ആപ്പിൾ ആരാധകർ ലോകമെമ്പാടും ആകാംഷയോടെ കാത്തിരിക്കുന്ന Surprise and Shine സെപ്തംബർ 9 ന് നടക്കുന്നു. ഐഫോൺ 18 ബേസിക് മോഡൽ ലോഞ്ച് ചെയ്യുന്നില്ലെങ്കിലും iPhone 18 Pro, iPhone 18 Pro Max മോഡലുകൾ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചരിത്രത്തിലെ ആദ്യ ഫോൾഡ് ഫോണായ iPhone Ultra യും സെപ്തംബർ 9 ന് പുറത്തിറങ്ങും. ഇന്ത്യൻ സമയം രാത്രി പത്തര മണിക്കാണ് ആപ്പിളിന്റെ ഈ മെഗാ ഇവന്റ് ലൈവായി ആരംഭിക്കുന്നത്. സർപ്രൈസ് ആൻഡ് ഷൈൻ ഇവന്റിൽ വരുന്ന ഐഫോണുകളുടെ പ്രത്യേകതയും ഏകദേശ വിലയും അറിയാം.
ഇത്തവണ ആപ്പിളിന്റെ പുതിയ സിഇഒയായി ചുമതല ഏറ്റെടുത്ത John Ternus ലോഞ്ച് ഇവന്റിന് നേതൃത്വം നൽകും. കമ്പനിയുടെ ഹാർഡ് വെയർ ചീഫായിരുന്ന ജോൺ ടെർണസ് സെപ്തംബർ 1 മുതലാണ് ആപ്പിൾ സിഇഒ ആയി ചുമതല ഏറ്റെടുത്തത്. ലോഞ്ച് കാണാൻ താൽപ്പര്യമുള്ളവർക്ക് ആപ്പിൾ ഇവന്റ്സ് വെബ്‌സൈറ്റിൽ ലൈവ് കാണാം. ആപ്പിളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ആപ്പിൾ ടിവി ആപ്പ് വഴിയും (Apple.com, ആപ്പിൾ TV ആപ്പ്, YouTube) പരിപാടി തത്സമയം കാണാനാകും.
ആപ്പിളിന്റെ സർപ്രൈസ് ആൻഡ് ഷൈൻ ഇവന്റിൽ ഐഫോൺ 18 പ്രോ, പ്രോ മാക്സ്, ഐഫോൺ അൾട്രാ എന്നീ സ്മാർട്ട് ഫോണുകളുണ്ടായിരിക്കും. 48 മെഗാപിക്സൽ ക്യാമറ, പുതിയ കളർ ഓപ്ഷനുകൾ എന്നിവയാണ് ഇത്തവണ പ്രതീക്ഷിക്കുന്ന വലിയ അപ്ഡേറ്റുകൾ. രണ്ട് പ്രോ മോഡലുകളിലും ആപ്പിളിന്റെ A20 Pro ചിപ്‌സെറ്റ് കൊടുത്തേക്കും. ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ ഫോണും അരങ്ങേറ്റം കുറിക്കുകയാണ്.
ഈ ചടങ്ങിൽ Watch Ultra 4 അവതരിപ്പിക്കാനും സാധ്യതയുണ്ട്. ആപ്പിൾ വാച്ച് Series 12 എന്ന സ്മാർട്ട് വാച്ചും അരങ്ങേറ്റം കുറിക്കാനിടയുണ്ട്. സെറാമിക് എഡിഷനിലും വാച്ച് അവതരിപ്പിച്ചേക്കും. always-on heart monitor സംവിധാനവും ഇതിൽ ഉണ്ടായേക്കാം. ഇവന്റിൽ AirPods 5 അവതരിപ്പിച്ചേക്കാം. കൂടുതൽ ഹെൽത്ത് ഫീച്ചറുകളും മികച്ച ഓഡിയോ ക്വാളിറ്റിയുമുള്ള എയർപോഡുകളാണ് ഇത്തവണ വരുന്നത് എന്നാണ് റിപ്പോർട്ട്. ഇവയ്ക്കൊപ്പം ആപ്പിൾ പുതിയ സോഫ്റ്റ് വെയറായ iOS 27 കൂടി റിലീസ് ചെയ്തേക്കുമെന്ന വാർത്തകളും വരുന്നു.
ഇന്ത്യൻ സമയം സെപ്തംബർ 9 ന് 10.30 മണിക്കാണ് ലോഞ്ച് ഇവന്റ് നടക്കുക. കാലിഫോർണിയയിലെ ക്യൂപ്പർട്ടിനോയിലുള്ള ആപ്പിളിന്റെ ആസ്ഥാനത്ത് വച്ചാണ് ഇവന്റ്. സെപ്തംബർ 12 മുതൽ ഐഫോണുകളുടെ പ്രീ ഓർഡർ ആരംഭിക്കുമെന്നും ഫോർബ്സ് അറിയിച്ചു. സാധാരണ പ്രീ ഓർഡറുകൾ ലോഞ്ച് ഇവന്റിന് പിന്നാലെ ആരംഭിക്കും. എന്നാൽ ഇത്തവണ കുറച്ച് ദിവസം കാത്തിരിക്കേണ്ടി വരും.
