YouTubeൽ ലൈക്ക്, സബ്സ്ക്രൈബ് ഓഫറിലൂടെ തട്ടിപ്പ്! എങ്ങനെ കബളിക്കപ്പെടാതിരിക്കാം?

Updated on 29-May-2023
HIGHLIGHTS

പാർട് ടൈം ജോലി ഓഫറുകളുമായി പുതിയ തട്ടിപ്പ്

യൂട്യൂബ് ലിങ്കുകൾ നൽകിയുള്ള ഈ തട്ടിപ്പ് രീതി എങ്ങനെയെന്ന് നോക്കാം..

ലോകമെമ്പാടും കോവിഡെന്ന പകർച്ചവ്യാധി പടർന്ന് പിടിച്ചതിന് പിന്നാലെ പലരും വർക് ഫ്രം ഹോമിലേക്ക് കടന്നു. അതുപോലെ, പാർട്ട് ടൈം ജോലികൾക്കും ഇക്കാലം മുതലാണ് ജനപ്രിയത കൂടിയത്. എന്നാൽ, ഇതിനൊപ്പം തട്ടിപ്പുകളും പെരുകിയെന്ന് പറയാം. 

അതായത്, പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഓൺലൈനിലും വാട്സ്ആപ്പ് പോലുള്ള മെസേജ് ആപ്പുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലുമെല്ലാം വ്യാജ സന്ദേശങ്ങൾ നിരവധി പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇതിലൂടെ പണം തട്ടിപ്പുകളും ഒരുപാട് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഈ അടുത്തിടെ വന്ന തട്ടിപ്പ് YouTube-മായി ബന്ധപ്പെട്ടതാണ്.

Part- time ജോലി നൽകാമെന്ന് അവകാശപ്പെട്ട് ചില YouTube വീഡിയോകൾ പ്രചരിക്കുകയും, ഇവ ലൈക്ക് ചെയ്യുകയോ സബ്സ്ക്രൈബ് ചെയ്യുകയോ ഉണ്ടായാൽ അക്കൌണ്ട് കാലിയാകുകയോ ചെയ്യും. ഇത്തരം കബളിപ്പിക്കൽ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ സൈബർ ക്രൈം വിഭാഗമായ @Cyberdost YouTubeൽ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് ബോധവൽക്കരണം നടത്തുകയാണ്. YouTubeൽ 'ലൈക്ക് ആൻഡ് സബ്‌സ്‌ക്രൈബ്' ചെയ്യുമ്പോൾ സംഭവിക്കുന്ന തട്ടിപ്പിനെതിരെ ജാഗരൂകരാവണമെന്നും അധികൃതർ വ്യക്തമാക്കി.

YouTubeലെ Scam എങ്ങനെ ചെറുക്കാം?

WhatsApp, Telegram പോലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളിലാണ് ഇതിനുള്ള മെസേജുകൾ വരുന്നത്. ഈ ആപ്പുകളിലേക്ക് ഷെയർ ചെയ്യുന്ന ലിങ്കുകൾ ലൈക്ക് ചെയ്യുന്നതും, സബ്സ്ക്രൈബ് ചെയ്യുന്നതുമാണ് പാർട് ടൈം ജോലിയെന്നും, ഇങ്ങനെ നിങ്ങൾക്കായി ഒരു വരുമാനം കണ്ടെത്താമെന്നുമാണ് പറയുന്നത്.

ആളുകളുടെ വിശ്വാസം നേടിയെടുക്കാൻ തട്ടിപ്പുകാർ അവർ എത്ര രൂപ വരെ ഇത്തരത്തിൽ സമ്പാദിച്ചുവെന്ന് കാണിക്കുന്നു. എന്നാൽ ഈ തുക ലഭിക്കണമെങ്കിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് കെണി ഒരുക്കിയിരിക്കുന്നത്. ഇതിൽ കബളിക്കപ്പെട്ട് ആരെങ്കിലും പണം നിക്ഷേപിച്ചാൽ പിന്നീട് അവരെ എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഉടനടി ബ്ലോക്ക് ചെയ്യുന്നു. ഇങ്ങനെ ജോലി വാഗ്ദാനം ചെയ്ത് കബളിക്കപ്പെടുന്നത് കൂടുതലും യുവാക്കളാണെന്നാണ് റിപ്പോർട്ട്. 

