ആധാർ കാർഡിലെ ഫോൺ നമ്പർ എങ്ങനെ മാറ്റാം?

ആധാർ കാർഡിലെ ഫോൺ നമ്പർ എങ്ങനെ മാറ്റാം?
HIGHLIGHTS

ആധാർ കാർഡിലെ ഫോൺ നമ്പർ ഓൺലൈനായി മാറ്റാൻ സാധിക്കില്ല

ആധാർ എൻറോൾമെന്റ് കേന്ദ്രത്തിൽ ചെന്ന് വേണം നമ്പർ മാറ്റേണ്ടത്

അപേക്ഷ നൽകിയാൽ 90 ദിവസത്തിനകം ഫോൺ നമ്പർ മാറും

ആധാർ കാർഡു(Aadhaar Card)മായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം കൃത്യവും സുരക്ഷിതവുമായിരിക്കാൻ വേണ്ടിയാണ് ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അറിയിക്കാറുണ്ട്. നിങ്ങൾക്ക് ആധാർ വിശദാംശങ്ങൾ ഓൺലൈനിലോ ഓഫ്‌ലൈനായോ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും. ചില കാര്യങ്ങൾ മാത്രമേ ഓൺലൈനായി നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യാൻ സാധിക്കുകയുള്ളു. ആധാർ കാർഡി (Aadhaar Card) ലെ ബയോമെട്രിക്ക് അടക്കമുള്ള ചില കാര്യങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ നമ്മൾ അടുത്തുള്ള ആധാർ എൻറോൾമെന്റ് കേന്ദ്രത്തിലേക്ക് തന്നെ പോകേണ്ടി വരും.

പേര്, വിലാസം, ജനനതിയ്യതി, ലിംഗഭേദം, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവയെല്ലാം ഇത്തരത്തിൽ ആധാർ എൻറോൾമെന്റ് സെന്ററിൽ പോയി മാത്രം മാറ്റാവുന്ന കാര്യമാണ്. ഫോൺ നമ്പർ നിങ്ങൾക്ക് ഓൺലൈനായി സ്വയം അപ്ഡേറ്റ് ചെയ്യാൻ സാധിക്കുകയില്ല.

ആധാർ കാർഡിലെ ഫോൺ നമ്പർ എങ്ങനെ മാറ്റാം

അടുത്തിടെ ആധാർ കാർഡി (Aadhaar Card)ലെ വിവരങ്ങൾ പുതുക്കുന്നതിനുള്ള സമയം 2023 ജൂൺ 14 വരെ നീട്ടിയിട്ടുണ്ടെന്ന് യുഐഡിഎഐ അറിയിച്ചിരുന്നു. ആളുകൾക്ക് അവരുടെ ഐഡന്റിറ്റി പ്രൂഫും അഡ്രസ് പ്രൂഫും ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും. മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നത് ഓൺലൈനായി ചെയ്യാൻ കഴിയില്ല. ആധാർ എൻറോൾമെന്റ് കേന്ദ്രം സന്ദർശിച്ച് ഫിസിക്കൽ വെരിഫിക്കേഷൻ നടത്തിയാൽ മാത്രമേ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ

മറ്റുള്ളവരുടെ ആധാർ കാർഡി (Aadhaar Card) ന്റെ നമ്പർ മാറ്റി തട്ടിപ്പുകൾ നടത്താതിരിക്കാൻ വേണ്ടിയാണ് മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനം ആധാർ എൻറോൾമെന്റ് കേന്ദ്രത്തിലൂടെ മാത്രമാക്കിയിരിക്കുന്നത്. നിങ്ങൾ സിം കാർഡ് മാറ്റുകയോ മറ്റൊരു നമ്പരിലേക്ക് ആധാർ കാർഡ് (Aadhaar Card) ലിങ്ക് ചെയ്യാൻ ആഗ്രഹിക്കുകയോ ചെയ്യുന്നുവെങ്കിൽ അടുത്തുള്ള എൻറോൾമെന്റ് സെന്ററിൽ പോയാൽ മതി. എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്ന് നോക്കാം.

ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതെങ്ങനെ

  • നിങ്ങളുടെ അടുത്തുള്ള ആധാർ സേവാ കേന്ദ്രം/ ആധാർ കാർഡ് സെന്ററിലേക്ക് പോവുക. ഇത്തരം സെന്ററുകൾ കണ്ടെത്താൻ uidai.gov.in എന്ന വെബ്സൈറ്റിലെ "ഫൈൻഡ് എൻറോൾമെന്റ് സെന്റർ" എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി.
  • മൊബൈൽ നമ്പർ മാറ്റാനായി പൂരിപ്പിച്ച് നൽകേണ്ട ഫോം ആധാർ ഹെൽപ്പ് എക്സിക്യൂട്ടീവ് നൽകും.
  • ഫോം പൂരിപ്പിച്ച് ഒരിക്കൽ കൂടി പരിശോധിച്ച് ആധാർ എക്സിക്യൂട്ടീവിന് സമർപ്പിക്കുക.
  • അപ്‌ഡേറ്റിനായി നിങ്ങൾ 50 രൂപ നൽകേണ്ടി വരും, ഇത് ആധാർ എക്സിക്യൂട്ടീവിന്റെ പക്കൽ ഏൽപ്പിക്കുക.
  • അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പർ (യുആർഎൻ) അടങ്ങുന്ന ഒരു സ്ലിപ്പ് ആധാർ എക്സിക്യൂട്ടീവ് നിങ്ങൾക്ക് നൽകും.
  • നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാൻ നൽകിയിരിക്കുന്ന യുആർഎൻ ഉപയോഗിക്കാം.
  • സ്റ്റാറ്റസ് അറിയാൻ myaadhaar.uidai.gov.in/ എന്ന വെബ്സൈറ്റിൽ കയറി ചെക്ക് എൻറോൾമെന്റ് & അപ്‌ഡേറ്റ് സ്റ്റാറ്റസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കു.
  • നിങ്ങളുടെ യുആർഎൻ നമ്പറും ക്യാപ്‌ചയും നൽകുക.
  • 90 ദിവസത്തിനുള്ളിൽ നിങ്ങളുടെ മൊബൈൽ നമ്പർ UIDAI ഡാറ്റാബേസിൽ അപ്ഡേറ്റ് ചെയ്യപ്പെടും.

Nisana Nazeer
Digit.in
Logo
Digit.in
Logo