bsnl vowifi service nationwide roll out for wi fi calling
സർക്കാർ ടെലികോം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്, BSNL കൂടുതൽ അപ്ഗ്രേഡിലേക്ക്. ബിഎസ്എൻഎൽ VoWiFi സേവനം ഇപ്പോൾ രാജ്യത്തൊട്ടാകെയായി വിന്യസിച്ചു. പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ പൊതുമേഖല ടെലികോം സേവന ശേഷികളിൽ ഗണ്യമായ നവീകരണം അടയാളപ്പെടുത്തുകയാണ്.
വോയ്‌സ് ഓവർ വൈഫൈ എന്ന സേവനമാണ് ടെലികോം പുതിയതായി അവതരിപ്പിച്ചത്. ഇതിലൂടെ കണക്റ്റിവിറ്റി തടസ്സപ്പെടുത്താതെ നിങ്ങൾക്ക് വൈ-ഫൈ കോളിംഗ് ആസ്വദിക്കാം.
രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലുമുള്ള ബിഎസ്‌എൻഎൽ വരിക്കാർക്ക് വൈ-ഫൈ കോളിങ് സേവനം പ്രയോജനപ്പെടുത്താം. വീടുകൾ, ഓഫീസുകൾ, ബേസ്‌മെന്റുകൾ, വിദൂര സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കിക്കൊണ്ട് കോളിങ്, മെസേജിങ് സേവനങ്ങൾ ലഭ്യമാകും.
ദുർബലമായ മൊബൈൽ സിഗ്നൽ നേരിടുന്ന പ്രദേശങ്ങളിൽ വ്യക്തവും വിശ്വസനീയവുമായ കണക്റ്റിവിറ്റിയാണ് ലഭിക്കുന്നത്. ഇതിനായി വൈ-ഫൈ നെറ്റ്‌വർക്കിലൂടെ വോയ്‌സ് കോളുകളും മെസേജുകളും ചെയ്യാനും, സ്വീകരിക്കാനും കഴിയും.
ബിഎസ്എൻഎല്ലിന്റെ ഭാരത് ഫൈബർ സേവനമോ മറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങളോ ഉള്ളിടത്ത് ഈ ഫീച്ചറും ലഭിക്കും. അതായത് സ്ഥിരമായ വൈ-ഫൈ കണക്ഷൻ ലഭ്യമാണെങ്കിൽ, മൊബൈൽ കവറേജ് പരിമിതമായിട്ടുള്ള ഇടങ്ങളിൽ നിന്ന് വരെ സാധാരണ കോളുകൾ ചെയ്യാം. ഇന്റർനെറ്റ് കോളിങ്ങല്ലാതെ ഔട്ട്ഗോയിങ്, ഇൻകമിങ് സേവനങ്ങൾ ഇങ്ങനെ പ്രയോജനപ്പെടുത്താം.
ഇത് ഗ്രാമപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലും വളരെ പ്രയോജനകരമായ സേവനമാണ്. നെറ്റ്‌വർക്ക് തിരക്ക് കുറയ്ക്കാനും VoWiFi ഫീച്ചർ സഹായിക്കുന്നു. വൈ-ഫൈ കോളുകൾക്ക് അധിക നിരക്കുകളൊന്നുമില്ല എന്നതും മറ്റൊരു നേട്ടമാണ്.
വൈ-ഫൈയ്ക്കും മൊബൈൽ നെറ്റ്‌വർക്കുകൾക്കുമിടയിൽ തടസ്സമില്ലാത്ത ട്രാൻസ്ഫറിനും പിന്തുണയ്ക്കുന്ന IMS അധിഷ്ഠിത സേവനമാണ് VoWiFi. മൂന്നാം കക്ഷി ആപ്ലിക്കേഷനുകളുടെ ആവശ്യമില്ലാതെ തന്നെ നിങ്ങൾക്ക് വോയിസ് വൈ- ഫൈ കോളിങ് സേവനം ലഭിക്കും.
ഇതിനായി വരിക്കാരുടെ നിലവിലുള്ള മൊബൈൽ നമ്പറും ഫോൺ ഡയലറും ഉപയോഗിച്ചാണ് കോളുകൾ സാധ്യമാകുന്നത്. തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഇതിന് ആവശ്യമില്ല.
Also Read: ഈ Moto ഫോണിന് ഫ്ലിപ്കാർട്ടിൽ ആമസോണിനേക്കാൾ കുറഞ്ഞ വില! 6000 mAh ബാറ്ററി, 50MP ഫ്രണ്ട് ക്യാമറ…
മിക്ക ആധുനിക സ്മാർട്ട്‌ഫോണുകളിലും VoWiFi ഫീച്ചർ സപ്പോർട്ടുണ്ട്. വരിക്കാർക്ക് അവരുടെ ഹാൻഡ്‌സെറ്റ് സെറ്റിങ്സിൽ വൈ-ഫൈ കോളിംഗ് എന്ന ഓപ്ഷൻ ആക്ടീവാക്കിയാൽ മതി.
സ്മാർട്ട് ഫോണുകളിൽ ഈ കോളിങ് സേവനം ലഭിക്കും. നിങ്ങൾക്കും ബിഎസ്എൻഎൽ വിഒവൈഫൈ സേവനം വേണമെങ്കിൽ അടുത്തുള്ള ബിഎസ്എൻഎൽ ഉപഭോക്തൃ സേവന കേന്ദ്രം സന്ദർശിക്കാം. അതല്ലെങ്കിൽ ബിഎസ്എൻഎൽ ഹെൽപ്പ് ലൈൻ 18001503 എന്ന നമ്പറിൽ ബന്ധപ്പെടാം.