ഐഫോൺ 18 പ്രോയുടെ വില ഏകദേശം 1,39,900 രൂപയായേക്കും. അതേസമയം, ഐഫോൺ 18 പ്രോ മാക്സിന്റെ വില 1,54,900 രൂപയോ 1,69,900 രൂപയോ ഇടയ്ക്ക് വരുമെന്നാണ് സൂചന.
12,999 രൂപയിലായിരിക്കും ആപ്പിൾ എയർപോഡ്സ്5 ലോഞ്ച് ചെയ്യുന്നത്. 89,900 രൂപ മുതലാകും ആപ്പിൾ വാച്ച് അൾട്രാ 4 അവതരിപ്പിക്കുക. 46,490 രൂപ മുതൽ 49,900 രൂപ വരെ Watch Series 12 ന് ഏകദേശം വിലയായേക്കും.
6.9 ഇഞ്ച് LTPO സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയിൽ ഐഫോൺ 18 പ്രോ മാക്സ് അവതരിപ്പിക്കും. ഐഫോൺ 18 പ്രോ മോഡലിൽ 6.3 ഇഞ്ച് ഡിസ്പ്ലേയാകും നൽകുക. പിൻഭാഗത്ത് ട്രിപ്പിൾ 48MP ക്യാമറ യൂണിറ്റുണ്ടാകുമെന്നാണ് സൂചന. ഐഫോൺ 18 പ്രോയിൽ 4,288mAh ബാറ്ററിയും ഐഫോൺ 18 പ്രോ മാക്സിൽ 5,425mAh ബാറ്ററിയോ 5,567mAh വരെയുള്ള ബാറ്ററിയുമാകും കൊടുക്കുക. ഐഫോൺ 18 പ്രോ മാക്സ് ഫോണിന് ഡാർക്ക് ചെറി നിറമായിരിക്കുമുള്ളത്. ഐഫോൺ 18 പ്രോ നീല നിറത്തിലും പുറത്തിറക്കുമെന്നാണ് സൂചന.
ചരിത്രത്തിലെ ആദ്യ ഫോൾഡ് ഐഫോണും ലോഞ്ച് ചെയ്യുകയാണ്. സാംസങ്ങിന്റെ ഫോൾഡ് സീരീസിന് സമാനമായ വീതിയേറിയ ഡിസൈനായിരിക്കും ഐഫോൺ അൾട്രായിൽ കൊടുക്കുക. ഈ ഐഫോൺ ഫോൾഡബിൾ മോഡലിന് 7.6-7.8 ഇഞ്ച് വലിപ്പമുള്ള ഇന്നർ OLED ഡിസ്‌പ്ലേ നൽകിയേക്കും. ഇതിൽ 5.3-5.5 ഇഞ്ച് കവർ ഡിസ്‌പ്ലേയും കൊടുത്തേക്കും.
റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ അൾട്രായ്ക്ക് യുഎസ്സിൽ 256GB മോഡലിന് ഏകദേശം $2,299 വിലയാകും. 512GB മോഡലിന് $2,499 വിലയും 1TB മോഡലിന് $2,799 വിലയുമായേക്കും.
ഇത് ഐഫോൺ അൾട്രായുടെ ചോർന്ന വിലയാണ്. ഇതുമായി ഒത്തുനോക്കി, ഇന്ത്യയിൽ ഏകദേശം 30 ശതമാനം അധിക വിലയായെന്ന് കണക്കുകൂട്ടുമ്പോൾ ഫോൾഡബിൾ ഫോണിന് രണ്ടര ലക്ഷത്തിനും മുകളിൽ വിലയാകും. അതും 256GB മോഡലിന്റെ വില ഏകദേശം 2.82 ലക്ഷം രൂപ വരെയാകും. എന്നുവച്ചാൽ സാംസങ്ങിന്റെ ഫോൾഡബിൾ ഫോണിനേക്കാൾ ഒരു ലക്ഷം രൂപ അധികമായിരിക്കും. 1.99 ലക്ഷം രൂപയാണ് 256 ജിബി സാംസങ് Z Fold8 Ultra യുടെ വില.
512GB ഐഫോൺ അൾട്രാ മോഡലിന് ഏകദേശം 3.06 ലക്ഷം വരെയുമാകും. 1TB കോൺഫിഗറേഷനിലുള്ള ഐഫോൺ ഫോൾഡിന് ഏകദേശം 3.4 ലക്ഷം രൂപ വരെയുമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എങ്കിലും ഐഫോൺ അൾട്രായുടെ ഇന്ത്യൻ വില ഇപ്പോഴും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.