iPhone 17 Launched
അങ്ങനെ ടിം കുക്കും കൂട്ടരും iPhone 17 ലോഞ്ച് ചെയ്തിരിക്കുന്നു. അഞ്ച് കിടിലൻ കളറുകളിലാണ് ഐഫോൺ 17 പുറത്തിറക്കിയത്. വലിയ ഡ്യൂറബിലിറ്റിയിൽ സെറാമിക് ഷീൽഡ് 2 പ്രൊട്ടക്ഷനുമായാണ് സ്റ്റാൻഡേർഡ് വേരിയന്റ് അവതരിപ്പിച്ചത്.
Awe Dropping എന്ന ആപ്പിൾ ഇവന്റിലാണ് ടിം കുക്കും ടീമും സ്മാർട്ഫോണിനെ ആദ്യമായി പരിചയപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 10.30 മണി മുതൽ ആപ്പിൾ വാച്ച് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പരിചയപ്പെടുത്തി തുടങ്ങി. ലാവെൻഡർ, മിസ്റ്റ് ബ്ലൂ, കറുപ്പ്, വെള്ള, സേജ് നിറങ്ങളിലാണ് ഐഫോൺ 17 നിർമിച്ചിട്ടുള്ളത്. സ്മാർട്ഫോണിന്റെ വിലയും ഫീച്ചറുകളും നോക്കാം.
ഐഫോൺ 17 സ്മാർട്ഫോണിൽ A19 ചിപ്‌സെറ്റ് ഉപയോഗിച്ചിരിക്കുന്നു. ഇതിൽ ആപ്പിൾ ഇന്റലിജൻസ് സപ്പോർട്ടുമുണ്ച്. iOS 26 ഓപ്പറ്റേറ്റിങ് സിസ്റ്റത്തിലൂടെ വിഷ്വൽ ഇന്റലിജൻസ്, ലൈവ്-ട്രാൻസ്ലേഷൻ എന്നിവ ലഭിക്കും. ഫോണിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത സെറാമിക് ഷീൽഡ് 2 ഡിസ്‌പ്ലേയാണ്.
6.3 ഇഞ്ച് വലിപ്പമുള്ള ProMotion ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഇത് 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. അതുപോലെ ഫോൺ ഡിസ്പ്ലേയ്ക്ക് LTPO (ലോ-ടെമ്പറേച്ചർ പോളിക്രിസ്റ്റലിൻ ഓക്സൈഡ്) ടെക്നോളജി സപ്പോർട്ടുണ്ട്. ഈ ഫീച്ചറിലൂടെ വ്യത്യസ്ത റിഫ്രഷ് റേറ്റ്കളിലേക്ക് ഡൈനാമിക് ആയി മാറാം. കൂടാതെ ഡിസ്പ്ലേയ്ക്ക് 3,000 നിറ്റുകളുടെ പീക്ക് ബ്രൈറ്റ്നെസ്സും ലഭിക്കുന്നു.
സ്റ്റാൻഡേർഡ് വേരിയന്റിൽ ആപ്പിൾ നൽകിയിട്ടുള്ളത് 48 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയാണ്. 2x ഒപ്റ്റിക്കൽ ടെലിഫോട്ടോയും ഇതിലുണ്ട്. ഡ്യുവൽ റിയർ ക്യാമറയ്ക്ക് പുറമെ ഹാൻഡ്സെറ്റിലെ സെൽഫി സെൻസറിലും മുൻഗാമിയിൽ നിന്ന് അപ്ഗ്രേഡുണ്ട്. 24 മെഗാപിക്സൽ സ്ക്വയർ സെൻസറാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ ഫ്രണ്ട് സെൻസർ കോളുകൾക്കുള്ള സെന്റർ സ്റ്റേജ് സപ്പോർട്ട് ചെയ്യുന്നു.
സ്ക്രാച്ചിൽ നിന്നും ഐഫോൺ 17 പ്രതിരോധം ഉറപ്പാക്കുന്നു. 7-ലെയർ ആന്റി-റിഫ്ലെക്റ്റീവ് കോട്ടിംഗ് ഫോണിൽ കൊടുത്തിരിക്കുന്നു.
256GB, 512GB സ്റ്റോറേജ് കപ്പാസിറ്റികളിലാണ് ബേസിക് മോഡൽ അവതരിപ്പിച്ചത്. ഇതിന്റെ ഇന്ത്യയിലെ വില 82900 രൂപയിൽ ആരംഭിക്കുന്നു. 799 ഡോളറാണ് വിദേശരാജ്യങ്ങളിലെ വില.
Also Read: BSNL 1 Year Plan: Unlimited കോളിങ്, ഡാറ്റ, SMS ഒരു വർഷം ഫുൾ! വെറും 4 രൂപയ്ക്ക്…