next iphone 18 may feature 200mp camera
വരാനിരിക്കുന്ന iPhone 18-ൽ വമ്പൻ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഈ വർഷം വരുന്ന ഐഫോൺ 17-ന് ശേഷം ആപ്പിൾ നിർമിക്കുന്ന സ്മാർട്ഫോണുകൾ ഐഫോൺ 18 ആണ്. ഈ സീരീസുകളിൽ കമ്പനി ഉൾപ്പെടുത്തുന്ന ക്യാമറയും സെൻസറുകളുടെ റെസല്യൂഷനെയും കുറിച്ച് റിപ്പോർട്ടുകൾ പരക്കാൻ തുടങ്ങി.
ആപ്പിൾ ഒരു വലിയ ക്യാമറ അപ്‌ഡേറ്റിൽ പ്രവർത്തിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് പുതിയതായി വരുന്നത്. മറ്റെല്ലാ വലിയ കമ്പനികളും ഉയർന്ന റെസല്യൂഷനുള്ള ക്യാമറ സ്പെസിഫിക്കേഷനുകളുമായി വരുമ്പോൾ ആപ്പിളിന് മാത്രം ഒഴിഞ്ഞു മാറാനാകില്ലല്ലോ? എന്താണ് ഐഫോൺ 18-നെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുകളെന്ന് നോക്കിയാലോ…
ഭാവിയിലെ ഐഫോൺ മോഡലുകളിൽ 200 മെഗാപിക്സൽ ക്യാമറയായിരിക്കും നൽകുന്നതെന്നാണ് വിവരം. ഇത്രയും ഉയർന്ന റെസല്യൂഷനുള്ള സെൻസർ ആപ്പിൾ പരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇങ്ങനെ ടിം കുക്കും കൂട്ടരും അൾട്രാ-ഹൈ-റെസല്യൂഷൻ സ്മാർട്ട്‌ഫോൺ ഫോട്ടോഗ്രാഫിയിലേക്ക് കടക്കുമെന്നാണ് സൂചന. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മൊബൈൽ ഫോട്ടോഗ്രാഫിയിൽ ആപ്പിൾ തങ്ങളുടെ മേധാവിത്തം ഉറപ്പിക്കാനുള്ള തന്ത്രപ്പാടിലാണ്. എന്നാൽ ഈ വർഷത്തെ ഐഫോണുകളിൽ ഇത് പ്രതീക്ഷിക്കേണ്ടതില്ലെന്നുമാണ് വിവരം. 2026-ലെ പ്രോ-ലെവൽ ഐഫോണിൽ പ്രൈമറി റിയർ ക്യാമറയായി 200-മെഗാപിക്സൽ സെൻസർ ഉപയോഗിച്ചേക്കും. അങ്ങനെയെങ്കിൽ 48MP സെൻസറിൽ നിന്നുള്ള വലിയ കുതിച്ചുചാട്ടമായിരിക്കും ഇത്.
ഐഫോൺ ആരാധകരെ പോലും അതിശയിപ്പിക്കുന്ന ക്യാമറയാണ് ആൻഡ്രോയിഡിൽ സാംസങ് കാഴ്ച വയ്ക്കുന്നത്. 2023-ൽ ഗാലക്‌സി എസ്23 അൾട്രായിലാണ് സാംസങ് ആദ്യമായി 200MP ക്യാമറ അവതരിപ്പിച്ചത്. ഇതിന് ശേഷം Samsung Galaxy S24 അൾട്രാ, S25 അൾട്രാകളിലും 200MP സെൻസർ അപ്ഗ്രേഡ് ചെയ്തു. ഈ വർഷം വിവോ പുറത്തിറക്കിയ വിവോ എക്സ് 200 പ്രോയിലും 200 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയായിരുന്നു ഉൾപ്പെടുത്തിയത്. ഇനി ഐഫോണും 200 മെഗാപിക്സലിലേക്ക് കടക്കുകയാണെങ്കിൽ, പ്രതാപം നഷ്ടപ്പെടാതെ വിപണിയിൽ ആധിപത്യം തുടരാനാകും.
200 മെഗാപിക്സൽ സെൻസർ ഫോട്ടോഗ്രാഫിയിൽ മാത്രമല്ല കമ്പനി ശ്രദ്ധ നൽകുന്നതെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. അഡ്വാൻസ്ഡ് സൂം, ഹൈ റെസല്യൂഷൻ പ്രിന്റുകൾ, കൂടുതൽ ഡൈനാമിക് ക്രോപ്പിംഗ് തുടങ്ങിയ ഫീച്ചറുകളിലേക്കും കമ്പനി ശ്രദ്ധ നൽകിയേക്കും. എങ്കിലും എന്തുകൊണ്ട് ഇത് അടുത്ത വർഷത്തെ ഫോൺ വരെ കാത്തിരിക്കുന്നു എന്ന സംശയത്തിലാണ് ടെക് ലോകം ഉറ്റുനോക്കുന്നത്.
Read Also: Samsung One UI 8 ഉടൻ കിട്ടും, എന്നാൽ ഈ പുതിയ പ്രീമിയം Galaxy Phone-ലേക്ക് അപ്ഗ്രേഡില്ല…