Marco OTT Release
Marco OTT Release: ഉണ്ണി മുകുന്ദൻ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രമാണ് Marco. ഹിന്ദി പ്രേക്ഷകരെ വരെ ഒരു മലയാള സിനിമയുടെ തിയേറ്റർ റിലീസിലൂടെ കൈയിലെടുക്കാൻ മാർകോ എന്ന ചിത്രത്തിന് സാധിച്ചു. ഡിസംബറിൽ ക്രിസ്തുമസ് റിലീസായാണ് മാസ് ആക്ഷൻ ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ സിനിമ ഒടിടി റിലീസിലേക്കും വരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ വയലൻസ് ചിത്രമാണ് മാർകോ. സിനിമ വാലന്റൈൻസ് ഡേ പ്രമാണിച്ച് ഒടിടി പ്രേക്ഷകരിലേക്കും വരുന്നു. ഹനീഫ് അദേനി സംവിധാനം ചെയ്ത മാർകോയുടെ ഒടിടി റിലീസിന് ഇനി മണിക്കൂറുകൾ മാത്രം. ഹിന്ദിയിലാണ് മാർകോയ്ക്ക് ഏറ്റവും വലിയ സ്വീകാര്യത ലഭിച്ചത്. സിനിമ ഇപ്പോഴും തിയേറ്ററുകളിൽ ചിലയിടങ്ങളിൽ പ്രദർശനം തുടരുന്നു.
ഒടിടി റിലീസിന് എത്തുമ്പോൾ ഹിന്ദി പതിപ്പ് വരുന്നില്ല. ഇത് മാർകോയുടെ ഹിന്ദി ആരാധകർക്ക് നിരാശയായിരുന്നു. എന്നാൽ മലയാളം, തമിഴ്, തെലുഗു, കന്നഡ ഭാഷകളിൽ നിങ്ങൾക്ക് മാർകോ ആസ്വദിക്കാം.
സോണി ലിവിലൂടെ മാർകോ ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്. ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിക്കാൻ അവശേഷിക്കുന്നത്. തിയേറ്റർ റിലീസിൽ സെൻസർ ബോർഡ് നീക്കം ചെയ്ത ഭാഗങ്ങൾ ഒടിടി വേർഷനിൽ ഉൾപ്പെടുത്തുന്നുണ്ട്. ഫെബ്രുവരി 14 മുതലാണ് സ്ട്രീമിങ്. ഇന്ന് അർധരാത്രി മുതൽ വാലന്റൈൻസ് ഡേ സ്പെഷ്യൽ റിലീസായി സിനിമ ആസ്വദിക്കാം.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ നിർമിച്ച സിനിമയാണ് മാർകോ. ഷെരീഫ് മുഹമ്മദാണ് ചിത്രത്തിന്റെ നിർമാതാവ്. സിനിമ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. കേരളത്തിൽ നിന്ന് മാത്രം 42 കോടിയോളം കളക്ഷൻ നേടാൻ സിനിമയ്ക്ക് സാധിച്ചു. കബീര്‍ ദുഹാന്‍സിങ്, അഭിമന്യു തിലകന്‍, സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍ എന്നിവരാണ് മാർകോയിലെ മറ്റ് താരങ്ങൾ.
കട്ടച്ചോരയും കൊടൂര വയലൻസുമായി പ്രണയദിനം ചുവപ്പിക്കാൻ അങ്ങനെ മാർകോ വരികയാണ്. റെക്കോർഡ് തുകയ്ക്കാണ് സോണി ലിവ് മാർകോയെ സ്വന്തമാക്കിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Also Read: Latest in OTT: ഓസ്കറിലെത്തിയ Anuja, വല്യേട്ടൻ 4K, ഇന്ത്യ-പാക് വാശിയേറിയ പോരാട്ടത്തിന്റെ യാഥാർഥ്യവും…
ചന്ദ്രു സെൽവരാജ് ആണ് മാസ് ആക്ഷൻ ചിത്രത്തിന് ക്യാമറ ഒരുക്കിയത്. അസാധ്യ ഫൈറ്റുകളടക്കം മനോഹരമായി എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ് ആണ്. അനിമലിനെയും കില്ലിനെയും തകർത്ത് ഏറ്റവും വലിയ വയലൻസ് ചിത്രമായി മാറിയ മാർകോയുടെ സൗണ്ട് ഡിസൈർ സപ്ത റെക്കോർഡ്സ് ആണ് നിർവഹിച്ചത്.