whatsapp scam 4 05 crores lost by 45 year old malayalee
Kerala WhatsApp Scam: വാട്സ്ആപ്പിലൂടെ ആപ്പ് ഡൗൺലോഡ് ചെയ്ത് വെട്ടിലായി തൃപ്പൂണിത്തുറ സ്വദേശി. രണ്ടരമാസം കൊണ്ട് Investment Scam വഴി സൈബർ കുറ്റവാളികൾ തട്ടിയെടുത്തത് 4.05 കോടി രൂപ.
സൈബർ തട്ടിപ്പുകാർ പല പല രീതികളാണ് പയറ്റിനോക്കുന്നത്. ഡിജിറ്റൽ അറസ്റ്റ് ഇനി വില പോകില്ലെന്ന് കണ്ടതോടെ വാട്സആപ്പ് വഴി പല തട്ടിപ്പുകൾ നടത്തുകയാണ്. WhatsApp Hacking വഴിയും പണം ഊറ്റുന്നുണ്ട്.
ഇപ്പോഴിതാ തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശിയായ 45-കാരനും കബളിപ്പിക്കപ്പെട്ടു. ലാഭകരമായ നിക്ഷേപവും ഉയർന്ന ആദായവും ഓഫർ ചെയ്ത ആപ്പ് ഇൻസ്റ്റാൾ ചെയ്താണ് ഇയാൾ ഇരയായത്. നിക്ഷേപത്തിലൂടെ പണം സമ്പാദിക്കാമെന്ന ആഗ്രഹത്തിന് അദ്ദേഹത്തിന് നഷ്ടമായത് കോടികളാണ്. ആരും വിശ്വസിക്കുന്ന തരത്തിലാണ് ഈ Online Fraud നടന്നിരിക്കുന്നു. അതിനാൽ എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കളും ജാഗരൂകരായി ഇരിക്കേണ്ട കെണിയാണിത്. തട്ടിപ്പ് നടന്നതിങ്ങനെ…
ഒരു പ്രമുഖ സ്വകാര്യ ധനകാര്യ സേവന കമ്പനിയുടെ പ്രതിനിധിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. അവന്തിക ദേവ് എന്ന പേരിൽ സ്വയം പരിചയപ്പെടുത്തിയാണ് യുവതി തട്ടിപ്പ് നടത്തിയത്. ഇവർ ട്രേഡിങ് ഷെയറുകൾക്കായി 45-കാരനെ വാട്സ്ആപ്പിൽ ബന്ധപ്പെട്ടു. നിക്ഷേപ അവസരങ്ങൾക്കായി Br-Block Pro എന്ന ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ആപ്പിന്റെ ലിങ്കും ഇവർ വാട്സ്ആപ്പ് വഴി അയച്ചു നൽകി.
തട്ടിപ്പല്ലെന്ന് ബോധ്യപ്പെടുത്താൻ മറ്റ് ഉപയോക്താക്കളുടേതെന്ന് കാണിക്കുന്ന ചില റിപ്പോർട്ടുകളും ഇയാൾക്ക് നൽകി. മറ്റുള്ളവർ ഈ നിക്ഷേപങ്ങളിലൂടെ എങ്ങനെ ഉയർന്ന വരുമാനവും പെട്ടെന്ന് സാമ്പത്തിക നേട്ടവും നേടിയെന്ന് കാണിക്കുന്ന വ്യാജ റിപ്പോർട്ടുകളായിരുന്നു ഇവ. ഈ കെട്ടിച്ചമച്ച റിപ്പോർട്ടുകൾ ഉപയോഗിച്ച് ഇരയുടെ വിശ്വാസം നേടിയെടുത്തു.
ഇങ്ങനെ അദ്ദേഹം ആപ്പിലൂടെ പണം നിക്ഷേപം നടത്തി. സെപ്തംബർ 26 മുതലാണ് ഇയാൾ ആപ്പിലൂടെ നിക്ഷേപം ആരംഭിച്ചത്. ഡിസംബർ 9 വരെയുള്ള കാലയളവിൽ 4.05 കോടി രൂപ തട്ടിപ്പുകാരുടെ കൈയിലെത്തി. ഉയർന്ന ലാഭം നൽകുമെന്ന് വിശ്വസിച്ച് ഒന്നിലധികം നിക്ഷേപങ്ങളും നടത്തിയതാണ് ഇത്രയും വലിയ തുക നഷ്ടമാകാൻ കാരണം. അയാൾ നിക്ഷേപത്തിന്റെ ലാഭം അക്കൌണ്ടിൽ നിന്ന് പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. ആപ്പിലേക്കുള്ള പ്രവേശം നിഷേധിച്ചുവെന്ന് കണ്ടെത്തിയപ്പോൾ താൻ തട്ടിപ്പിന് ഇരയായതായി മനസിലായി. മാത്രമല്ല ആപ്പിന്റെ ഭാഗത്ത് നിന്നോ പ്രതിനിധിയിൽ നിന്നോ യാതൊരു പ്രതികരണവും ലഭിച്ചില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.
Also Read: Netflix Scam: സൂക്ഷിക്കുക, പേയ്മെന്റ് ചെയ്യുമ്പോൾ ഹാക്കറുടെ കെണിയിൽ അകപ്പെടരുതേ! New Scam ഇങ്ങനെ…
ശേഷം സൈബർ പോലീസിനെ സമീപിക്കുകയും ഇത് വിദഗ്ധമായ തട്ടിപ്പാണെന്നും മനസിലാക്കി. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. നമ്മൾ ഭാഗമാകുന്ന പല വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ആയിരിക്കും തട്ടിപ്പ് നടത്തുക. വാട്സ്ആപ്പിലൂടെ വരുന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്ത് കബളിപ്പിക്കപ്പെടുന്ന നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ആകർഷകമായ വാഗ്ദാനങ്ങളിൽ വീഴാതിരിക്കുക. വാട്സ്ആപ്പിലൂടെ ലഭിക്കുന്ന ലിങ്കുകളും ആപ്പുകളും തുറക്കുകയോ പ്രവർത്തിപ്പിക്കുകയോ ചെയ്യരുത്.