തട്ടിപ്പിന്റെ രീതി…

യൂട്യൂബ് വീഡിയോ ലൈക്ക്, സബ്സ്ക്രൈബ് ചെയ്താൽ 1000 രൂപ വരെ സമ്പാദിക്കാം. പ്രതിദിനം 5,000 രൂപയുടെ വരുമാനം ലഭിക്കുമെന്ന ആകർഷകമായ ഓഫറാണ് മുന്നോട്ട് വയ്ക്കുന്നത്. ഈ ഓഫർ സ്വീകരിച്ചാൽ ജോലി അസൈൻ ചെയ്യുന്ന ആൾ നിങ്ങലെ ഒരു ടെലിഗ്രാം ചാനലിലേക്ക് ചേർക്കും. ഇതിൽ വരുന്ന വീഡിയോകൾ ലൈക്ക് നൽകാനും സബ്സ്ക്രൈബ് ചെയ്യാനും ഇതിന്റെ സ്ക്രീൻഷോട്ട് വർക് മാനേജർക്ക് അയയ്ക്കാനുമാണ് ആവശ്യപ്പെടുന്നത്. 

ഇങ്ങനെ ചെയ്യുമ്പോൾ ഇത്രയും പണം നിങ്ങൾക്ക് ലഭിച്ചതായി ഒരു ഡാറ്റ മാനേജർ പങ്കുവയ്ക്കും. എന്നാൽ, ഈ പണം അക്കൌണ്ടിലേക്ക് കൈമാറ്റം ചെയ്തിട്ടില്ല. 5,000 രൂപയാണ് ഒരു ദിവസം സമ്പാദിച്ചതെങ്കിൽ, ഒരു നിശ്ചിത തുക അക്കൌണ്ടിലേക്ക് ഇടാൻ മാനേജർ നിർദേശിക്കും. ഇങ്ങനെ പണം നഷ്ടമാകുന്നു.

തട്ടിപ്പുകളെ എങ്ങനെ പ്രതിരോധിക്കാം…?

എല്ലാ പാർട് ടൈം ജോലി ഓഫറുകളും തട്ടിപ്പുകളാണെന്ന് പറയാൻ സാധിക്കില്ല. എങ്കിലും, ഇങ്ങനെ എന്തെങ്കിലും ഓഫർ വന്നാൽ ആ സ്ഥാപനത്തെ കുറിച്ചോ തൊഴിലുടമയെ കുറിച്ചോ സമഗ്രമായ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണ്. നിങ്ങൾ ചെയ്യുന്ന ജോലിയുടെ പണം ലഭിക്കണമെങ്കിൽ അങ്ങോട്ട് പണം അടയ്ക്കണം എന്ന് ആവശ്യപ്പെടുന്നെങ്കിൽ അത് തട്ടിപ്പാണെന്ന് മനസിലാക്കുക. മാത്രമല്ല, വിശ്വാസയോഗ്യമല്ലാത്ത QR കോഡുകൾ സ്കാൻ ചെയ്യരുത്. 

ശ്രദ്ധിക്കുക! ഇങ്ങനെ ഏതെങ്കിലും ഓൺലൈൻ തട്ടിപ്പ് ശ്രദ്ധയിൽപ്പെടുമ്പോൾ 1930 എന്ന നമ്പറിൽ വിളിക്കുക, അതുമല്ലെങ്കിൽ https://cybercrime.gov.in/ എന്ന സൈബർ ക്രൈം പോർട്ടലിൽ രജിസ്റ്റർ ചെയ്തും പരാതി അറിയിക്കാം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :