Samsung Galaxy S25
അങ്ങനെ Samsung Galaxy S25 സീരീസ് വിപണിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇന്ന് കാലിഫോർണിയയിലെ സാൻ ജോസിൽ 3 ഫോണുകൾ ഉൾപ്പെട്ട സീരീസ് പുറത്തിറങ്ങി. Samsung Galaxy S25, Samsung Galaxy S25+ എന്നിവയും, ഗാലക്സി S25 Ultra-യും ഇതിലുണ്ട്. കൂട്ടത്തിലെ വമ്പനും ആൻഡ്രോയിഡിലെ ഉഗ്രൻ ഫ്ലാഗ്ഷിപ്പും Samsung Galaxy S25 Ultra ആണ്.
സാംസങ് ഗാലക്‌സി എസ് 24 സീരീസിലെ എല്ലാ ഫോണുകളും ഇന്ത്യയിലെത്തിച്ചപ്പോൾ എക്‌സിനോസ് 2400 ചിപ്പായിരുന്നു. എന്നാൽ ഗാലക്സി S25 സീരീസിലെ എല്ലാ ഫോണുകൾക്കും ഇത്തവണ ഫാസ്റ്റ് പെർഫോമൻസ് ചിപ്പാണ് കൊടുത്തിരിക്കുന്നത്. ഒരേ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റിലാണ് സീരീസിലെ എല്ലാ ഫോണുകളും പ്രവർത്തിക്കുന്നത്.
സാംസങ് ഗാലക്സി S25, S25 പ്ലസ് വേരിയന്റുകളെ കുറിച്ച് അറിയണ്ടേ? ചുടുചൂടപ്പം പോലെ സാംസങ് പുറത്തിറക്കിയ പ്രീമിയം ഫോണുകളെ പരിചയപ്പെടാം. കാലിഫോർണിയയിലെ Unpacked Live എന്ന ചടങ്ങിലാണ് ഫോണുകൾ അവതരിപ്പിച്ചത്.
ഈ രണ്ട് ഫോണുകളുടെയും ക്യാമറയും മറ്റും സമാനമാണ്. ബാറ്ററിയിലും വലിപ്പത്തിലുമാണ് ഗാലക്സി S25, S25 പ്ലസ് വ്യത്യാസം വരുന്നത്. ഈ രണ്ട് ഫോണുകളിലും സാംസങ് 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയാണ് കൊടുത്തിട്ടുള്ളത്.
ഇതിൽ AMOLED സ്ക്രീനാണ് വരുന്നത്. FHD+ റെസല്യൂഷനോട് കൂടിയ 6.2 ഇഞ്ച് പാനലാണ് ബേസിക് ഫോണിലുള്ളത്. പ്ലസ് വേരിയന്റിന് QHD+ റെസല്യൂഷനോട് കൂടിയ 6.7 ഇഞ്ച് പാനലും നൽകിയിരിക്കുന്നു.
ഫോട്ടോഗ്രാഫിയിലും രണ്ട് പേരും ഒരുപോലെയാണ്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഫോണുകളിലുള്ളത്. 3x ഒപ്റ്റിക്കൽ സൂം ഉള്ള 10 മെഗാപിക്സൽ ടെലിഫോട്ടോ സെൻസറുണ്ട്. അടുത്തത് 12 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ് ആണ്. ഇതിൽ സെൽഫികൾക്കായി, 12 മെഗാപിക്സൽ സെൽഫി ഷൂട്ടറും കൊടുത്തിട്ടുണ്ട്.
Also Read: New Samsung Galaxy S25 സീരീസിലെ ആകാംക്ഷ AI ഫീച്ചറുകളാണല്ലോ! എന്തെല്ലാം പ്രതീക്ഷിക്കാം?
രണ്ട് സ്‌മാർട്ട്‌ഫോണുകളും സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ഉള്ളതിനാൽ പെർഫോമൻസ് അതിഗംഭീരമാകും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള OneUI 7 OS-ലാണ് ഇവ പ്രവർത്തിക്കുന്നത്.
ബേസിക് ഫോണിലുള്ളത് 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4000mAh ബാറ്ററിയാണ്. എസ്25 പ്ലസ് ഫോണിലാകട്ടെ 45 വാട്ട് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4900mAh ബാറ്ററിയും കൊടുത്തിരിക്കുന്നു.
വാനില മോഡലിന് മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളാണുള്ളത്. 12 + 128GB, 12 + 256GB, 12 + 512GB എന്നിവയാണ് വേരിയന്റുകൾ. പ്ലസ് മോഡൽ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ വരുന്നു. 12GB+ 256GB, 12GB + 512GB വേരിയന്റുകളാണ് ഇവയ്ക്കുള്ളത്.
യുഎസ്സിൽ ഗാലക്സി S25 ഫോൺ 799 ഡോളർ വിലയാണ് വരുന്നത്. ഗാലക്സി S25 പ്ലസ്സിന് 999 ഡോളറുമാണ് വില. കഴിഞ്ഞ വർഷത്തെ ഫോണുകളുടെ ഏകദേശ വില തന്നെയാണ്. ഇന്ത്യയിലെ വില അറിയാൻ കുറച്ചുകൂടി കാത്തിരിക്കാം.