e-Rupeeയും UPIയും തമ്മിലുള്ള വ്യത്യാസം: RBI ഗവർണർ വിശദീകരിക്കുന്നു

e-Rupeeയും UPIയും തമ്മിലുള്ള വ്യത്യാസം: RBI ഗവർണർ വിശദീകരിക്കുന്നു
HIGHLIGHTS

UPI എന്നാൽ ബാങ്കിങ് ഇടപാടുകൾക്കുള്ള ഒരു പ്ലാറ്റ്ഫോമാണ്.

ഡിജിറ്റൽ രൂപത്തിൽ പണം കൈമാറാനുള്ള ഉപാധിയാണ് ഇ-റുപ്പി.

സിബിഡിസിയും യുപിഐയും തമ്മിലുള്ള വ്യത്യാസമെന്തെന്നും നേട്ടങ്ങൾ ഏതെല്ലാമെന്നും ആർബിഐ ഗവർണർ വിശദീകരിക്കുന്നു.

ഈ മാസമാദ്യം ആരംഭിച്ച ഇ-റുപ്പി(e-Rupee)യാണ് സമകാലിക ചർച്ചാവിഷയം. എന്നാൽ ഇ-റുപ്പി എങ്ങനെ മറ്റ് ഡിജിറ്റൽ പേയ്മെന്റുകളേക്കാൾ വ്യത്യാസമാകുന്നു എന്ന് നിരവധി റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India)യുടെ ഗവർണർ ഈ വിഷയത്തിൽ വ്യക്തവും വിശദവുമായി വിവരങ്ങൾ പങ്കുവക്കുകയാണ്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയും (സിബിഡിസി) യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസും (യുപിഐ) തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ആർബിഐ ഗവർണർ (RBI Governor) ശക്തികാന്ത് ദാസ് വിശദീകരിക്കുന്നു.

യുപിഐ ഇടപാടുകളിൽ നിന്ന് വ്യത്യസ്തമായി ഇ-റുപ്പി ഇടപാടുകൾക്ക് ഇടനിലക്കാരുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിബിഡിസിയും യുപിഐ(UPI)യും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചുള്ള ചർച്ചയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ ദാസിന്റെ അഭിപ്രായങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു. മൊത്തവ്യാപാര ഉപഭോക്താക്കൾക്കിടയിൽ ഇത്തരം കറൻസിയുടെ ഉപയോഗം വർധിപ്പിക്കുന്നതിനുള്ള ആദ്യപടിയായി റീട്ടെയിൽ ഇ- രൂപയുടെ പൈലറ്റ് ഡിസംബർ 1ന് RBI ആരംഭിച്ചു.

"ഏത് യുപിഐ ഇടപാടും ബാങ്ക് മുഖേനയാണ് നടപ്പിലാക്കുന്നത്. ഉദാഹരണത്തിന്, ഞാൻ ഒരു യുപിഐ ആപ്പ് ഉപയോഗിക്കുമ്പോൾ, എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പെടുകയും, പണം ലഭിക്കേണ്ടയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറുകയും ചെയ്യുന്നു. പേപ്പർ കറൻസി ഇടപാടുകളിൽ നിങ്ങൾ ബാങ്കിൽ നിന്ന് 1,000 രൂപ എടുക്കുകയാണെങ്കിൽ, അത്  നിങ്ങളുടെ പഴ്സിൽ സൂക്ഷിക്കുകയും ആവശ്യാനുസരണം ചെലവഴിക്കുകയും ചെയ്യാം,” ദാസ് പറഞ്ഞു.

മധ്യസ്ഥനില്ലാതെ പണമിടപാട്

"CBDCയിലാണെങ്കിൽ ഡിജിറ്റൽ കറൻസി സ്വന്തമാക്കിയ ശേഷം നിങ്ങളുടെ മൊബൈലിലെ വാലറ്റിലായിരിക്കും പണം സൂക്ഷിക്കേണ്ടത്. നിങ്ങൾ ഒരു കടയിലോ അല്ലെങ്കിൽ മറ്റൊരു വ്യക്തിക്കോ പണമടയ്ക്കുമ്പോൾ, അത് നിങ്ങളുടെ വാലറ്റിൽ നിന്ന് അവരുടെ വാലറ്റിലേക്ക് കൈമാറുന്നു. ബാങ്കിന്റെ റൂട്ടിങ്ങോ മധ്യസ്ഥതയോ ഇത്തരം ഇടപാടുകളിൽ ഇല്ല, ”ദാസ് കൂട്ടിച്ചേർത്തു. കറൻസി നോട്ടുകൾക്ക് സമാനമായി രണ്ട് സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ അല്ലെങ്കിൽ ബിസിനസ്സുകൾക്കിടയിൽ നേരിട്ട് പണമിടപാട് നടത്താൻ സിബിഡിസിക്ക് കഴിയുമെന്ന് ഡെപ്യൂട്ടി ഗവർണർ ടി റാബി ശങ്കർ വ്യക്തമാക്കി. യുപിഐ വഴിയുള്ള ഇടപാടാകുമ്പോൾ രണ്ട് ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ മാത്രമാണ് പണത്തിന്റെ കൈമാറ്റം നടക്കുന്നത്. ഈ ഇടനില ഒഴിവാക്കാൻ ഇ- രൂപക്ക് സാധിക്കും.

