ഓറഞ്ച് ക്രഷ് ഉണർത്തുന്ന iPhone 17 പ്രോ ഉൾപ്പെടെയുള്ള ഹാൻഡ്സെറ്റുകളുടെ First Sale ഇന്നാണ്. ഐഫോൺ 17 സീരീസിൽ നാല് മോഡലുകളാണ് ടിം കുക്ക് കമ്പനി അവതരിപ്പിച്ചത്. ബേസിക് മോഡലായ ഐഫോൺ 17, ഐഫോൺ എയർ, ഐഫോൺ 17 പ്രോ, പിന്നെ ഏറ്റവും കേമനായ ഐഫോൺ 17 പ്രോ മാക്സും. ആദ്യ വിൽപ്പനയിൽ നിന്ന് വാങ്ങുകയാണെങ്കിൽ, വലിയ ലോഞ്ച് ഓഫറുകളാണ് ഐഫോൺ ആരാധകർക്കായി ലഭിക്കുന്നത്. ഐഫോൺ 17 സീരീസുകളുടെ ആദ്യ സെയിലിലെ ഇഎംഐ, എക്സ്ചേഞ്ച്, ബോണസ് ഓഫറുകൾ വിശദമായി അറിയാൽ താൽപ്പര്യമുണ്ടോ? എങ്കിലിതാ…
സെപ്തംബർ 12 മുതൽ ഇന്ത്യയിലും ഫോണുകളുടെ പ്രീ- ബുക്കിങ് ആരംഭിച്ചു. സെപ്തംബർ 19 മുതൽ സ്മാർട്ഫോണുകളുടെ വിൽപ്പനയും തുടങ്ങുകയാണ്. ഇന്നത്തെ ഐഫോൺ 17 സീരീസ് സെയിലിൽ നിരവധി ഓഫറുകളാണ് കാത്തിരിക്കുന്നത്. നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച്, ക്യാഷ്ബാക്ക് ഡീലുകളുണ്ട്.
ആപ്പിൾ ആറ് മാസം വരെ നോ കോസ്റ്റ് ഇഎംഐ മിക്ക ബാങ്ക് കാർഡുകൾക്കുമായി അനുവദിച്ചിരിക്കുന്നു. അമേരിക്കൻ എക്സ്പ്രസ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് കാർഡുകളിലൂടെ 10,000 രൂപ വരെ തൽക്ഷണ ക്യാഷ്ബാക്ക് നേടാം.
പ്രതിമാസം 12,983 രൂപ മുതൽ ഐഫോൺ 17 തൽക്ഷണ ക്യാഷ്ബാക്കും നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്. ഫോണിന്റെ ഇന്ത്യയിലെ വിപണി വില 82,900 രൂപയാണ്. 19,150 രൂപ മുതൽ തൽക്ഷണ ക്യാഷ്ബാക്കും നോ കോസ്റ്റ് ഇഎംഐയിലും ഐഫോൺ എയർ പർച്ചേസ് ചെയ്യാം.
പ്രോ വേരിയന്റുകൾക്കും ആപ്പിളിൽ നിന്ന് ഓഫറുകളുണ്ട്. ഐഫോൺ 17 പ്രോയും ഐഫോൺ 17 പ്രോ മാക്സും പ്രതിമാസം 21,650 രൂപ മുതൽ തൽക്ഷണ ക്യാഷ്ബാക്കും നോ കോസ്റ്റ് ഇഎംഐയുമായി വാങ്ങാം.
ഓൺലൈനിലും ഓഫ്ലൈനിലും ആപ്പിൾ ആകർഷകമായ എക്സ്ചേഞ്ച് ഡീലും അനുവദിച്ചിട്ടുണ്ട്. ആപ്പിൾ ട്രേഡ് ഇൻ എന്ന ഓപ്ഷനിലൂടെ, എക്സ്ചേഞ്ച് ഓഫർ ലഭിക്കും. ഇങ്ങനെ നിങ്ങൾക്ക് 64,000 രൂപ വരെ ലാഭിക്കാനാകും. നിങ്ങൾ തിരഞ്ഞെടുത്ത ഇഎംഐ പ്ലാനിനൊപ്പവും എക്‌സ്‌ചേഞ്ച് ഓഫർ ലഭിക്കുന്നതാണ്.
ഐഫോൺ 17 ബേസിക് മോഡൽ: Rs 82,900
ഐഫോൺ എയർ: Rs 119,900
ഐഫോൺ 17 പ്രോ: Rs 134,900
ഐഫോൺ 17 പ്രോ മാക്സ്: Rs 149,900
ഇപ്പോൾ ഇന്ത്യയിൽ ആപ്പിളിന്റെ സ്വന്തം റീട്ടെയിൽ ഷോപ്പുകളുമുണ്ട്. മുംബൈ, ഡൽഹി, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിലെ ആപ്പിൾ സ്റ്റോറുകളിലൂടെ നിങ്ങൾക്ക് ഐഫോൺ 17 സീരീസ് പർച്ചേസ് ചെയ്യാവുന്നതാണ്.