ambani owned jio deals with elon musk starlink
അംബാനിയുടെ Jio-യും Airtel- Starlink പങ്കാളിത്തത്തിന് പിന്നാലെ കരാറിലെത്തി. സ്റ്റാര്‍ലിങ്കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ഇന്ത്യയിൽ എത്തിക്കാൻ ഇലോൺ മസ്കുമായി ഭാരതി എയർടെൽ കരാറുണ്ടാക്കിയിരുന്നു. വാർത്ത വന്നതിന് തൊട്ടുപിന്നാലെ മുകേഷ് അംബാനിയുടെ ജിയോയും കളത്തിലിറങ്ങി. സ്റ്റാര്‍ലിങ്കിന്റെ അതിവേഗ ഇന്റര്‍നെറ്റ് ഇനി എയർടെൽ വരിക്കാർക്ക് മാത്രമല്ല, ജിയോ ആളുകൾക്കും ലഭിക്കും.
ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിൽ ബ്രോഡ്‌ബാൻഡ് ആക്‌സസ് വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. മറ്റേതൊരു ഓപ്പറേറ്ററെക്കാളും കൂടുതൽ മൊബൈൽ ഡാറ്റ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് ജിയോ. ഇനി മസ്കുമായി കൂടിച്ചേർന്നാൽ ഇന്റർനെറ്റ് സേവനങ്ങൾ ശക്തിപ്പെടും. സ്റ്റാർലിങ്ക് ഉപയോക്താക്കൾക്കായി ഇൻസ്റ്റാളേഷൻ, ആക്ടിവേഷൻ, ഉപഭോക്തൃ പിന്തുണ എന്നിവയ്ക്കെല്ലാം ജിയോ സഹായം നൽകും. Jio Platforms Ltd ആണ് സ്റ്റാർലിങ്കുമായുള്ള പ്രഖ്യാപനം നടത്തിയത്.
ഇന്റർനെറ്റ് ആക്‌സസ് വ്യാപകമാക്കാനുള്ള ജിയോയുടെ ശ്രമമാണിത്. ജിയോയുടെ നിലവിലുള്ള ബ്രോഡ്‌ബാൻഡ് നിരയിലേക്ക് അങ്ങനെ മസ്കിന്റെ സാറ്റലൈറ്റ് ടെക്നോളജി കൂടി വരികയാണ്. ഇതുവരെ അംബാനി ജിയോഫൈബറും ജിയോഎയർഫൈബറുമാണ് ബ്രോഡ്ബാൻഡ് സേവനങ്ങളായി നൽകിയത്.
ഇനി ഇതിലേക്ക് സ്റ്റാർലിങ്ക് സേവനങ്ങൾ കൂടി കൂട്ടിച്ചേർക്കുന്നു. ഉൾനാടൻ പ്രദേശങ്ങളിലേക്കും, എത്തിച്ചേരാൻ പ്രയാസമുള്ള ഇടങ്ങളിലേക്കും ഫാസ്റ്റ് കണക്റ്റിവിറ്റി എത്തിക്കാൻ ഇതിലൂടെ സാധിക്കും. അതും വേഗത്തിലും താങ്ങാനാവുന്ന വിലയിലും ഇന്റർനെറ്റ് പ്രദാനം ചെയ്യാനാകും.
“എല്ലാ ഇന്ത്യക്കാർക്കുമായി അതിവേഗ ബ്രോഡ്‌ബാൻഡ് സേവനം എത്തിക്കുകയാണെന്ന് റിലയൻസ് ജിയോ അറിയിച്ചു. എവിടെയായിരുന്നാലും, എല്ലാവരിലേക്കും ഫാസ്റ്റ് കണക്റ്റിവിറ്റി എത്തിക്കണം. സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി സ്‌പേസ് എക്‌സുമായി പങ്കാളിത്തം സ്ഥാപിക്കുകയാണ്. ഇത് തടസ്സമില്ലാത്ത കണക്റ്റിവിറ്റിയിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണെന്ന് റിലയൻസ് ജിയോയുടെ ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ പറഞ്ഞു.
ജിയോയുടെ ബ്രോഡ്‌ബാൻഡ് മേഖലയിലേക്ക് സ്റ്റാർലിങ്കിനെ സംയോജിപ്പിക്കുന്നതിലൂടെ, രാജ്യത്തുടനീളമുള്ള കമ്മ്യൂണിറ്റികളെയും ബിസിനസുകളെയും ശാക്തീകരിക്കാനുമാകും. ഈ AI-അധിഷ്ഠിത കാലഘട്ടത്തിൽ ജിയോയുടെ വ്യാപ്തി വികസിപ്പിക്കുകയും അതിവേഗ ബ്രോഡ്‌ബാൻഡിന്‍റെ വിശ്വാസ്യതയും പ്രവേശനക്ഷമതയും വർധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വിശദമാക്കി.
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്‌പേസ് എക്‌സുമായി കരാറുണ്ടാക്കിയ കാര്യം എയർടെൽ കഴിഞ്ഞ ദിവസം അറിയിച്ചതാണ്. ഗ്രാമീണമേഖലകളിലെ സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം അതിവേഗ ഇന്റർനെറ്റ് എത്തിക്കുന്നതിനായി ഈ പങ്കാളിത്തം സഹായിക്കും. ഇന്റര്‍നെറ്റ് എത്തിയിട്ടില്ലാത്ത വിദൂരപ്രദേശങ്ങളിലും സ്റ്റാർലിങ്ക് സാറ്റലൈറ്റ് വഴിയുള്ള കണക്റ്റിവിറ്റി ലഭ്യമാക്കുന്നു.
Also Read: Unlimited കോളിങ്ങുള്ള BSNL Annual Plan! ഒപ്പം 600GB ഡാറ്റയും, ഇനി ഇടയ്ക്കിടെ റീചാർജും വേണ്ട…