ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) വരിക്കാർക്ക് ലാഭകരമായ ഒരു വാർഷിക പ്ലാനിനെ കുറിച്ച് അറിയണോ? ചാർജ് നിരക്കുകളിൽ നിന്ന് ആശ്വാസം തേടുന്നവർക്കുള്ള ദീർഘകാല പ്ലാനാണ്. ജിയോയും എയർടെലും ചിന്തിക്കാത്തത്ര ലാഭകരമായ വാർഷിക പ്ലാനിൽ അൺലിമിറ്റഡ് ഓഫറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിദിനം വെറും 7.6 രൂപ മാത്രം ചെലവഴിച്ചുകൊണ്ട് ഒരു വർഷത്തെ വാലിഡിറ്റി ആസ്വദിക്കാം.
ഇടയ്ക്കിടെ റീചാർജിനായി മെനക്കെടേണ്ടെന്ന് മാത്രമല്ല, ഇതിൽ അൺലിമിറ്റഡ് കോളുകളും ബൾക്ക് ഡാറ്റയുമാണ് പൊതുമേഖല ടെലികോം ഓഫർ ചെയ്യുന്നത്. 2026 വർഷത്തിന് വേണ്ടി കമ്പനി പുറത്തിറക്കിയ പ്രത്യേക പ്ലാനാണിത്. എയർടെലിനും ജിയോയ്ക്കും ഒരുപോലെ വെല്ലുവിളിയാകുന്ന ഈ പ്രീ പെയ്ഡ് പ്ലാനിന്റെ ആനുകൂല്യങ്ങളും വിലയും അറിയാം.
മാസം 233 രൂപ മാത്രം ചെലവാകുന്ന പ്ലാനാണിത്. അതിനാൽ തന്നെ 250 രൂപയ്ക്ക് മുകളിലുള്ള മാസ പ്ലാൻ എടുക്കുന്നതുമായി താരതമ്യം ചെയ്താലും ഇത് ലാഭകരമാണ്. 365 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ്, ഡാറ്റ, എസ്എംഎസ് സേവനങ്ങൾ സർക്കാർ ടെലികോമിൽ നിന്ന് ലഭിക്കും. സാധാരണ എയർടെൽ, ജിയോ കമ്പനികളുടെ പ്ലാനുകളിൽ ദിവസച്ചെലവ് 10 രൂപയാണ്. അതേ സ്ഥാനത്ത് പൊതുമേഖല ടെലികോം 7.6 രൂപയ്ക്ക് ടെലികോം സേവനങ്ങൾ തരുന്നു. 2799 രൂപയാണ് ഈ വാർഷിക പ്ലാനിന്റെ ചെലവ്. എന്തൊക്കെ ആനുകൂല്യങ്ങളാണ് ഇതിൽ ബിഎസ്എൻഎൽ ഒരുക്കിയിരിക്കുന്നതെന്ന് നോക്കാം.
2799 രൂപയുടെ പ്ലാനിൽ പ്രതിദിനം 3 ജിബി ഡാറ്റ ആസ്വദിക്കാം. എന്നുവച്ചാൽ മുഴുവൻ വാലിഡിറ്റി കാലയളവിലും ആകെ 1095 ജിബി ഡാറ്റയാണ് പാക്കേജിലുള്ളത്. ബിഎസ്എൻഎല്ലിന്റെ സ്വദേശി 4ജി സ്പീഡിലുള്ള ഡാറ്റയാണ് ലഭിക്കുന്നത്.
എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡായി കോളിങ് സേവനവും കമ്പനി അനുവദിച്ചിട്ടുണ്ട്. ഇതിൽ ലോക്കൽ കോളുകളെന്നോ എസ്ടിഡി കോളുകളെന്നോ വ്യത്യാസമില്ല. ലിമിറ്റില്ലാതെ ഇൻകമിങ്, ഔട്ട്ഗോയിങ് കോളുകൾ ആസ്വദിക്കാനാകും. പ്രതിദിനം 100 എസ്എംഎസ് ആനുകൂല്യങ്ങളും 2799 രൂപ പാക്കേജിൽ ടെലികോം ഉൾപ്പെടുത്തിയിരിക്കുന്നു.
ജിയോ അൺലിമിറ്റഡ് ഡാറ്റ ഉൾപ്പെടെ തരുന്ന വില കുറഞ്ഞ വാർഷിക പ്ലാനാണ് 3599 രൂപയുടേത്. അൺലിമിറ്റഡ് 5G ഡാറ്റയും സൗജന്യ കോളുകളും എസ്എംഎസും ജിയോ തരുന്നു. ജിയോ ടിവി പോലുള്ള കോംപ്ലിമെന്ററി ഓഫറുകൾ കൂടി ഇതിലുണ്ട്.
ജിയോയെ അപേക്ഷിച്ച് ബിഎസ്എൻഎൽ പ്ലാനിൽ വർഷം 800 രൂപ ലാഭിക്കാം. എന്നാലും ജിയോയുടെ പ്രധാന ആകർഷണം അവരുടെ അതിവേഗ 5G ഇന്റർനെറ്റ് സേവനവും ബോണസ് ഓഫറുകളുമാണ്. എന്നാൽ ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും, അധികം ഡാറ്റ ആവശ്യമില്ലാത്തവർക്കും പണം ലാഭിക്കുന്നത് ബിഎസ്എൻഎല്ലിന്റെ പ്ലാനിലാണ്.