BSNL അടച്ചുപൂട്ടുന്നോ? എന്താണ് വൈറലാവുന്ന ആ സന്ദേശം?

Updated on 02-Jan-2023
HIGHLIGHTS

BSNL അടച്ചുപൂട്ടുന്നു എന്ന സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.

അടുത്ത 24 മണിക്കൂറിനുള്ളിൽ സിം ബ്ലോക്ക് ചെയ്യപ്പെടുമെന്നും അറിയിപ്പുണ്ട്.

വിഷയത്തിൽ അധികൃതർ വ്യക്തമാക്കുന്നതെന്ത്?

ഇന്ന് വാർത്തകൾ എല്ലാം അതിവേഗം അറിയാൻ സോഷ്യൽ മീഡിയ സജീവമാണ്. എന്നാൽ ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ മുഴുവനും വാസ്തവമാണെന്ന് പറയാൻ സാധിക്കില്ല. അതായത്, ആർക്കും എന്തും എഴുതാനുള്ള സ്വാതന്ത്ര്യം സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നു എന്നതിനാൽ തന്നെ വിശ്വസനീയമല്ലാത്ത വിവരങ്ങളും ഇത്തരത്തിൽ പങ്കുവയ്ക്കപ്പെടുന്നുണ്ട്. മാത്രമല്ല, സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകളും നിരവധിയായി പ്രചരിക്കുന്നുണ്ട്. 

ഇപ്പോഴിതാ, അത്തരത്തിൽ പ്രചരിക്കുന്നത് ബിഎസ്എൻഎല്ലിനെ (BSNL) കുറിച്ചുള്ള ഒരു വ്യാജവാർത്തയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എൻഎൽ അടച്ചുപൂട്ടുമെന്നാണ് സമൂഹമാധ്യമങ്ങളിൽ തെറ്റായി പ്രചരിക്കുന്നത്. വ്യാജവാർത്തയാണ് (Fake news) ഇതെന്ന് തിരിച്ചറിയാതെ പലരും വാർത്ത ഷെയർ ചെയ്യുകയും സംഭവം വൈറലാവുകയും ചെയ്തു. എന്നാൽ ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ സിം 24 മണിക്കൂറിനുള്ളിൽ ബ്ലോക്ക് ചെയ്യപ്പെടുമോ എന്ന് നോക്കാം.

24 മണിക്കൂറിനുള്ളിൽ സിം ബ്ലോക്ക് ചെയ്യപ്പെടും?

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന സന്ദേശത്തിൽ, കെ‌വൈ‌സി (KYC) സസ്പെൻഡ് ചെയ്തതായും അടുത്ത 24 മണിക്കൂറിനുള്ളിൽ ബിഎസ്എൻഎൽ സിം ബ്ലോക്ക് (BSNL sim block) ചെയ്യുമെന്നും പറയുന്നു. എന്നാൽ, പിഐബി ഫാക്റ്റ് ചെക്ക് ഈ സന്ദേശം നിഷേധിച്ചു. ഈ അറിയിപ്പ് വ്യാജമാണെന്നും, ഇത്തരത്തിൽ സിം ബ്ലോക്ക് ചെയ്യപ്പെടില്ലെന്നും PIB ഫാക്റ്റ് ചെക്കിൽ പറയുന്നു. കൂടാതെ, നിങ്ങളുടെ വ്യക്തി വിവരങ്ങളോ ബാങ്ക് വിവരങ്ങളോ മറ്റുള്ളവരുമായി ഒരിക്കലും പങ്കിടരുതെന്നും PIB ഫാക്റ്റ് ചെക്കിൽ വ്യക്തമാക്കുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ₹399, ₹839നും അൺലിമിറ്റഡ് ഡേറ്റയും ഡിസ്‌നി+ ഹോട്ട്‌സ്റ്റാറും: പുതിയ Airtel പ്ലാനുകൾ

KYC @TRAI താൽക്കാലികമായി നിർത്തിവച്ചുവെന്നും ബിഎസ്എൻഎൽ നിർത്തലാക്കുമെന്നുമാണ് സന്ദേശം. 24 മണിക്കൂറിനുള്ളിൽ സിം കാർഡുകൾ ബ്ലോക്ക് ചെയ്യപ്പെടും എന്നും വ്യാജ സന്ദേശത്തിൽ പറയുന്നു. എന്നാൽ, ഈ വാർത്ത തെറ്റാണെന്നും തട്ടിപ്പിൽ അകപ്പെടരുതെന്നും പിഐബി നിർദേശിക്കുന്നതിനൊപ്പം ഇത്തരത്തിൽ ഏതെങ്കിലും അറിയിപ്പുകൾ നിങ്ങളുടെ പക്കൽ വന്നാൽ 918799711259 എന്ന മൊബൈൽ നമ്പറിലോ socialmedia@pib.gov.in എന്ന വിലാസത്തിലോ മെയിൽ ചെയ്യണമെന്നും PIB അറിയിച്ചു. 

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :