ഇന്ന് ഇന്റർനെറ്റ് ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിക്കഴിഞ്ഞു. ഇപ്പോൾ ഇന്ത്യയിൽ നിലവിൽ ഏറ്റവും ജനപ്രിയമായ ഇന്റർനെറ്റ് മാധ്യമം ഒപ്റ്റിക്കൽ ഫൈബർ (Fiber Internet) ആണ്. എന്നാൽ രാജ്യത്ത് സജീവ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത് വരാനിരിക്കുന്ന Satellite ഇന്റർനെറ്റാണ്. എലോൺ മസ്കിന്റെ സ്റ്റാർലിങ്ക് (Starlink), ഭാരതി എയർടെല്ലിന്റെ വൺവെബ് (OneWeb) എന്നിവയെല്ലാം ഇന്ത്യയുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്. രണ്ട് സാങ്കേതികവിദ്യകളും ഇന്റർനെറ്റ് നൽകുന്നതിന് വിവിധ മാർഗങ്ങളാണ് സ്വീകരിക്കുന്നത്.
ഭൂമിക്കടിയിലൂടെയുള്ള കേബിളുകൾ വഴിയാണ് നാം ഇന്ന് ഉപയോഗിക്കുന്ന ഫൈബർ കണക്റ്റിവിറ്റി സേവനം ലഭിക്കുന്നത്. എന്നാൽ സാറ്റലൈറ്റ് ഇന്റർനെറ്റാകട്ടെ, ആകാശത്തെ ഉപഗ്രഹങ്ങൾ വഴിയാണ് സാറ്റലൈറ്റ് ഇന്റർനെറ്റ് നൽകുക. ഇവ രണ്ടിന്റെയും വേഗത, ചെലവ്, ലഭ്യത എന്നിവ നോക്കുമ്പോൾ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ തരംഗമാകുന്ന ഇന്റർനെറ്റ് ഏതായിരിക്കും?
എന്താണ് Satellite ഇന്റർനെറ്റ്?
ഭൂഗർഭ കേബിളുകൾക്ക് പകരം, ഭ്രമണപഥത്തിലുള്ള ഒരു ഉപഗ്രഹവുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന ഇന്റർനെറ്റ് ആണിത്. സമീപത്തുള്ള അടിസ്ഥാന സൗകര്യങ്ങളെ ആശ്രയിക്കേണ്ട എന്നതാണ് ഇതിന്റെ നേട്ടം. ദൂരസ്ഥലങ്ങളിൽ നിന്നുള്ള സിഗ്നലുകൾ കാരണം പലപ്പോഴും ലേറ്റൻസി കൂടുമെന്നതും വീഡിയോ കോളുകളും ഗെയിമിംഗും മന്ദഗതിയിലാവുമെന്നതും ഇതിന്റെ പോരായ്മയാണ്.
Also Read: A സീരീസിൽ പുതിയ Samsung പോരാളി! 6000mAh ബാറ്ററിയും 50MP ക്യാമറയും
എന്താണ് ഫൈബർ ഇന്റർനെറ്റ്?
പ്രകാശ സ്പന്ദനങ്ങൾ ഉപയോഗിച്ച് ഗ്ലാസ് കേബിളുകൾ വഴി ഡാറ്റ അയയ്ക്കുന്നതാണ് ഫൈബർ ഇന്റർനെറ്റിന്റെ പ്രത്യേകത. ഫൈബർ സ്ഥിരമായ കണക്ഷൻ നൽകുന്നു. അപ്ലോഡ് വേഗത നിങ്ങളുടെ ഡൗൺലോഡ് വേഗതയുമായി പൊരുത്തപ്പെടുന്നു. ഇത് വീഡിയോ കോളുകൾക്കും വലിയ ഫയൽ അപ്ലോഡുകൾക്കും സഹായിക്കുന്നു.
ഫൈബർ ഇന്റർനെറ്റ് vs സാറ്റലൈറ്റ് ഇന്റർനെറ്റ്: വ്യത്യാസങ്ങൾ എന്തൊക്കെ?
- സ്പീഡ്: 1 Gbps വരെയോ അതിൽ കൂടുതലോ വേഗത ഫൈബർ നെറ്റിൽ ലഭിക്കും. ഡൗൺലോഡിംഗിനും അപ്ലോഡിംഗിനും ഒരേപോലെയുള്ള അതിവേഗത ഇതിനുണ്ട്. സാറ്റലൈറ്റ് ഇന്റർനെറ്റിൽ ഡൗൺലോഡ് വേഗത സാധാരണയായി കുറവാണ്. ഏകദേശം 25 Mbps മുതൽ 100 Mbps വരെ മാത്രമാണുള്ളതെന്ന് പറയാം. അപ്ലോഡ് വേഗത ഇതിലും വളരെ കുറവായിരിക്കും.
