samsung galaxy s26 plus may replace edge variant
അടുത്ത വർഷം S സീരീസിൽ നിങ്ങൾക്ക് Samsung Galaxy S26 Plus കാണാനാകുമോ എന്നറിയില്ല. കാരണം എസ്26 പ്ലസ്സിന് പകരം മറ്റൊരു സ്മാർട്ഫോൺ വരാൻ പോവുകയാണ്. സാംസങ് തങ്ങളുടെ ഗാലക്‌സി എസ് സീരീസ് ലൈനപ്പിൽ മാറ്റം വരുത്താൻ പോകുന്നു എന്നാണ് റിപ്പോർട്ട്.
മെയ് 13-ന് ആഗോളവിപണിയിൽ Samsung Galaxy S25 Edge എന്ന സ്ലിം സെറ്റ് പുറത്തിറക്കി. 5.8mm കനം മാത്രമുള്ള സാംസങ്ങിന്റെ സ്ലിം പ്രീമിയം സ്മാർട്ഫോണാണിത്. സാംസങ് എസ്25, എസ്25 പ്ലസ് മോഡലുകൾ രൂപത്തിൽ സാദ്യശ്യമുള്ളവയാണ്. എന്നാൽ ഈ ഇരട്ട രൂപം അടുത്ത എഡിഷനിൽ അവതരിപ്പിക്കാൻ കമ്പനി ഉദ്ദേശിക്കുന്നില്ല. അതിനാൽ എസ്26 പ്ലസ് മോഡലുകൾക്ക് പകരം മറ്റൊരു ഫോണായിരിക്കും വരുന്നത്!
ഗാലക്സി എസ് 26 സീരീസിലെ പ്ലസ് മോഡലിന് പകരം ‘എഡ്ജ്’ വേരിയന്റ് വരുമെന്നാണ് റിപ്പോർട്ട്. ഇപ്പോഴിറങ്ങിയ എസ്25 എഡ്ജ് പേരെടുക്കുകയാണെങ്കിൽ മിക്കവാറും എസ്26 പ്ലസ് ഒഴിവാക്കി എസ്26 എഡ്ജായിരിക്കും പുറത്തിറക്കുക. മുൻ മോഡലുകളെ അപേക്ഷിച്ച് ഏറ്റവും കനം കുറഞ്ഞ ഗാലക്‌സി എസ് സീരീസ് സ്മാർട്ട്‌ഫോണുകളായിരിക്കും ഇത്.
ഇതിനർത്ഥം സാംസങ് ഗാലക്‌സി എസ് 26 ലൈനപ്പിൽ മൂന്ന് ഉപകരണങ്ങൾ മാത്രമേ ലഭ്യമാകുകയുള്ളൂ എന്നാണ്. ഇക്കാര്യത്തിൽ വിവിധ റിപ്പോർട്ടുകൾ പറയുന്നതെന്തെന്ന് നോക്കിയാലോ!
ഗാലക്സി എസ് 25 എഡ്ജ് വിപണി പിടിക്കുമെങ്കിൽ എസ് 26 പ്ലസ് വേരിയന്റിനെ പ്രതീക്ഷിക്കേണ്ട. നിലവിൽ, ഗാലക്‌സി എസ് 25 സീരീസിൽ നാല് ഫോണുകളായിരുന്നു ഉൾപ്പെട്ടത്. എസ് 25, എസ് 25 പ്ലസ്, എസ് 25 അൾട്രാ, എസ് 25 എഡ്ജ് എന്നിവയാണ് സീരീസിലുണ്ടായിരുന്നത്. എന്നാൽ എസ്26 സീരീസിൽ പ്ലസ്സിനെ മാറ്റി എസ്26 എഡ്ജ് വരുമോ എന്നാണ് അറിയാനുള്ളത്.
എന്തായാലും ഗാലക്‌സി എസ് 25 എഡ്ജിനോടുള്ള വിപണിയുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കും സാംസങ്ങിന്റെ തീരുമാനം. പുതിയ സ്ലിം മോഡൽ വിൽപ്പനയിലും വിപണിയിലും ട്രെൻഡിങ്ങിലുമെല്ലാം ഇടംപിടിച്ചാൽ ഇങ്ങനെയൊരു മാറ്റം പ്രതീക്ഷിക്കാം. എഡ്ജിന് വലിയ ശ്രദ്ധ നേടാനായില്ലെങ്കിൽ, മറ്റ് മോഡലുകൾക്കൊപ്പം പ്ലസ് സ്മാർട്ഫോണുകളും തുടരും.
6.7 ഇഞ്ച് ക്വാഡ് എച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2x ഡിസ്‌പ്ലേയുള്ള ഫോണാണിത്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഇതിൽ കൊടുത്തിട്ടുള്ളത്. 200MP മെയിൻ ക്യാമറയും, 12 എംപി അൾട്രാ-വൈഡ് ആംഗിൾ ക്യാമറയും ഇതിലുണ്ട്. മുൻവശത്ത് 12 എംപി ഫ്രണ്ട് സെൻസറും കൊടുത്തിരിക്കുന്നു.
3,900 mAh ആണ് ഗാലക്സി എസ്25 എഡ്ജിലുള്ളത്. 25W ചാർജിംഗിനെ ഈ പ്രീമിയം സെറ്റ് പിന്തുണയ്ക്കുന്നു. വെറും 5.85mm കനം മാത്രമാണ് ഈ ഫോണിലുള്ളത്. ഡ്യുവൽ ക്യാമറയാണെങ്കിലും, 200 മെഗാപിക്സൽ സെൻസറുള്ളത് ഫോട്ടോഗ്രാഫി പ്രേമികൾക്ക് ആശ്വാസമാകും.
എന്നാലും സാംസങ്ങിന്റെ S25, S25+ മോഡലുകളേക്കാൾ കൂടിയ വിലയാണ് എഡ്ജിനുള്ളത്. അടുത്ത വർഷമിറങ്ങുന്ന എഡ്ജ് മോഡലിന് എത്ര വിലയാകുമെന്ന് കണ്ടറിയണം. ഫോണുകളുടെ പ്രീ-ബുക്കിങ് തുടങ്ങി. മെയ് 23 മുതൽ വിൽപ്പന ആരംഭിക്കും. ഇതിന് ശേഷം എസ്25 എഡ്ജ് വിപണി പിടിച്ചോ ഇല്ലയോ എന്ന് കണ്ടറിയാം.