Samsung Galaxy S24
Samsung Galaxy S24 ഇന്ത്യയുടെ ഫേവറിറ്റ് സ്മാർട്ഫോണാണ്. ഇത്തവണ എത്തിയ Samsung Galaxy S25 സീരീസിലെ എല്ലാ മോഡലുകളിലും സ്നാപ്ഡ്രാഗണിന്റെ പ്രോസസറാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ എസ്24 സീരീസിലെ എല്ലാ ഫോണുകളിലും ഒരു പ്രോസസറല്ലല്ലോ കൊടുത്തത്. ഇക്കാര്യത്തിലാണ് സാംസങ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത എത്തിയിട്ടുള്ളത്.
Exynos പ്രോസസറിലാണ് ഇന്ത്യയിൽ സാംസങ് ഗാലക്സി എസ്24 പുറത്തിറക്കിയത്. എന്നാൽ എസ്24 സീരീസിലെ സ്റ്റാൻഡേർഡ് മോഡൽ വിദേശരാജ്യങ്ങളിൽ സ്നാപ്ഡ്രാഗൺ പ്രോസസറിലാണ് അവതരിപ്പിച്ചത്. മികച്ച ക്യാമറയും, താങ്ങാനാവുന്ന വിലയുമാണെങ്കിലും പ്രോസസർ എക്സിനോസ് ആണല്ലോ എന്നായിരുന്നു ഇന്ത്യക്കാർ കണ്ട പോരായ്മ. ഇത് പരിഹരിക്കാൻ Galaxy S24 5G വീണ്ടും ലോഞ്ച് ചെയ്യുകയാണ്.
ഫ്ലിപ്കാർട്ടിൽ പുതിയ പ്രോസസറുമായി ഈ സാംസങ് സ്റ്റാൻഡേർഡ് ഫോൺ വരുമെന്ന് പറയുന്നു. ഈ ഗാലക്സി എസ്24 5Gയിൽ Snapdragon 8 Gen 3 പ്രോസസറായിരിക്കും കൊടുക്കുക. സെപ്റ്റംബർ 23-ന് ആരംഭിക്കാൻ പോകുന്ന ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിലായിരിക്കും ഫോൺ ആദ്യമായി അവതരിപ്പിക്കുക. സ്നാപ്ഡ്രാഗൺ 8 ജെൻ 3 വേരിയന്റ് സാംസങ് ഫോൺ ഈ സെയിൽ മാമാങ്കത്തിലൂടെ പർച്ചേസ് ചെയ്യാനുമാകും.
കഴിഞ്ഞ വർഷം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയ എക്‌സിനോസ്-പവർഡ് ഗാലക്‌സി എസ് 24 ഫ്ലിപ്കാർട്ടിൽ നിന്ന് മാറ്റിയിട്ടുണ്ട്. പോരാഞ്ഞിട്ട് ആംബർ യെല്ലോ, കോബാൾട്ട് വയലറ്റ്, മാർബിൾ ഗ്രേ, ഒനിക്സ് ബ്ലാക്ക് എന്നീ നിറങ്ങളിൽ പുതിയ ഫോൺ വരുമെന്നും സൂചനയുണ്ട്. ഇങ്ങനെ സ്നാപ്ഡ്രാഗണുമായി എസ്24 ബേസിക് മോഡലെത്തിയാൽ അത് ഇന്ത്യയിലെ ബജറ്റ് പ്രീമിയം സ്മാർട്ഫോൺ വിപണിയിൽ കത്തിക്കയറുമെന്നത് തീർച്ചയാണ്.
120Hz റിഫ്രഷ് റേറ്റുള്ള 6.2 ഇഞ്ച് FHD+ ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയായിരിക്കും ഇതിൽ നൽകുന്നത്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 ആണ് ഫോണിലെ സോഫ്റ്റ് വെയർ. ഹാൻഡ്സെറ്റിൽ ഏഴ് വർഷം വരെ OS അപ്‌ഗ്രേഡുകൾ പ്രതീക്ഷിക്കാം.
ക്യാമറ യൂണിറ്റിലേക്ക് വന്നാൽ സാംസങ് സ്മാർട്ട്‌ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറയായിരിക്കും കൊടുക്കുക. ഇതിൽ 50MP വൈഡ് ലെൻസ്, 12MP അൾട്രാ-വൈഡ് ലെൻസും കൊടുത്തേക്കും. 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ ലെൻസും ഗാലക്സി എസ്24 5ജിയിൽ നൽകും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP സെൻസറായിരിക്കും സ്മാർട്ഫോണിൽ കൊടുക്കുന്നത്. ഇതിൽ 4,000mAh ബാറ്ററിയും 25W വയർഡ് ഫാസ്റ്റ് ചാർജിംഗും ഉൾപ്പെടുത്തുന്നു.
ഇതുവരെ ഇന്ത്യയിൽ എക്സിനോസ് പ്രോസസറായിരുന്നെങ്കിൽ ഇനി മുതൽ Snapdragon 8 Gen 3 ലഭിക്കുന്നതാണ്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസർ ഫോണിലുണ്ടാകും. ഇത് അഡ്രിനോ 750 ജിപിയുമായി ബന്ധിപ്പിക്കുന്നു.
74,999 രൂപ മുതലായിരിക്കും ഗാലക്സി എസ്24 5ജിയുടെ വില ആരംഭിക്കുന്നത്. എന്നാൽ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഇതിന് 40,000 രൂപയ്ക്ക് താഴെയാകും വിലയാകുക എന്നും റിപ്പോർട്ടുകൾ പറയുന്നു.
Also Read: iPhone 17 Launch: സീരീസിലെ ഒരു ഐഫോണിൽ 5088mAh ബാറ്ററിയുണ്ടാകും! എങ്കിൽ വലിയൊരു അപ്ഗ്രേഡ് തന്നെ…