ഫഹദ് ഫാസിലിന്റെ നന്മയും കുറച്ച് മണ്ടത്തരങ്ങളുമുള്ള പാച്ചുവും OTTയിലേക്ക്…

Updated on 24-May-2023
HIGHLIGHTS

സംവിധായകൻ അഖിൽ സത്യൻ തന്നെയാണ് ചിത്രത്തിന്റെ രചയിതാവും എഡിറ്ററും

ഫഹദ്, അടുത്തിടെ വിടവാങ്ങിയ താരം ഇന്നസെന്റ്, മുകേഷ്, നന്ദു, ഇന്ദ്രൻസ് തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ നിർണായക വേഷങ്ങളിൽ എത്തുന്നു

ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' OTT റിലീസിന് ഒരുങ്ങുന്നു. സത്യൻ അന്തിക്കാടിന്റെ മകൻ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത മലയാള ചിത്രം ഏപ്രില്‍ 28നായിരുന്നു തിയേറ്ററുകളിൽ എത്തിയത്. ഫഹദ്, അടുത്തിടെ വിടവാങ്ങിയ താരം ഇന്നസെന്റ്, മുകേഷ്, നന്ദു, ഇന്ദ്രൻസ് തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ നിർണായക വേഷങ്ങളിൽ എത്തിയിട്ടുണ്ട്. കൂടാതെ, അഹാന കൃഷ്ണ,  ധ്വനി രാജേഷ്, വിനീത്, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ എന്നിവരാണ് ചിത്രത്തിലെ അഭിനയനിരയിലെ മറ്റ് പ്രധാനപ്പെട്ടവർ.

സത്യൻ അന്തിക്കാട് യൂണിവേഴ്സിൽ മകന്റെ ചിത്രം…

നേരത്തെ ഫഹദ് ഫാസിൽ ഞാൻ പ്രകാശൻ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രം ചെയിതിരുന്നു. ഞാന്‍ പ്രകാശന്‍, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിൽ അഖിൽ അസോസിയേറ്റായും പ്രവർത്തിച്ചിട്ടുണ്ട്. മകൻ അഖിൽ സത്യന്റെ ആദ്യ സംവിധാന സംരഭത്തിലും ഫഹദ് ഫാസിൽ തന്നെയാണ് നായകൻ. അഖിൽ സത്യനെ പോലെ, അന്തിക്കാടിന്റെ മകൻ അനൂപ് സത്യനും സംവിധാന രംഗത്ത് എത്തിയിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് അനൂപ് ഒരുക്കിയത്. ഇപ്പോൾ അഖിലും അതേ മേഖലയിലേക്ക് തന്നെ എത്തിയിരിക്കുകയാണ്. കൂടാതെ, സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നതും അഖിൽ സത്യൻ തന്നെയാണ്.

പാച്ചുവും അത്ഭുതവിളക്കും; OTTയിലേക്ക്…

നർമം കലർത്തി ഒരുക്കിയ ഫീൽ ഗുഡ് ചിത്രമായ പാച്ചുവും അത്ഭുതവിളക്കും സത്യൻ അന്തിക്കാട് യൂണിവേഴ്സിന്റെ തുടർച്ചയാണെന്നാണ് സിനിമ കണ്ട പ്രേക്ഷകർ വിലയിരുത്തിയത്. നീണ്ട വർഷങ്ങൾക്കിപ്പുറം ലാളിത്യമുള്ള ഒരു കഥാപാത്രവുമായി ഫഹദ് ഫാസിൽ എത്തിയ ചിത്രം കൂടിയാണ്. ആമസോണ്‍ പ്രൈം വീഡിയോയിയിലാണ് ചിത്രം എത്തുന്നത്. മെയ് 26 മുതൽ Amazon Prime Videoയിൽ Pachuvum Albhuthavialkkum സ്ട്രീമിങ് ആരംഭിക്കും.

ജസ്റ്റിൻ പ്രഭാകരൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ശരൺ വേലായുധനാണ്. സംവിധായകൻ അഖിൽ സത്യൻ പാച്ചുവു അത്ഭുതവിളക്കിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് ചിത്രം നിർമിച്ചത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :