സാംസങ്ങിനോട് പറഞ്ഞേര്! ആപ്പിളിന്റെ കന്നി ഫോൾഡ് ഫോണെത്തിയെന്ന്, iPhone Duo വില 3 ലക്ഷമോ?

മുൻവർഷങ്ങളിലെ Apple Event ന് ശേഷം സാംസങ് പരിഹസിക്കുന്നത് ‘നിങ്ങൾ മടക്കുന്ന ഫോൺ ഇറക്കുമ്പോൾ പറ’ എന്നാണ്. പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജോൺ ടെർനസ് അധികാരമേറ്റ ആദ്യ ആപ്പിൾ ലോഞ്ച് ഇവന്റിൽ തന്നെ കമ്പനി സാംസങ്ങിന് മറുപടി കൊടുത്തു. കുറച്ചധികം വൈകിയെങ്കിലും, ആപ്പിൾ തങ്ങളുടെ ആദ്യ മടക്ക് ഫോൺ iPhone Duo അവതരിപ്പിച്ചു. അത്യാധുനിക ഹിഞ്ച് ഡിസൈനിൽ നിർമിച്ചിരിക്കുന്നതിനാൽ ഇത് സാധാരണ ഫോൾഡ് ഫോണുകളിൽ നിന്ന് വ്യത്യസ്തമാണ്. എന്തൊക്കെയാണ് ആപ്പിളിന്റെ ഈ അത്ഭുത ഫോണിന്റെ സവിശേഷതകളെന്നും ഇന്ത്യയിലെ വിലയും അറിയാം.

iPhone Duo Specifications

ഐഫോൺ ഡുവോയിൽ 7.6 ഇഞ്ച് വലിപ്പമുള്ള സൂപ്പർ റെറ്റിന XDR ഇന്നർ ഡിസ്‌പ്ലേയും 5.4 ഇഞ്ച് ഔട്ടർ പാനലുമാണുള്ളത്. രണ്ട് സ്‌ക്രീനുകളും പ്രോ മോഷൻ ഓൾവേയ്‌സ്-ഓൺ ഫീച്ചറുള്ളവയാണ്. ആപ്പിൾ ഇന്നർ ഡിസ്‌പ്ലേയിൽ ‘നാനോ-ടെക്സ്ചർ ഫിനിഷ്’ കൊടുത്തിട്ടുണ്ട്. ഇത് ഫോണിന്റെ മടക്ക് അടയാളം അറിയാതിരിക്കാനും പ്രതിഫലനം കുറയ്ക്കുന്നതിനുമായാണ്.

ഡ്യുവോ ഫോണിൽ രണ്ട് ക്യാമറകളാണ് പിൻവശത്തുള്ളത്. സെൻസർ-ഷിഫ്റ്റ് സ്റ്റെബിലൈസേഷനും 2x ഒപ്റ്റിക്കൽ-ക്വാളിറ്റി സൂമും ഉള്ള 48MP ഫ്യൂഷൻ മെയിൻ ക്യാമറയുണ്ട്. ഇതിനൊപ്പം 48 മെഗാപിക്സൽ ഫ്യൂഷൻ അൾട്രാ വൈഡ് ക്യാമറയും വരുന്നു. 120fps-ൽ 4K വീഡിയോ റെക്കോർഡിങ് ഫോൺ സപ്പോർട്ട് ചെയ്യുന്നു.

ഗ്രേഡ് 5 ടൈറ്റാനിയത്തിൽ നിർമിച്ചിരിക്കുന്ന ഫോൾഡ് ഫോണിൽ സെറാമിക് ഷീൽഡ് പ്രൊട്ടക്ഷനും IP68 റേറ്റിംഗും വരുന്നു. ഇതിൽ ഫേസ് ഐഡിക്ക് പകരം ടച്ച് ഐഡി സൈഡ് ബട്ടണിൽ നൽകിയിരിക്കുന്നു. ഫോണിലെ ഹിഞ്ച് സിസ്റ്റം ഫോൺ തുറക്കുന്നതും അടയ്ക്കുന്നതുമായ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു.

2nm A20 പ്രോ ചിപ്പാണ് ഈ ഫോണിലുമുള്ളത്. ഐഫോൺ 18 പ്രോ, പ്രോ മാക്സ് മോഡലുകളിലും ഇത് തന്നെയാണ് ഉൾപ്പെടുത്തിയത്. ഇന്നർ സ്‌ക്രീനിൽ 31 മണിക്കൂർ വരെയും ഔട്ടർ ഡിസ്‌പ്ലേയിൽ 44 മണിക്കൂർ വരെയും വീഡിയോ പ്ലേബാക്ക് സപ്പോർട്ടുണ്ട്. C2 മോഡത്തിലാണ് ഇപ്പോഴെത്തിയ ഐഫോൺ ഡുവോ പ്രവർത്തിക്കുന്നത്.

ആപ്പിൾ പെൻസിൽ സപ്പോർട്ട് മടക്ക് ഫോണിൽ ഈ വർഷം അവസാനത്തോടെ ലഭ്യമാകുമെന്നാണ് സൂചന.

Also Read: AirPods 5, എയർപോഡ്സ് 5 വയർലെസ് ചാർജിങ്; രണ്ട് പ്രീമിയം ഇയർഫോണുകൾ എത്തി

വിലയും വിൽപ്പനയും

സ്റ്റാർ വൈറ്റ്, നൈറ്റ് സ്കൈ എന്നീ നിറങ്ങളിൽ ഫോണുകൾ ലഭ്യമാകും. ശരിക്കും പ്രതീക്ഷകളെ എല്ലാം മറികടന്ന് മൂന്ന് ലക്ഷത്തിന് അടുത്താണ് ഫോണിന്റെ വില. 2,99,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 256GB, 512GB, 1TB, 2TB എന്നിങ്ങനെ നാല് കോൺഫിഗറേഷനുകളിൽ ലഭിക്കും.

ഒക്ടോബർ 16-ന് പ്രീ ബുക്കിങ്ങും ഒക്ടോബർ 23-ന് വിൽപ്പനയും സംഘടിപ്പിച്ചിരിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :