redmi note 14 pro
ഷവോമിയുടെ ജനപ്രിയ സ്മാർട്ഫോണാണ് Redmi Note 14 Pro. മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസുള്ള മിഡ് റേഞ്ച് സെറ്റാണ് ഈ സീരീസിലുള്ളത്. 6200mAh വലിയ ബാറ്ററിയും, 50MP 2.5X പോർട്രെയിറ്റ് ടെലിഫോട്ടോ ലെൻസുമുള്ള ഫോണാണ് Note 14 Pro Plus. ഇതിന്റെ കുറഞ്ഞ മോഡലാണ് റെഡ്മി Note 14 Pro. 5500mAh ബാറ്ററിയും 50 മെഗാപിക്സൽ ക്യാമറയുമാണ് പ്രോയിലുള്ളത്.
ടൈറ്റൻ ബ്ലാക്ക്, ഫാന്റം പർപ്പിൾ, സ്പെക്ട്രെ ബ്ലൂ എന്നീ മൂന്ന് കളറുകളിലാണ് ഇന്ത്യയിൽ ഫോൺ പുറത്തിറക്കിയത്. ഇനി രണ്ട് മോഡലുകൾക്കും പുതിയ കളർ വേരിയന്റ് വരുന്നുണ്ട്.
ഷവോമി തങ്ങളുടെ ജനപ്രിയ ഫോണുകൾക്ക് ഇനി പോർഷ് ലുക്ക് കൊടുക്കാനൊരുങ്ങുന്നു. ഇന്ത്യയിൽ റെഡ്മി നോട്ട് 14 പ്രോ+, 14 പ്രോ എന്നിവയ്ക്ക് പുതിയ കളർ വേരിയന്റ് വരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുതിയ ലുക്കിൽ രണ്ട് പ്രോ ഫോണുകളും വരും.
ഷാംപെയ്ൻ ഗോൾഡ് കളറിലാണ് സ്മാർട്ഫോൺ പുറത്തിറക്കുന്നത്. ഈ പുതിയ കളർ വേരിയന്റിന്റെ ചിത്രം എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജൂലൈയിൽ വരുന്ന റെഡ്മി സ്മാർട്ഫോണിന്റെ കളറിൽ മാത്രമാണ് പുതുമ. നിലവിലുള്ള മൂന്ന് കളർ വേരിയന്റുകളുടെ അതേ സ്പെസിഫിക്കേഷനും വിലയുമായിരിക്കും ഷാംപെയ്ൻ ഗോൾഡ് ഫോണിനുമുണ്ടാകുക.
റെഡ്മി നോട്ട് 14 Pro, Pro Plus മോഡലുകളിൽ 120Hz റിഫ്രഷ് റേറ്റാണുള്ളത്. ഇവ രണ്ടിനും 6.67-ഇഞ്ച് 1.5K AMOLED ഡിസ്പ്ലേയാണുള്ളത്. അതുപോലെ IP68 റേറ്റിംഗുള്ള ഡസ്റ്റ് & വാട്ടർ റെസിസ്റ്റൻസും സ്മാർട്ഫോണുകൾക്കുണ്ട്. രണ്ട് റെഡ്മി സെറ്റുകളിലും ട്രിപ്പിൾ റിയർ ക്യാമറയുണ്ട്.
റെഡ്മി നോട്ട് 14 Pro: 5500mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിങ്ങുമുള്ള ഫോണാണിത്. ഇതിൽ 50MP Sony LYT-600 മെയിൻ ക്യാമറയാണ് നൽകിയിരിക്കുന്നത്. മീഡിയാടെക് ഡൈമൻസിറ്റി 7300-Ultra SoC ആണ് ചിപ്സെറ്റ്.
റെഡ്മി നോട്ട് 14 Pro Plus: ഇതിൽ 50MP ലൈറ്റ് ഫ്യൂഷൻ 800 OIS മെയിൻ ക്യാമറയാണ് കൊടുത്തിരിക്കുന്നത്. 50MP 2.5X പോർട്രെയിറ്റ് ടെലിഫോട്ടോ ലെൻസുമുണ്ട്. 6200mAh വലിയ ബാറ്ററിയും 90W അതിവേഗ ചാർജിംഗും സപ്പോർട്ട് ചെയ്യുന്നു. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 7s Gen 3 SoC പ്രോസസർ കൊടുത്തിരിക്കുന്നു.
റെഡ്മി നോട്ട് 14 പ്രോ+ ഫോണിന് 8 ജിബി + 128 ജിബി സ്റ്റോറേജാണുള്ളത്. 29,999 രൂപയാണ് വില.
റെഡ്മി നോട്ട് 14 പ്രോയുടെ 8 ജിബി + 128 ജിബി വേരിയന്റിന് 23,999 രൂപയാകുന്നു. ഷാംപെയ്ൻ ഗോൾഡ് കളറിലുള്ള പ്രോ, പ്രോ പ്ലസ് ഫോണുകൾക്കും ഇതേ വിലയാകുമെന്ന് പ്രതീക്ഷിക്കുന്നു.