- പ്രവർത്തന രീതി: ഫൈബർ ഇന്റർനെറ്റിൽ ഗ്ലാസ് കേബിളുകൾ വഴി പ്രകാശത്തിന്റെ രൂപത്തിലാണ് ഡാറ്റ ട്രാൻസ്ഫർ ചെയ്യപ്പെടുന്നത്. സാറ്റലൈറ്റ് ഇന്റർനെറ്റിൽ ഭൂഗർഭ കേബിളുകൾക്ക് പകരം, ഭൂമിയെ വലംവെയ്ക്കുന്ന സാറ്റലൈറ്റ് വയർലെസ് സിഗ്നലുകൾ വഴിയാണ് കണക്ഷൻ സ്ഥാപിക്കുന്നത്.
- ലേറ്റൻസി: അടുത്തത് ഡാറ്റയുടെ പ്രതികരണ സമയം എത്ര വേഗതയിലാണെന്നതാണ്. ഏകദേശം 5 മുതൽ 20 മില്ലിസെക്കൻഡ് വരെയുള്ളതിനാൽ ഫൈബർ കണക്ഷനുകൾക്ക് ലേറ്റൻസി വളരെ കുറവാണ്. ഡാറ്റ നേരിട്ട് കേബിൾ വഴി സഞ്ചരിക്കുന്നതിനാലാണ് സമയമെടുക്കാതെയുള്ള പ്രതികരണം സാധിക്കുന്നത്. തടസ്സമില്ലാതെ ഡാറ്റ ട്രാൻസ്ഫറിന് ഇത് സഹായിക്കും. സാറ്റലൈറ്റ് ഇന്റർനെറ്റിനാകട്ടെ ലേറ്റൻസി കൂടുതലാണ്. ഗെയിമിംഗിലും മറ്റും സാറ്റലൈറ്റ് ഡാറ്റ അൽപം കാലതാമസമെടുക്കും. ബഹിരാകാശത്തുള്ള ഉപഗ്രഹം വരെ സഞ്ചരിച്ച് തിരിച്ചെത്തേണ്ടി വരുന്നതിലാണ് ഇങ്ങനെ സംഭവിക്കുന്നത്.
- ലഭ്യത: പ്രത്യേക കേബിൾ ശൃംഖലകൾ ആവശ്യമായതിനാൽ നഗരങ്ങളിലും പട്ടണങ്ങളിലും കൂടുതൽ സുലഭമായി ഫൈബർ നെറ്റ് വർക്ക് ലഭിക്കും. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ ലഭിക്കുമെങ്കിലും വിദൂരപ്രദേശങ്ങളിൽ ചിലയിടങ്ങളിലൊക്കെ എത്താൻ പ്രയാസമാണ്. അതേസമയം ഫൈബർ കേബിളുകൾ എത്തിപ്പെടാത്ത ഉൾഗ്രാമങ്ങളിൽ സാറ്റലൈറ്റ് കണക്ഷന് എത്തിച്ചേരാം. ആകാശത്തേക്ക് കൃത്യമായ കാഴ്ചയുള്ള ഉൾഗ്രാമങ്ങളിൽ വരെ വേഗത്തിൽ എത്തിച്ചേരാമെന്നതാണ് സാറ്റലൈറ്റ് ഇന്റർനെറ്റിലൂടെയുള്ള നേട്ടം.
- കാലാവസ്ഥ: മോശം കാലാവസ്ഥയോ മഴയോ കേബിൾ ഇന്റർനെറ്റിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. കാരണം ഭൂഗർഭ രീതിയിലോ അല്ലെങ്കിൽ ഏരിയൽ കേബിൾ വഴിയോ ആണ് കണക്ഷൻ കൊടുക്കുന്നത്. ഇത് എപ്പോഴും സ്ഥിരതയുള്ളതായിരിക്കും. എങ്കിൽ മറുവശത്ത് മഴ, മഞ്ഞ്, കാറ്റ് ശക്തമാണെങ്കിൽ അത് സാറ്റലൈറ്റ് കണക്റ്റിവിറ്റിയെ ബാധിക്കുന്നു.
Satellite vs Fiber Internet: ആരാണ് മികച്ചത്?
ഇന്ത്യയിൽ നഗരപ്രദേശങ്ങൾക്കൊപ്പം ഗ്രാമങ്ങളിലെ വിദൂരദേശങ്ങളിലേക്കും കണക്റ്റിവിറ്റി എത്തുന്നത് ഡിജിറ്റൽ ഇന്ത്യയുടെ വളർച്ചയെ സഹായിക്കും. സാങ്കേതികമികവിലും വേഗതയിലും ഫൈബർ ഇന്റർനെറ്റ് മികച്ചതാകുന്നു. വിദൂര ഗ്രാമപ്രദേശങ്ങളിലേക്ക് ഇന്റർനെറ്റ് ലഭിക്കാൻ സാറ്റലൈറ്റ് ഇന്റർനെറ്റാണ് കൂടുതൽ മികച്ചത്.