ksmart marriage registration via video kyc
ഇനി കേരളത്തിന് പുറത്തുള്ള മലയാളികൾക്ക് Video KYC വഴി വിവാഹ രജിസ്ട്രേഷൻ നടത്താം. ഇതിനായി നാട്ടിൽ വരണമെന്നില്ലെന്നതാണ് നേട്ടം. കേരളത്തിന് പുറത്ത് താമസിക്കുന്നവർക്കും പ്രവാസികൾക്കും വീഡിയോ കെവൈസി വഴി രജിസ്റ്റർ ചെയ്യാം. കേരള സർക്കാരിന്റ പൂർണ ഡിജിറ്റലൈസേഷന്റെ ഭാഗമായാണിത്. എന്നുവച്ചാൽ സർക്കാർ സംബന്ധമായ സേവനങ്ങൾ 100 ശതമാനവും പേപ്പർ രഹിതമാക്കുക എന്നതാണ് ലക്ഷ്യം.
കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് ഇതിനായി വികസിപ്പിച്ച പ്ലാറ്റ്ഫോമാണ് കെ-സ്മാർട്ട്. K Smart വഴി വീഡിയോ അധിഷ്ഠിത വിവാഹ രജിസ്ട്രേഷൻ സേവനം ലഭ്യമാണ്.
പ്രവാസി മലയാളികൾക്ക് (NRK) ഈ ഡിജിറ്റൽ സംരംഭം തീർച്ചയായും ആശ്വാസകരമാണ്. എന്നുവച്ചാൽ പ്രാദേശിക ഓഫീസിൽ നേരിട്ട് ഹാജരാകാതെ തന്നെ ലോകത്തെവിടെ നിന്നും തങ്ങളുടെ വിവാഹം നാട്ടിൽ രജിസ്റ്റർ ചെയ്യാനാകും.
വധൂവരന്മാർ നേരിട്ട് ഹാജരാകാതെ ഐഡന്റിറ്റി വെരിഫിക്കേഷനായി വീഡിയോ കെവൈസി സഹായിക്കും. അപേക്ഷ നൽകി ഒന്ന് രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതും ഇതിന്റെ നേട്ടമാണ്. മുനിസിപ്പൽ ഓഫീസോ അക്ഷയ സെന്ററോ സന്ദർശിക്കേണ്ടതില്ല.
ആധാർ നമ്പറും പാസ്പോർട്ട് വിവരങ്ങളും മറ്റും ഓൺലൈനായി സമർപ്പിച്ചാണ് വിവാഹ രജിസ്ട്രേഷൻ നടത്തേണ്ടത്. എങ്ങനെയാണ് വീഡിയോ കെവൈസി വഴി വിവാഹ രജിസ്ട്രേഷൻ സപ്പോർട്ട് ചെയ്യേണ്ടതെന്ന് നോക്കാം.
കെ-സ്മാർട്ട് പ്ലാറ്റ്‌ഫോം വഴി വിവാഹ രജിസ്ട്രേഷൻ പ്രക്രിയ പൂർണ്ണമായും ഓൺലൈനായി നടത്താം. കേരളത്തിന് പുറത്തായാലും വീട്ടിലിരുന്നോ അല്ലെങ്കിൽ ലോകത്തെവിടെ നിന്നും അപ്ലൈ ചെയ്യാം.
More From Digit: Ambani Jio Offer! മൂന്നര മാസത്തേക്ക് കിടിലൻ 5G+ അടക്കം ബജറ്റ് വിലയിൽ
ഇതിനായി ആദ്യം കേരള സർക്കാരിന്റെ കെ-സ്മാർട്ട് പോർട്ടൽ സന്ദർശിക്കുക. ഇന്റർനെറ്റ് കണക്ഷനുണ്ടെങ്കിൽ നിങ്ങളുടെ ഫോണിൽ നിന്നോ, ടാബിൽ നിന്നോ, ലാപ്ടോപ്പിൽ നിന്നോ ഇത് ആക്സസ് ചെയ്യാം.
ഇതിനായി കെ സ്മാർട്ടിൽ അക്കൗണ്ട് സൃഷ്ടിക്കുക. പേര്, വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങൾ നൽകിയാണ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യേണ്ടത്. ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒടിപി ഉപയോഗിച്ച് കെ-സ്മാർട്ട് മൊബൈൽ ആപ്പിൽ പ്രൊഫൈൽ സൃഷ്ടിക്കാവുന്നതാണ്.
ഇനി ആപ്ലിക്കേഷനുള്ള പ്രക്രിയ ആരംഭിക്കാം. വിവാഹ വിവരങ്ങൾ ഇവിടെ നൽകാം. ഇതിനായി വധുവിന്റെയും വരന്റെയും പേരുകൾ, വിവാഹ തീയതി എന്നീ വിവാഹവുമായി ബന്ധപ്പെട്ട ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക. ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്യേണ്ട ഘട്ടവുമിതാണ്.
വയസ്സ് വ്യക്തമാക്കുന്നതിന് (പാസ്പോർട്ട്, എസ്എസ്എൽസി പോലുള്ള) രേഖകൾ സമർപ്പിക്കണം. മേൽവിലാസത്തിനുള്ള രേഖയായി ഐഡി പ്രൂഫ്, ആധാർ കാർഡ് ഉപയോഗിക്കാം. വിവാഹ ഫോട്ടോ, വിവാഹ ക്ഷണപത്രിക എന്നിവയിലേതെങ്കിലും രേഖയായി സമർപ്പിക്കാം.
ഇനി അടുത്തത് വീഡിയോ കെവൈസി വേരിഫിക്കേഷൻ ആണ്. അപേക്ഷ നൽകിയവരും സാക്ഷികളും ഒരു വീഡിയോ KYC പ്രക്രിയ പൂർത്തിയാക്കേണ്ടി വരും. ഇതിനായി ആധാർ അടിസ്ഥാനമാക്കിയുള്ള OTP പരിശോധനയോ, ഇമെയിൽ വഴിയുള്ള സ്ഥിരീകരണമോ ആവശ്യമായി വരും. വളരെ ഈസിയായി വീഡിയോ കോൾ വഴി ഇ കെവൈസി പൂർത്തിയാക്കാനാകും.
അടുത്തത് ഐഡന്റിറ്റി സ്ഥിരീകരിക്കുന്ന പ്രക്രിയയാണ്. വീഡിയോ കോൾ വഴി അധികാരികൾക്ക് നിങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാനാകും. അപേക്ഷ നൽകിയതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളും നിയമാനുസൃതമാണെന്നും വിവാഹം സാധുതയുള്ളതാണെന്നും ഇങ്ങനെ ഉറപ്പാക്കാനാകും.
വെരിഫിക്കേഷൻ പൂർത്തിയാക്കിയ ശേഷം വിവാഹ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകും. ഇത് പരമാവധി ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിലും ലഭിക്കുന്നതാണ്.
കെ സ്മാർട്ട് സൈറ്റിലൂടെ നിങ്ങൾക്ക് ഡിജിറ്റലായി വിവാഹ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഈ സർട്ടിഫിക്കറ്റ് നിയമപരമായി സാധുതയുള്ളതാണ്. അതുപോലെ ഇത് നിങ്ങൾക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതുമാണ്.