Dowry Complaint Kerala Portal: സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി കേരള സർക്കാരിന്റെ പ്രത്യേക ഓൺലൈൻ പോർട്ടൽ ആരംഭിച്ചു. സ്ത്രീധനം സാമൂഹ്യ വിപത്താണ്. സ്ത്രീധന നിരോധന നിയമപ്രകാരമുള്ള പരാതി ഉന്നയിക്കാന്‍ പോർട്ടൽ തുടങ്ങിയതായി കേരള ഗവൺമെന്റ് ഹൈക്കോടതിയിൽ അറിയിച്ചു. നിയമബിരുദധാരിയായ ടെല്‍മി ജോളി നല്‍കിയ ഹര്‍ജിയുടെ മറുപടിയായി നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം വിശദീകരിച്ചത്.
2004 ലെ കേരള സ്ത്രീധന നിരോധന നിയമങ്ങളിലെ റൂൾ 5 പ്രകാരമുള്ള പരാതികൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ഉത്തരവാദിത്തം ആവശ്യപ്പെട്ട് നിയമ ബിരുദധാരിയും പബ്ലിക് പോളിസി പ്രൊഫഷണലുമായ വ്യക്തി സമർപ്പിച്ച പൊതുതാൽപര്യ ഹർജിക്ക് മറുപടിയായി സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീധനം നല്‍കുന്നതും കുറ്റമായി കണക്കാക്കുന്ന സ്ത്രീധനനിരോധന നിയമത്തിലെ വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്. സ്ത്രീധനം നല്‍കുന്നവരെ കുറ്റക്കാരായി കണക്കാക്കുമ്പോൾ സ്ത്രീധനനിരോധന നിയമം ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കുന്നില്ല എന്നാണ് ഹർജിയിൽ വാദിച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേരള സർക്കാർ പോർട്ടലിനെ കുറിച്ച് അറിയിച്ചത്. സ്ത്രീധന വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിന് സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എങ്ങനെയാണ് ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതെന്ന് നോക്കാം.
സ്ത്രീധനത്തിനെതിരായ പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനായി വനിതാ-ശിശു വികസന വകുപ്പാണ് (WCD) പോർട്ടൽ നോക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലും സ്ത്രീധന നിരോധന ഓഫീസർമാരായി ജില്ലാ വനിതാ-ശിശു വികസന ഓഫീസർമാരെയാണ് നിയമം തെരഞ്ഞെടുത്തിട്ടുള്ളത്.
https://schemes.wcd.kerala.gov.in/DOWRY/index/ എന്ന വെബ്സൈറ്റിലൂടെയാണ് പരാതി സമർപ്പിക്കേണ്ടത്.
നിലവിൽ ഒരു പരാതി രജിസ്റ്റർ ചെയ്യുന്നതിന് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ ഇവയാണ്…
വിവരദാതാവിന്റെ തരം (Information type), അറിയിക്കുന്ന ആളുടെ പേര്, മൊബൈൽ നമ്പർ, വിവരദാതാവിന്റെ ഇ-മെയിൽ വിലാസം, ദുരിതം അനുഭവിക്കുന്ന വ്യക്തിയുടെ പേര്, ദുരിതം അനുഭവിക്കുന്ന വ്യക്തിയുടെ മൊബൈൽ നമ്പർ, ഇവരുടെ ജനന തീയതി, വയസ് എന്നിവ നൽകണം. കൂടാതെ ദുരിതം അനുഭവിക്കുന്നയാളുടെ ജില്ല, കോർപ്പറേഷൻ/മുനിസിപ്പാലിറ്റി/പഞ്ചായത്ത്, സ്ട്രീറ്റ്/വീട്ടുപേര്, വീട്ടുനമ്പർ, പിൻ കോഡ് എന്നിവയും കൊടുക്കാം. സംഭവ നടന്ന സ്ഥലം, ജില്ല, മേൽവിലാസം, ആർക്കെതിരെയാണ് പരാതി, പരാതിയുടെ സ്വഭാവം (Nature of complaint), സ്ത്രീധനം ആവശ്യപ്പെടുന്ന തരം (Type of dowry demanded) തുടങ്ങിയ വിവരങ്ങളും പോർട്ടൽ മുഖേന പൂരിപ്പിക്കാം. ഈ പോർട്ടലിന്റെ പ്രത്യേകത സ്ത്രീധന പീഢനം അനുഭവിക്കുന്ന ആൾക്കോ, മറ്റൊരാൾക്കോ പരാതി രജിസ്റ്റർ ചെയ്യാനാകും എന്നതാണ്.
പോർട്ടലിൽ നിലവിൽ ലഭ്യമായ സേവനങ്ങൾക്ക് പുറമേ, വകുപ്പിന് വളരെ വേഗത്തിൽ റിപ്പോർട്ടുകൾ ആക്‌സസ് ചെയ്യാൻ കഴിയുന്ന തരത്തിൽ പോർട്ടൽ പരിഷ്‌ക്കരിക്കാനും പദ്ധതിയുണ്ട്.