Nano Banana AI Saree Tool
Nano Banana AI Saree Tool ശരിക്കും സേഫാണോ? 3ഡി ഫിഗറിന് ശേഷം Google Gemini AI ടൂളിലൂടെയുള്ള എഐ സാരി ട്രെൻഡും വൈറലാവുകയാണ്. നമ്മൾ ഒരു നോർമൽ ഫോട്ടോ അപ്ലോഡ് ചെയ്ത് പ്രോംപ്റ്റ് നൽകിയാൽ, ജെമിനി എഐ തിരിച്ച് നമ്മൾ സാരി ഉടുത്തു നൽകുന്ന രീതിയിൽ ഫോട്ടോ ആക്കി തരും. പഴയ ബോളിവുഡ് സ്റ്റൈലിലെ സാരി സ്റ്റൈലും, പഴയ ഇംഗ്ലീഷ് സിനിമകളിലെ വേഷത്തിലും ഫോട്ടോ ക്രിയേറ്റ് ചെയ്ത് അയച്ച് തരും. വേണമെങ്കിൽ ഇംഗ്ലീഷ് സ്റ്റൈലിലും ഇന്ത്യൻ സ്റ്റൈലിലുമുള്ള കപ്പിൾ ഫോട്ടോ വരെ നാനോ ബനാന റെഡിയാക്കി തരും.
ട്രെൻഡ് ഇൻസ്റ്റഗ്രാമിലും വാട്സ്ആപ്പിലും എക്സിലുമെന്ന് വേണ്ട സകല സോഷ്യൽ മീഡിയകളിലും ട്രെൻഡായിരിക്കുന്നു. ഈ സമയത്താണ് ഇടുത്തീ വീണ പോലെ ഒരു കാര്യം ചർച്ചയാകുന്നത്. ഫുൾ സ്ലീവ് ചുരിദാർ ധരിച്ച യുവതിയ്ക്ക് സാരിയുടുത്ത ഫോട്ടോ തിരിച്ചയച്ച ഗൂഗിൾ ജെമിനി ശരിക്കും ഞെട്ടിച്ചു. ചുരിദാർ അണിഞ്ഞ, നൽകിയ ഫോട്ടോയിലില്ലാത്ത കൈയിലെ മറുക് സാരി ഫോട്ടോയിൽ!!!
ഇതിനർഥം നമ്മുടെ ഫോണിലേക്ക് എഐ പരിധിയില്ലാതെ കയറിക്കൂടുന്നു എന്നതാണോ? എഐയ്ക്കായി ഫോണിലെ പെർമിഷൻ ഓണാക്കി വച്ചതും ശരിക്കും പണിയായോ! പെൺകുട്ടിയുടെ ഫോട്ടോസ് എല്ലാം ജെമിനി നിരീക്ഷിക്കുന്നു എന്നതല്ലേ മറുക് വച്ചിട്ടുള്ള ഫോട്ടോ ക്രിയേറ്റ് ചെയ്തതിലൂടെ മനസിലാക്കാനാകുക. അതും ഫ്രീയായി കിട്ടുന്ന സേവനത്തിൽ മെനക്കേടില്ലാതെ ഫോട്ടോ ക്രിയേറ്റ് ചെയ്യാമെന്നതും സംശയം വർധിപ്പിക്കുന്നുണ്ട്. ChatGPT-യുടെ ഗിബ്ലി സ്റ്റൈലിനേക്കാൾ ഹിറ്റടിച്ച എഐ സാരി ട്രെൻഡിനെ ഭയക്കേണ്ടതുണ്ടോ? അറിയാം…
ജെമിനി സൃഷ്ടിക്കുന്ന ചിത്രങ്ങളിൽ AI- ജനറേറ്റഡ് ഉള്ളടക്കം പരിശോധിക്കാൻ സഹായിക്കുന്നതിന് മെറ്റാഡാറ്റ ടാഗുകൾക്കൊപ്പം സിന്തൈഡ് എന്നറിയപ്പെടുന്ന ഒരു അദൃശ്യ വാട്ടർമാർക്ക് ഉണ്ടെന്ന് ഗൂഗിൾ പറയുന്നു. എന്നുവച്ചാൽ ജെമിനി 2.5 ഫ്ലാഷ് ഇമേജിലൂടെയുള്ള ചിത്രങ്ങളാണെന്ന് തിരിച്ചറിയാൻ ഇതിലൊരു അദൃശ്യ സിന്തൈഡ് ഡിജിറ്റൽ വാട്ടർമാർക്ക് നൽകുന്നുണ്ട്. എന്നാൽ ഈ സിന്തൈഡ് കണ്ടെത്താനുള്ള ഉപകരണങ്ങൾ ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല.
നാനോ ബനാന ട്രെൻഡുമായി ബന്ധപ്പെട്ട അപകടസാധ്യതയെ കുറിച്ച് ഇന്ത്യൻ പോലീസ് സർവീസ് ഓഫീസർ വി.സി. സജ്ജനാർ മുന്നറിയിപ്പ് നൽകുന്നു. ഇന്റർനെറ്റിലെ ട്രെൻഡിംഗ് വിഷയങ്ങളിൽ ജാഗ്രത പാലിക്കാനാണ് അദ്ദേഹം ജാഗ്രതാനിർദേശം തരുന്നത്. നാനോ ബനാന എന്ന ട്രെൻഡിന്റെ കെണിയിൽ വീഴുന്നത് അപകടകരമാണ്. നിങ്ങൾ വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ പങ്കുവെച്ചാൽ, തട്ടിപ്പുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. ഒരു ക്ലിക്കിലൂടെ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലെ പണം കുറ്റവാളികളുടെ കൈകളിലെത്താനും ഇത് വഴി വച്ചേക്കുമെന്നാണ് സൂചന.
അതിനാൽ സ്വകാര്യ വിവരങ്ങളും സാമ്പത്തിക കാര്യങ്ങളും സുരക്ഷിതമാക്കാൻ ജെമിനി പോലുള്ള എഐ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. ജെമിനിയുടെ പ്ലാറ്റ്‌ഫോമിനെ അനുകരിക്കുന്ന വ്യാജ വെബ്‌സൈറ്റുകൾക്കും അനൗദ്യോഗിക ആപ്പുകൾക്കുമെതിരെ ജാഗ്രത പാലിക്കണം. കാരണം നിങ്ങളുടെ ഡാറ്റ ഒരു വ്യാജ വെബ്‌സൈറ്റിൽ എത്തിക്കഴിഞ്ഞാൽ, അത് വീണ്ടെടുക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും സജ്ജനാർ വ്യക്താക്കി. നിങ്ങളുടെ ഡാറ്റയും നിങ്ങളുടെ പണവും നിങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വൈറൽ AI ടൂളുകളിൽ ഫോട്ടോകളും വിവരങ്ങളും നൽകുന്നതിന് മുമ്പ് ഉപയോക്താക്കൾ മുൻകരുതലുകൾ എടുക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.
അതുപോലെ എഐ ക്രിയേറ്റഡ് ചിത്രങ്ങൾ ഏത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഷെയർ ചെയ്യുന്നു എന്നതിലും ശ്രദ്ധ കൊടുക്കണം.