില്ല. അതുപോലെ ഡാറ്റ, കോളിംഗ് ഓഫറുകൾ പഴയപടി തുടരുന്നു.
രണ്ട് ദിവസത്തെ കുറവ് വലിയൊരു വ്യത്യാസമായി തോന്നിയേക്കില്ല. എന്നാൽ വർഷത്തിൽ പലതവണ അല്ലെങ്കിൽ ഓരോ മാസവും ഈ റീചാർജ് തെരഞ്ഞെടുക്കുന്നവർക്ക് ഏകദേശം 20 ദിവസത്തിന് മുകളിൽ വാലിഡിറ്റി നഷ്ടപ്പെടുന്നതായി കണക്കാക്കാം.
ഈ പ്ലാനിന്റെ ശരാശരി പ്രതിദിന ചെലവ് 7.5 രൂപയായിരുന്നു. വാലിഡിറ്റിയിൽ മാറ്റം വന്നതോടെ ഇത് 8.03 രൂപയായി ഉയർന്നു. ടെലികോം കമ്പനിയുടെ ഓരോ വരിക്കാരനുമുള്ള ഉപയോക്താവിനുള്ള ശരാശരി വരുമാനം(ARPU) വർധിപ്പിക്കുന്നതിന് ഇത് കാരണമാണ്.