റീട്ടെയിൽ സിബിഡിസിക്ക് നിരവധി യൂസ് കേസുകളുണ്ടാകാമെന്നും ( Use case) അതിന്റെ പരിണാമം ഇന്ത്യൻ ഫിൻടെക് ഇക്കോസിസ്റ്റം പുതിയ സമ്പ്രദായവുമായി എങ്ങനെ ഇഴുകിച്ചേരുന്നു എന്നതിനെയും ഈ രംഗത്തെ പുത്തൻ സാധ്യതകൾ കണ്ടെത്തുന്നതിനെയും ആശ്രയിച്ചിരിക്കുമെന്നും ആർബിഐ ഡെപ്യൂട്ടി ഗവർണർ ടി റാബി ശങ്കർ പറഞ്ഞു.

"പേപ്പർ പണത്തിന് വിവിധ ഉപയോഗങ്ങളുണ്ട്. ഇ- കറൻസിക്ക് പേപ്പർ കറൻസിയിൽ നിന്ന് ലഭിക്കുന്ന എല്ലാ ഉപയോഗങ്ങളും സാധ്യമാണ്. ഇത്തരം ഇടപാടുകൾ സാധ്യമാക്കാൻ ഏത് തരത്തിലുള്ള പേയ്‌മെന്റ് മാധ്യമങ്ങൾ തുറക്കുന്നു എന്നതിനെ കൂടി ആശ്രയിച്ചായിരിക്കും ഇതിന്റെ വിജയം. ഇപ്പോൾ സർക്കാർ തുടക്കം കുറിക്കുന്ന ഈ അടിസ്ഥാന സംവിധാനം, പിന്നീട് സ്വകാര്യ മേഖലയ്ക്ക് അവരുടേതായ നൂതന ഇടപെടലുകൾ നടത്തി മുമ്പോട്ട് കൊണ്ടുപോകാം," ശങ്കർ പറഞ്ഞു. ഭാവിയിൽ സൗജന്യ പേയ്‌മെന്റുകളുടെ ഏക രൂപമായി സിബിഡിസി നിലനിൽക്കുമെന്ന് ഒന്നിലധികം വ്യവസായ വിദഗ്ധർ ചൂണ്ടിക്കാട്ടി. 

"നിങ്ങൾ മറ്റൊരാൾക്ക് കറൻസി നോട്ടുകൾ നൽകുമ്പോൾ, ആ വിവരം ബാങ്കിന് ലഭ്യമല്ലാത്തതിനാൽ ആർക്കും അത് സംബന്ധിച്ച വിവരങ്ങൾ  കണ്ടെത്താനാവില്ല. സിബിഡിസിയുടെ കാര്യത്തിൽ പോലും, വിവരങ്ങൾ ബാങ്കിന് ലഭ്യമല്ലാത്തതിനാൽ ബാങ്കിന് അത്തരം ഇടപാടുകളുടെ വിവരങ്ങൾ കണ്ടെത്താൻ കഴിയില്ല. എന്റെ മൊബൈലിൽ നിന്നും  മറ്റൊരു മൊബൈലിലേക്ക് എന്ന നിലയിലാകും ഇ- കറൻസി കൈമാറ്റം ചെയ്യപ്പെടുന്നത്" ഗവർണർ പറഞ്ഞു.

നിയമത്തിന്റെ കണ്ണിൽ പേപ്പർ കറൻസിയും ഡിജിറ്റൽ കറൻസിയും തമ്മിൽ വ്യത്യാസമില്ലെന്ന് ദാസ് പറഞ്ഞു. ഫിസിക്കൽ ക്യാഷിന്റെ ആദായനികുതി നിയമങ്ങൾ സിബിഡിസിക്ക് ബാധകമാകുമെന്ന് അദ്ദേഹം പറഞ്ഞു. റീട്ടെയിൽ സിബിഡിസി പരീക്ഷണ നടത്തിപ്പിന്റെ പ്രഖ്യാപനത്തിനിടെ ഏതാനും ബാങ്കുകളുമായുള്ള പങ്കാളിത്തത്തോടെ ഘട്ടം ഘട്ടമായി ഈ പദ്ധതി നടപ്പാക്കുമെന്നും പിന്നീട് അത് രാജ്യവ്യാപകമാക്കുമെന്നും ആർബിഐ അറിയിച്ചിരുന്നു.

മുംബൈ, ന്യൂഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നീ നാല് നഗരങ്ങളിലെ ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും ഒരു ചെറിയ ഗ്രൂപ്പിനിടയിലാണ് ഇ-റുപ്പിയുടെ പരീക്ഷണ നടത്തിപ്പ് കൊണ്ടുവന്നത്. അടുത്ത ഘട്ടത്തിൽ, അഹമ്മദാബാദ്, ഗാംഗ്‌ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, കൊച്ചി, ലഖ്‌നൗ, പട്‌ന, ഷിംല എന്നിവിടങ്ങളിലേക്കും ഇ – കറൻസി പദ്ധതി വ്യാപിപ്പിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവ പരീക്ഷണ നടത്തിപ്പിന്റെ ഭാഗമാണ്. ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയും പിന്നീട് ഇ- രൂപ പദ്ധതിയുടെ ഭാഗമായി മാറുമെന്നും ആർബിഐ അറിയിച്ചു.

Nisana Nazeer
Digit.in
Logo
Digit.in
Logo