PM Modi യുടെ വീഡിയോ നീക്കം ചെയ്തതിൽ കേന്ദ്രത്തോട് മാപ്പ് പറഞ്ഞ് Meta

ഫേസ്ബുക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി(PM Modi) യുടെ വീഡിയോ താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി Meta. നീറ്റ് പരീക്ഷാക്രമക്കേടുകൾക്ക് എതിരെ CJP, GenZ നടത്തിയ സമരത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി ഇൻസ്റ്റ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ചോദ്യപേപ്പർ ചോർച്ച തടയാൻ കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് അർധരാത്രി പോസ്റ്റ് ചെയ്ത വീഡിയോയിൽ പ്രധാനമന്ത്രി അറിയിച്ചത്. എന്നാൽ പിന്നീട് ഈ വീഡിയോ മെറ്റ നീക്കം ചെയ്തത് കേന്ദ്രസർക്കാരിന്റെ ഇടപെടലിന് കാരണമായി. സംഭവത്തെ കേന്ദ്ര സർക്കാർ ഗൗരവമായി എടുത്തതിനാൽ എന്തിനാണ് വീഡിയോ നീക്കം ചെയ്തതെന്നതിൽ ഫേസ്ബുക്ക് കമ്പനിയോട് വിശദീകരണം തേടി. ഇക്കാര്യത്തിലാണ് മെറ്റ ഇന്ത്യൻ ഗവൺമെന്റിനോട് നിലവിൽ ക്ഷമാപണം നടത്തിയത്.

PM Modi Video നീക്കം ചെയ്ത് മെറ്റ

NEET ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ യുവാക്കളെ അഭിസംബോധന ചെയ്താണ് മോദി വീഡിയോ പുറത്തിറക്കിയത്. അർധരാത്രിയിൽ പോസ്റ്റ് ചെയ്ത വീഡിയോ മിശ്രിത പ്രതികരണങ്ങൾക്ക് വഴി വച്ചിരുന്നു. എന്നാൽ വീഡിയോ നീക്കം ചെയ്തതിൽ കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം (MeitY) മെറ്റയോട് വിശദീകരണം തേടി. കമ്പനിയുടെ ഗ്ലോബൽ ഹെഡ് ഓഫ് പബ്ലിക് പോളിസിയെ വിശദീകരണത്തിനായി വിളിച്ചുവരുത്തിയതായും റിപ്പോർട്ടുകളുണ്ട്. സാങ്കേതിക പിഴവ് മൂലം കുറച്ചുസമയത്തേക്ക് വീഡിയോ അപ്രത്യക്ഷമായെന്നാണ് മെറ്റ കേന്ദ്രത്തിനെ അറിയിച്ചത്. ഉള്ളടക്കം അബദ്ധത്തിൽ നീക്കം ചെയ്യപ്പെട്ടതാണെന്നും അത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഉടനെ പുനഃസ്ഥാപിച്ചുവെന്നും കമ്പനി വിശദമാക്കി.

Also Read: Flipkart Freedom Sale 2026 എത്തുന്നു!ഗാഡ്ജറ്റുകളും വീട്ടുപകരണങ്ങളും ഓഫറിൽ വാങ്ങാൻ അവസരം

എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ മോദിയുടെ വീഡിയോ നീക്കം ചെയ്തതിന് എതിരെ ആളുകൾ ആശങ്ക ഉന്നയിച്ചു. രാജ്യത്തെ പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തെങ്കിൽ സാധാരണ ആളുകളുടെ കാര്യമെന്താകുമെന്ന് ചിലർ ആരോപിച്ചു. അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോയ്ക്ക് ശേഷം നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു. പതിവ് വിട്ട് അദ്ദേഹം ഫ്രണ്ട്സ് എന്ന് അഭിസംബോധന ചെയ്തതും, സംഭാഷണം വളരെ മന്ദഗതിയിലാക്കിയത് ടെലിപ്രോംപ്റ്ററിന്റെ സ്പീഡ് കുറച്ചതിനാലാണെന്നും തരത്തിൽ ട്രോളുകളും പ്രതികരണ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

“ഫ്രണ്ട്സ്, ചോദ്യപേപ്പർ ചോർച്ച ഒരു സാധാരണ വിഷയമല്ല എന്നത് എനിക്കറിയാം. ഇത് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഏറെ വേദനയുണ്ടാക്കുന്ന കാര്യമാണ്.” നീറ്റ് പരീക്ഷയിലെ പിഴവുകളും ക്രമക്കേടുകളും പരിഹരിക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതിയും കർശന ശിക്ഷയ്ക്കുള്ള വ്യവസ്ഥകളും കൊണ്ടുവരുന്നതായും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കി.

Meta Explanation Latest Update

മെറ്റ നൽകിയ വിശദീകരണം കേന്ദ്ര സർക്കാർ തള്ളിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സാങ്കേതിക പിഴവ് മൂലം അബദ്ധത്തിൽ നീക്കം ചെയ്തതാണെന്നാണ് മെറ്റ കേന്ദ്രത്തിന് നൽകിയ മറുപടി. എന്നാൽ ഈ വിശദീകരണം കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. മെറ്റ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് പ്രതികരിച്ച കേന്ദ്രം, വിഷയം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും കൂടുതൽ പരിശോധനയും വിശദീകരണവും ആവശ്യമാണെന്നും അറിയിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :