മൈക്രോഫോൺ ഉപയോഗിക്കുന്നതിനുള്ള അനുമതി ആവശ്യപ്പെട്ടുകൊണ്ട് വാട്സ്ആപ്പിൽ നോട്ടിഫിക്കേഷൻ
Android ഫോണുകളിലെ വാട്സ്ആപ്പിലാണ് ഈ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുള്ളത്
ഇത് തങ്ങളുടെ ഭാഗത്ത് നിന്നുള്ള കുഴപ്പമല്ലെന്ന് വാട്സ്ആപ്പ്
ഇന്ന് നിരവധി ഫീച്ചറുകൾ WhatsAppൽ അവതരിപ്പിക്കുന്നുണ്ട്. അയച്ച മെസേജുകൾ എഡിറ്റ് ചെയ്യുന്നതിന് ഉൾപ്പെടെ അത്യാകർഷകമായ സംവിധാനങ്ങളാണ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. എങ്കിലും വാട്സ്ആപ്പ് വഴി അടുത്തിടെ ഒട്ടനവധി സ്പാം കോളുകൾ വരുന്നതായും, ഇതിലൂടെ പണം തട്ടിപ്പ് നടത്തിയേക്കാമെന്നും വാർത്തകൾ വരുന്നുണ്ട്.
SurveyWhatsAppലെ പുതിയ നോട്ടിഫിക്കേഷൻ
എന്നാൽ ഇപ്പോൾ വാട്സ്ആപ്പിനെതിരെ വരുന്നത് മറ്റൊരു പരാതിയാണ്. അതായത്, WhatsApp ഉപഭോക്താക്കളുടെ അറിവില്ലാതെ മൈക്രോഫോൺ ആവശ്യമുള്ളതിനേക്കാളും കൂടുതൽ ഇടയ്ക്കിടെ ഉപയോഗിക്കുന്നു എന്നതാണ് പുതിയ പരാതി. Android ഫോണുകളിൽ മൈക്രോഫോൺ ഉപയോഗിക്കുന്നതിനുള്ള അനുമതി അഥവാ ആക്സസ് ആവശ്യപ്പെട്ടുകൊണ്ട് ഒരു പോപ്- അപ്പ് നോട്ടിഫിക്കേഷൻ ഇടയ്ക്കിടെ വരുന്നതായാണ് ആരോപണം. ഇത് ഏതെങ്കിലും വിധേനയുള്ള തട്ടിപ്പാണോ എന്നും ഉപയോക്താക്കൾ ആശങ്കപ്പെടുന്നുണ്ട്.
എന്നാൽ ഇത് തങ്ങളുടെ ഭാഗത്ത് നിന്നുള്ള കുഴപ്പമല്ലെന്നും, പകരം ഗൂഗിളിൽ നിന്നുള്ള പ്രശ്‌നമാണെന്നും WhatsApp അവകാശപ്പെടുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഈ പ്രശ്നം നേരിടുന്നുവെന്നാണ് ആൻഡ്രോയിഡ് ഫോൺ ഉപഭോക്താക്കൾ പറയുന്നത്. സാംസങ്, ഗൂഗിൾ പിക്‌സൽ പോലുള്ള ആൻഡ്രോയിഡ് ഉപകരണങ്ങളെ ഈ ബഗ് ബാധിച്ചിട്ടുള്ളതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇത് ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള പ്രശ്‌നമാണെന്നും WhatsAppന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് വിശദീകരണം. എങ്കിലും യഥാർഥ കാരണം തിരിച്ചറിഞ്ഞിട്ടില്ലാത്ത പക്ഷം ഇതിനെ കുറിച്ച് നിരീക്ഷിക്കാൻ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാട്സ്ആപ്പ് ട്വിറ്ററിലൂടെ അറിയിച്ചു.
അജ്ഞാത കോളുകളിൽ നിന്നുള്ള തട്ടിപ്പ്
അതേ സമയം അന്താരാഷ്ട്ര നമ്പരുകളിൽ നിന്ന് വാട്സ്ആപ്പിലേക്ക് ചില കോളുകൾ വരുന്നതായും ഇങ്ങനെ ഉപയോക്താക്കൾ കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും മെറ്റ് അറിയിച്ചിരുന്നു. 84, +62, +60 എന്നിവയിൽ തുടങ്ങുന്ന അന്താരാഷ്ട്ര നമ്പറുകളിൽ നിന്നാണ് അജ്ഞാത കോളുകൾ വരുന്നത്. ഇത്തരം നമ്പറുകളിൽ നിന്ന് കോളുകൾ വന്നാൽ അവയോട് പ്രതികരിക്കരുതെന്ന് വാട്സ്ആപ്പ് നിർദേശം നൽകിയിട്ടുണ്ട്.
എന്നിരുന്നാലും ഇത്തരത്തിൽ കോളുകൾ വരുന്നതിൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് വാട്സ്ആപ്പ് അറിയിച്ചു. പകരം ഈ നമ്പറുകളിലെ മെസേജുകളും ലിങ്കുകളും ക്ലിക്ക് ചെയ്യരുതെന്നും, അജ്ഞാത കോളറുമായി ഇടപഴകരുതെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ഏതെങ്കിലും കോളുകളോ മെസേജുകളോ വന്നാൽ അത് ഉടനടി ബ്ലോക്ക് ചെയ്യണമെന്നും WhatsApp അറിയിച്ചു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile
