Temple Device brain tracking
സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയലും ബാഡ്മിന്റൺ താരം പി വി സിന്ധുവും നെറ്റിയിൽ ധരിച്ച കുഞ്ഞൻ ഉപകരണം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതുവരെയും അധികം ആരും കണ്ടിട്ടില്ലാത്ത ഒരു വലിയ പൊട്ടിന്റെ ആകൃതിയിലുള്ള Temple Device ആണിത്. തലച്ചോറിലെ രക്തപ്രവാഹം നിരീക്ഷിക്കുന്നതാണ് ഇതിന്റെ പ്രാഥമിക ഉപയോഗം. മാനസിക സമ്മർദ്ദവും മസ്തിഷ്ക ആരോഗ്യവും സ്വയം വിലയിരുത്താൻ സഹായിക്കുന്ന ടെക്നോളജിയുടെ ആദ്യത്തേതും പുതിയതുമായ സ്മാർട്ട് ഡിവൈസാണിത്. എന്നാൽ ഈ കുഞ്ഞൻ വിചിത്ര വസ്തു ശരിക്കും ആരോഗ്യത്തിന് ഫലപ്രദമാണോ? എന്താണ് പ്രമുഖ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് കൂടി അറിയാം.
സോമാറ്റോ സഹസ്ഥാപകനും ഇറ്റേണൽ മുൻ സിഇഒയുമായ ദീപീന്ദർ ഗോയൽ വികസിപ്പിച്ചെടുത്ത ഈ വെയറബിൾ ഡിവൈസ് ഇപ്പോൾ വിപണനത്തിന് എത്തിയിട്ടില്ല. എന്നാൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ ഇപ്പോൾ പലരും ഉപയോഗിക്കുന്നുണ്ട്. ചെവിക്കും കണ്ണിനും ഇടയിൽ ടെമ്പിൾ എന്ന ശരീരഭാഗത്താണ് ഇത് ഒട്ടിച്ചുവയ്ക്കുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടവും ഓക്സിജന്റെ അളവും ടെമ്പിൾ നിരീക്ഷിക്കുന്നു. ഗോയലിന്റെ Gravity Ageing Hypothesis എന്ന ആശയവുമായി ബന്ധപ്പെട്ട ഗവേഷണത്തിന്റെ ഭാഗമായാണ് ടെമ്പിൾ വികസിപ്പിച്ചെടുത്തത്. ഗുരുത്വാകർഷണം മൂലം മനുഷ്യന്റെ ജീവിതകാലത്തിൽ മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹവും ageing ഉം ബാധിക്കുമെന്ന ആശയത്തിലാണ് ഇങ്ങനെയൊരു സ്മാർട്ട് ഡിവൈസ് പരീക്ഷിക്കുന്നത്. എന്നാൽ ഇത് ശാസ്ത്രത്തിൽ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടില്ല.
വ്യക്തിഗത ആരോഗ്യരംഗത്തിൽ ഇത് വിപ്ലവകരമായ ഒരു മുന്നേറ്റമായാണ് അവതരിപ്പിക്കുന്നത്. എങ്കിലും നാഡീസംബന്ധമായ ആരോഗ്യത്തിനായി ഈ ഉപകരണത്തെ പൂർണമായി ആശ്രയിക്കാമോ എന്നാണ് പലരും സംശയം ഉന്നയിക്കുന്നത്.
ടെമ്പിൾ ഡിവൈസിന്റെ ക്ലിനിക്കൽ ശാസ്ത്രീയ വശങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ ടെമ്പിൾ ഡിവൈസിന് പരിമിതികളുണ്ടോ? എയിംസിൽ പരിശീലനം ലഭിച്ച ന്യൂറോ സർജൻ ഡോ. അരുൺ എൽ. നായിക് എൻഡിടിവിയോട് വിശദീകരിച്ച കണ്ടെത്തലുകൾ ഇതിലേക്ക് കൂട്ടിച്ചേർക്കുന്നു. ന്യൂറോസർജൻമാർ ശസ്ത്രക്രിയയ്ക്കിടെ തലച്ചോറിലെ ഓക്സിജന്റെ അളവ് അളക്കാൻ പ്രകാശത്തെ അടിസ്ഥാനമാക്കിയുള്ള സെൻസറുകളാണ് ഉപയോഗിക്കാറുള്ളത്.
തലച്ചോർ പ്രവർത്തിക്കുന്നത് ആഴത്തിലുള്ള ധമനികളായ internal carotid arteries-ലൂടെയും vertebral arteries വഴിയുമാണ്. എന്നാൽ ടെമ്പിൾ ചർമത്തിന് താഴെയുള്ള superficial temporal artery യിലൂടെയാണ് ഇത് നിരീക്ഷിക്കുന്നതെന്ന് കരുതാം. തലച്ചോറിലേക്കുള്ള രക്തപ്രവാഹം അളക്കാൻ ചർമം കടന്ന് തലയോട്ടി, രക്തക്കുഴലുകളും പേശിയുമെല്ലാം പ്രകാശ സെൻസറുകൾക്ക് ആവശ്യമായിട്ടുണ്ട്. അതിനാൽ തന്നെ നേരിട്ട് അളവെടുക്കാൻ ഇതിന് സാധിക്കുന്നില്ല. നമ്മൾ കിടക്കുമ്പോഴും എഴുന്നേറ്റ് നിൽക്കുമ്പോഴും രക്തയോട്ടം നിയന്ത്രിക്കാൻ ശരീരത്തിന് തന്നെ സംവിധാനമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. 23 പേരെ മാത്രം ഉൾപ്പെടുത്തിയുള്ള പഠനമാണ് കമ്പനി നടത്തിയിരുന്നത്. ഇത് ക്ലിനിക്കൽ വാലിഡേഷൻ നിരീക്ഷണമായി കണക്കാക്കാനാകില്ല. ടെമ്പിൾ ഡിവൈസ് ഒരു വെൽനെസ് പ്രൊഡക്റ്റ് ആണെന്നും, മെഡിക്കൽ ഉപകരണമല്ലെന്നും FDA, CDSCO അംഗീകാരം നേടിയിട്ടില്ലെന്നും ഡോ.അരുൺ എൽ നായിക് വ്യക്തമാക്കി.
അതേ സമയം ടെമ്പിൾ ഡിവൈസ് ഇന്ത്യയിൽ ഇപ്പോൾ വാങ്ങാൻ ലഭ്യമല്ല. പരീക്ഷണാടിസ്ഥാനത്തിലുള്ള ടെമ്പിൾ ഡിവൈസിന് ഇന്ത്യയിലും വിദേശത്തും ക്ലിയറൻസ് ലഭിച്ചിട്ടില്ല എന്നാണ് വിവരം.