india gov to stop google pay phonepe growth by new rule
യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) പ്ലാറ്റ്ഫോമായ ഗൂഗിൾ പേയും യുപിഐ ലൈറ്റ് ഫീച്ചർ അവതരിപ്പിച്ചു. പാസ്വേഡ് ഉപയോഗിക്കാതെ തന്നെ ചെറിയ തുകയുടെ ഇടപാടുകൾ വളരെ വേഗം നടത്താം എന്നതാണ് ലൈറ്റ് യുപിഐ ഫീച്ചറിന്റെ പ്രത്യേകത. ഉപയോക്താക്കൾക്ക് 200 രൂപ വരെയുള്ള ഇടപാടുകളാണ് പിൻ ഇല്ലാതെ യുപിഐ ലൈറ്റ് ഫീച്ചർ ഉപയോഗിച്ച് നടത്താൻ സാധിക്കുക.
ഒരു ദിവസം പരമാവധി 2000 രൂപ വരെയാണ് ലൈറ്റ് യുപിഐ വാലറ്റിൽ ലോഡ് ചെയ്യാൻ സാധിക്കുക. കൂടാതെ ഒരു ദിവസം പരമാവധി 4000 രൂപയുടെ ഇടപാടുകൾ മാത്രമേ ഗൂഗിൾ പേ ലൈറ്റ് യുപിഐ ഉപയോഗിച്ച് നടത്താനാകൂ. പുതിയ ഫീച്ചർ ഉപയോഗിച്ച് ഡിജിറ്റൽ പേയ്മെന്റുകൾ ലളിതവും വേഗതയേറിയതും വിശ്വസനീയവുമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഗൂഗിൾ പേ പറയുന്നു. യുപിഐ ലൈറ്റ് അക്കൗണ്ട് ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെടുമെങ്കിലും തത്സമയം പണം നൽകുന്ന, ബാങ്കിന്റെ കോർ ബാങ്കിംഗ് സംവിധാനത്തെ ആശ്രയിക്കില്ല. ഉപയോക്താക്കളുടെ ഉപകരണത്തിന്റെ യുപിഐ ലൈറ്റ് അക്കൗണ്ടിൽ സംഭരിച്ചിരിക്കുന്ന ബാലൻസ് ഉപയോഗിച്ചാണ് ഗൂഗിൾ പേ ലൈറ്റ് പാസ്വേഡില്ലാതെ പണം കൈമാറുക.
ഗൂഗിൾ പേ യുപിഐ ലൈറ്റിലൂടെ പാസ്വേഡ് ഉപയോഗിക്കാതെ നടത്തുന്ന ചെറിയ ഇടപാടുകൾ ബാങ്ക് പാസ്ബുക്കിൽ കാണില്ല. അക്കൗണ്ടുകളിൽ നിന്ന് ഓരോ തവണയും ചെറിയ ഇടപാടുകൾ നടത്തുന്നത് ബാങ്കുകൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ പ്രശ്നവും പരിഹരിക്കാൻ ലൈറ്റ് യുപിഐ ഫീച്ചർ സഹായിക്കുന്നു. പാസ്വേഡ് ഉപയോഗിക്കാതെ പണമിടപാടുകൾ എളുപ്പത്തിൽ നടത്താനുള്ള സംവിധാനം എന്ന നിലയിൽ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI)യാണ് യുപിഐ ലൈറ്റ് ഡിസൈൻ ചെയ്തത്.