fifa world cup 2026 live streaming india
ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ കാത്തിരുന്ന ആ സന്തോഷ വാർത്ത ഒടുവിൽ എത്തി! FIFA World Cup 2026 ലൈവ് സ്ട്രീമിങ് റിലയൻസ്-ഡിസ്നി സഖ്യമായ ജിയോഹോട്ട്സ്റ്റാറിനെ മറികടന്ന് മറ്റൊരു പ്രമുഖ ഒടിടി പ്ലാറ്റ്ഫോം സ്വന്തമാക്കിയിരിക്കുന്നു. കാൽപ്പന്തുകളിയുടെ ആവേശം ഇന്ത്യക്കാർക്ക് കാണാൻ ഒരു വഴിയുമില്ലേ എന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ മെസ്സിയും റൊണാൾഡോയും നെയ്മറും പന്തുരട്ടി ഗോൾവലയത്തിലേക്ക് കടത്തുന്ന നിമിഷങ്ങൾ നഷ്ടപ്പെടുത്താതെ, ഇത്തവണ തത്സമയ സംപ്രേഷണം ചെയ്യുന്നതാരെന്ന് അറിയാമോ?
പ്രമുഖ നെറ്റ്‌വർക്കായ സീ എന്റർടൈൻമെന്റ് ആണ് ഇത്തവണ ഇന്ത്യയുടെ സ്ട്രീമിങ് സ്വന്തമാക്കിയത്. അംബാനിയുടെ ഒടിടിയെ മറികടന്ന് അടുത്ത എട്ട് വർഷത്തേക്കുള്ള ഫിഫ ടൂർണമെന്റുകളുടെ കരാറാണ് സീ എന്റർടെയ്ൻമെന്റ് നേടിയെടുത്തത്. എന്നാൽ മൊബൈലിലും മറ്റും കാണണമെങ്കിൽ ഏത് ഒടിടി പ്ലാറ്റ്ഫോമിലാണ് ഫിഫ ലോകകപ്പ് കാണാനാകുന്നതെന്ന് നോക്കാം.
ഇന്ത്യയിൽ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ കാണാനാകുമോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ മത്സരം കൊടിയേറുന്നതിന് ഒരാഴ്ച മുമ്പേ കരാർ സ്വന്തമാക്കിയിരിക്കുതയാണ് സീ എന്റർടെയിൻമെന്റ്. ജൂൺ 11-ന് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ വെച്ച് ആരംഭിക്കുന്ന ആവേശപ്പോരാട്ടങ്ങൾ എങ്ങനെ ഇന്ത്യക്കാരിലേക്ക് എത്തുമെന്നല്ലേ!
ഒടിടി പ്ലാറ്റ്ഫോമിലും ടിവി ചാനലിലും നിങ്ങൾക്ക് ലോകകപ്പ് തത്സമയം കാണാനാകും. ZEE ലിമിറ്റഡിന്റെ പുതിയ കായിക ചാനലായ യുണൈറ്റ്8 സ്‌പോർട്‌സിൽ ഫുട്ബോൾ ആവേശം സംപ്രേഷണം ചെയ്യുന്നു. ഫുട്ബോളിന്റെ മാമാങ്കം സീ5 എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയും ആസ്വദിക്കാം. 8 വർഷത്തേക്കുള്ള നീണ്ട കരാറായതിനാൽ ഇപ്രാവശ്യത്തെ ലോകകപ്പ് മത്സരം മാത്രമല്ല സീ5 സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത വർഷത്തെ വനിതാ ലോകകപ്പ്, 2026, 2030 വർഷങ്ങളിൽ നടക്കുന്ന പുരുഷ ലോകകപ്പും 2034 വരെയുള്ള ഫിഫ മത്സരങ്ങളും സീ5, യുണൈറ്റ്8 സ്‌പോർട്‌സ് വഴി ഇന്ത്യയിലിരുന്ന് കാണാം.
Also Read: കളി മാറും? ലെയ്ക ക്യാമറയും 6500mAh ബാറ്ററിയുമായി Xiaomi 17T ഇന്ത്യയിലേക്ക്!
ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ അർധരാത്രിയിലാണ് സംപ്രേഷണം ചെയ്യുക. ഇത് പല ഇന്ത്യൻ ചാനലുകളും കരാർ വാങ്ങുന്നതിൽ നിന്ന് പിൻവലിച്ചു. ഫിഫയുമായി സംപ്രേഷണാവകാശ തുകയിൽ വന്ന പ്രശ്നങ്ങളാണ് ജിയോഹോട്ട്സ്റ്റാറിലും സ്ട്രീമിങ് ലഭ്യമാക്കാത്തത്.
ഇന്ത്യയിലെ സംപ്രേഷണാവകാശത്തിനായി ഫിഫ തുടക്കത്തിൽ 100 മില്യൺ ഡോളർ ആവശ്യപ്പെട്ടെന്നാണ് വിവരം. ഇന്ത്യൻ പ്ലാറ്റ്‌ഫോമായ ജിയോസ്റ്റാർ 20 മില്യൺ ഡോളർ വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോർട്ട്. പിന്നീട് ഏകദേശം 60 മില്യൺ ഡോളറായി കുറച്ചുവെന്നും വാർത്തകളുണ്ട്. എന്നാൽ കരാർ സ്വന്തമാക്കിയ സീ-ഫിഫ കരാർ എത്ര രൂപയുടേതാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
48 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. രാത്രി 10:30 മണി മുതൽ വെളുപ്പിന് 6:30 വരെയുള്ള സമയങ്ങളിലെ സ്ലോട്ടുകളിലാണ് ഇന്ത്യയിൽ മത്സരം സംഘടിപ്പിക്കുന്നത്.
103 രൂപ മുതലുള്ള ജിയോ പ്ലാനുകളിലൂടെ സീ5 ഫ്രീയായി ലഭിക്കും. 445 രൂപ റീചാർജ് പാക്കേജിലും 500 രൂപ പാക്കേജിലും റിലയൻസ് ജിയോ സി5 ആക്സസ് തരുന്നു. 99 രൂപയ്ക്കും 279 രൂപയ്ക്കും 979 രൂപയ്ക്കുമുള്ള എയർടെൽ പാക്കേജുകളിലും സീ5 പ്രീമിയം ഉൾപ്പെടെയുള്ള സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതാണ്.