Reliance Jio Plans
Reliance Jio Plans: കഴിഞ്ഞ വർഷം മുകേഷ് അംബാനിയുടെ പ്ലാനുകളുടെ താരിഫ് ഉയർത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും ജിയോ ഷോക്ക് തന്നിരിക്കുന്നു. 209 രൂപയ്ക്കും 249 രൂപയ്ക്കും ജിയോയിൽ പ്രീ- പെയ്ഡ് പ്ലാനുകളുണ്ടായിരുന്നു. ഇനി ഈ ചെറിയ പ്ലാനുകൾ ലഭ്യമല്ല. ഹിന്ദുസ്ഥാൻ ടൈംസിലാണ് പുതിയ മാറ്റത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റിലയൻസ് ജിയോയുടെ പ്രതിദിനം 1 ജിബി ഡാറ്റ തരുന്ന പ്ലാനുകളിൽ മാറ്റം വന്നു. 22 ദിവസത്തേക്കുള്ള 209 രൂപ പാക്കേജിലും 28 ദിവസത്തെ 249 രൂപ പ്ലാനിലുമാണ് മാറ്റം. ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ഈ പ്രീപെയ്ഡ് പ്ലാനുകൾ കമ്പനി നിർത്തലാക്കിയെന്നാണ് പറയുന്നത്. അതും ഒരു അറിയിപ്പുമില്ലാതെ ജിയോ നിശബ്ദമായാണ് രണ്ട് പ്ലാനുകളും പിൻവലിച്ചതെന്നാണ് വിവരം. എന്നാൽ ഓൺലൈൻ, യുപിഐ റീചാർജ് ചെയ്യുന്നവർക്ക് മാത്രമാണ് മാറ്റമെന്നും പറയുന്നുണ്ട്. റീട്ടെയിൽ ഷോപ്പുകളിൽ നിന്ന് റീചാർജ് ചെയ്താൽ രണ്ട് പ്ലാനുകളും സാധുവായിരിക്കും.
ജിയോ വരിക്കാർക്ക് ഓൺലൈൻ റീചാർജിൽ ഇനി തെരഞ്ഞെടുക്കാവുന്ന പ്ലാനുകൾ 239 രൂപയുടെയും 299 രൂപയുടേതുമാണ്. 22 ദിവസം കാലയളവിൽ 1.5 ജിബി ഡാറ്റ തരുന്ന പാക്കേജാണ് 239 രൂപയുടേത്. 28 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 1.5 ജിബി ഡാറ്റയാണ് റിലയൻസ് ജിയോയുടെ 299 രൂപ പ്ലാനിലുള്ളത്.
റിലയൻസ് ജിയോ കൂടുതൽ 5ജി വരിക്കാരിലേക്കാണ് ശ്രദ്ധ നൽകുന്നതെന്നാണ് പുതിയ നിരക്ക് സൂചിപ്പിക്കുന്നത്. കാരണം പ്രതിദിനം 2ജിബി കിട്ടുന്ന പ്ലാനുകളിലാണ് അൺലിമിറ്റഡ് 5ജി ലഭിക്കുന്നത്.
ഇപ്പോൾ സ്വകാര്യ ടെലികോം കമ്പനി നീക്കം ചെയ്തത് 1 ജിബി പ്ലാനുകളാണ്. ഇവയിൽ 5ജി ഡാറ്റ ലഭ്യമല്ല. അതിനാൽ സാധാരണക്കാരെയാണ് ഏറ്റവും കൂടുതൽ മാറ്റം ബാധിക്കുന്നത്. അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.
നിങ്ങൾ 2GB പ്രതിദിന പ്ലാനിലേക്ക് മാറുകയാണെങ്കിൽ ട്രൂ 5ജി ആസ്വദിക്കാം. കൂടാതെ കമ്പനി ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകളും നൽകുന്നു. ഉദാഹറണത്തിന് പ്രതിദിനം 2GB ഡാറ്റ കിട്ടുന്ന പാക്കേജാണ് 349 രൂപയുടേത്. 28 ദിവസമാണ് വാലിഡിറ്റി. ഒരു മാസം കാലയളവുള്ള, അൺലിമിറ്റഡ് 5ജി കിട്ടുന്ന ഏറ്റവും ചെറിയ പ്ലാനുകൾ നോക്കുന്നവർക്ക് ഇത് ഉത്തമമാണ്.
പാക്കേജിൽ പ്രതിദിനം 100 SMS, അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നേടാം. ഈ ടെലികോം സേവനങ്ങൾക്ക് പുറമെ റിലയൻസ് ജിയോ 90 ദിവസത്തെ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും തരുന്നു. 5G പിന്തുണയില്ലാത്ത പ്രദേശങ്ങളിലേക്ക് പോകുമ്പോൾ 2ജിബി 4ജി ഡാറ്റ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.