AI generated Image
ബിഎസ്എൻഎൽ അഥവാ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വരിക്കാർ കാത്തിരുന്ന ആ ശുഭവാർത്തയെത്തി. BSNL 5G-യ്ക്കായി ഇനി അഞ്ചാറ് മാസത്തെ കാത്തിരിപ്പ് മാത്രം മതി. ഭാരതീയ പൊതുമേഖലാ ടെലികോം കമ്പനി 4ജി നെറ്റ്‌വർക്ക് അതിവേഗം വ്യാപിപ്പിക്കുന്നതിനൊപ്പം തന്നെ 5ജി അവതരിപ്പിക്കാനും തയ്യാറെടുക്കുന്നു. സ്വകാര്യ കമ്പനികളുടെ റീച്ചാർജ് നിരക്കുകൾ വർധിച്ച പശ്ചാത്തലത്തിൽ ഇന്ത്യയിലെ മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് ആശ്വാസമേകുന്ന വാർത്തയാണിത്. ഇന്ത്യൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ച സ്വദേശി 4ജി പോലെ 5ജിയും വ്യത്യസ്തമായിരിക്കും. സ്വകാര്യ ടെലികോം കമ്പനികളേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് താങ്ങാനാവുന്ന 5ജി പ്ലാനുകളും ബിഎസ്എൻഎൽ കമ്പനിയിൽ നിന്ന് പ്രതീക്ഷിക്കാം. സർക്കാർ ടെലികോമിന്റെ 5ജി ലോഞ്ചിനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇവിടെ നൽകുന്നു.
ദി ഹിന്ദുവിലാണ് ബിഎസ്എൻഎൽ 5ജിയെ കുറിച്ചുള്ള അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. അടുത്ത അഞ്ച് മുതൽ ആറ് മാസത്തിനുള്ളിൽ ആന്ധ്രാപ്രദേശിൽ 5G സേവനങ്ങൾ ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ആന്ധ്രാപ്രദേശ് സർക്കിൾ ചീഫ് ജനറൽ മാനേജർ എം. ശേഷാചലം നടത്തിയ വാർത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം വിശദമാക്കിയത്.
5G പരീക്ഷണങ്ങൾ ഇതിനകം നടപ്പിലാക്കുകയാണെന്നും, ഇവ മികച്ച ഫലങ്ങളാണ് നൽകുന്നതെന്നും എം ശേഷാചലം വ്യക്തമാക്കി. അതിനാൽ നിശ്ചയിച്ചതുപോലെ തന്നെ സേവനം ലഭ്യമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ആന്ധ്രയിലുടനീളം 4G ശൃംഖല വിപുലീകരിക്കാനും ഡിജിറ്റൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്താനുമുള്ള നടപടികളും ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
ദേശീയതലത്തിൽ ബിഎസ്എൻഎല്ലിന് ഏകദേശം ഒരു ലക്ഷത്തോളം 4ജി ടവറുകളുണ്ടെന്നും ചീഫ് ജനറൽ മാനേജർ ശേഷാചലം കൂട്ടിച്ചേർത്തു. സാച്ചുറേഷൻ പദ്ധതിക്ക് കീഴിൽ, ഉൾനാടുകളിലേക്കും 4ജി സേവനങ്ങൾ ലഭ്യമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 77,000 കോടി രൂപ ചെലവഴിച്ച് രാജ്യത്ത് വൻതോതിലുള്ള നെറ്റ്‌വർക്ക് വികസന പദ്ധതിയും സർക്കാർ ടെലികോം ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇതിന്റെ ഭാഗമായി 2 ലക്ഷം പുതിയ 4G സൈറ്റുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. DoT എന്ന ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ പിന്തുണയും ബിഎസ്എൻഎല്ലിന് ലഭിച്ചേക്കുമെന്നാണ് വിവരം.
Also Read: Ration Card ൽ പുതിയ അംഗത്തെ ചേർക്കണോ? മൊബൈൽ ഫോണിലൂടെ വെറും 6 സ്റ്റെപ്പ് മതി
അതേ സമയം കൂടുതൽ വരിക്കാരെ ആകർഷിക്കാനുള്ള സർക്കാർ ടെലികോമിന്റെ പദ്ധതികളും ഇപ്പോൾ നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി ഇത്തവണത്തെ സ്വാതന്ത്ര്യദിന ഓഫറായി വീണ്ടും 1 രൂപ ഫ്രീഡം പ്ലാൻ കമ്പനി അവതരിപ്പിച്ചിരുന്നു. വെറും ഒരു രൂപയ്ക്ക് ഒരു ബിഎസ്എൻഎൽ സിം എടുക്കാനുള്ള ഓഫറാണിത്. ഇങ്ങനെ അൺലിമിറ്റഡ് കോളിങ്, ഡാറ്റ, എസ്എംഎസ് ഓഫറുകൾ പൊതുമേഖല ടെലികോമിൽ നിന്ന് ലഭിക്കും. എന്നാൽ ഒരു മാസത്തിന് പകരം 24 ദിവസമാണ് പ്ലാനിലെ വാലിഡിറ്റി.