യുപിഐ വഴി ഒരുപാട് തട്ടിപ്പുകളും കെണികളും വ്യാപിക്കുന്നു
പണം അയക്കുമ്പോൾ അതിനാൽ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവിടെ വിശദീകരിക്കുന്നു
ഇന്ന് ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ UPI പേയ്മെന്റുകൾ വ്യാപിച്ചുകഴിഞ്ഞു. കൈയിലെപ്പോഴും പണം കരുതേണ്ടതെന്നും, മറവിയും മോഷണവും പോലുള്ള പ്രശ്നങ്ങൾക്ക് പ്രതിവിധിയാണെന്നതും UPI Paymentകളുടെ ജനപ്രിയത വർധിപ്പിക്കുന്നു. അക്കൌണ്ടുകൾ തമ്മിൽ പണം കൈമാറുന്നതിനേക്കാൾ വേഗതയാണ് യുപിഐ പേയ്മെന്റുകൾക്ക്. മാത്രമല്ല, പേടിഎം, ഫോൺപേ പോലുള്ളവ UPI Lite ആരംഭിച്ചതും പേയ്മെന്റ് രീതി കൂടുതൽ സുഗമമാക്കുകയായിരുന്നു.
Surveyഇവയൊക്കെ മേന്മകളാണെങ്കിലും, യുപിഐ വഴി ഒരുപാട് തട്ടിപ്പുകളും കെണികളും വ്യാപിക്കുന്നതായാണ് പരാതി. പ്രത്യേകിച്ച് സാധാരണക്കാരെ കബളിപ്പിക്കാൻ യുപിഐ വഴി എളുപ്പം സാധിക്കുമെന്ന് പറയുന്നു. അതിനാൽ തന്നെ ഏതൊരു UPI ഇടപാട് നടത്തുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിച്ച് തന്നെ നടത്തേണ്ടതാണ്. അവ ഏതെല്ലാമെന്ന് നോക്കാം…
UPI ആപ്പ് വിശ്വസിക്കാവുന്നത് മാത്രം
നിരവധി യുപിഐ ആപ്പുകൾ ലഭ്യമാണ്. എന്നാൽ വിശ്വസനീയവും സുരക്ഷിതവുമായ App മാത്രമാണ് തെരഞ്ഞെടുക്കേണ്ടത്. Google Pay, PhonePe, Paytm എന്നിങ്ങനെയുള്ള ജനപ്രിയമായ UPI ആപ്പുകൾ ഒരുവിധത്തിൽ തട്ടിപ്പുകളെ പ്രതിരോധിക്കുന്നു. ഈ ആപ്പുകളെയെല്ലാം പ്രധാന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പിന്തുണയ്ക്കുന്നവയാണ്. അതിനാൽ തന്നെ നിങ്ങളുടെ പണമിടപാട് സുരക്ഷിതമായിരിക്കുമെന്നും പറയാം.
UPI പിൻ ആരോടും പറയേണ്ട
ലോക്കറിൽ ഒരു പണം താക്കോലിട്ട് പൂട്ടി സൂക്ഷിക്കുന്നത് പോലെയാണ് UPIയിലും പണമിടപാട് നടത്തേണ്ടത്. PIN എന്ന താക്കോൽ അതിനാൽ തന്നെ മറ്റൊരാളുമായും പങ്കുവയ്ക്കരുത്. അതുപോലെ, വിശ്വാസമില്ലാത്ത ഒരു വെബ്സൈറ്റിലോ ആപ്പിലോ പിൻ നമ്പർ നൽകരുത്. ഇടയ്ക്കിടെ യുപിഐ പിൻ നമ്പർ മാറ്റുന്നതും കൂടുതൽ സുരക്ഷിതത്വം ഉറപ്പുവരുത്തും.
പണം അയക്കുമ്പോൾ…
പണം അയക്കുമ്പോഴും വളരെ നന്നായി ശ്രദ്ധിക്കണം. അതായത്, പേയ്മെന്റ് നടത്തുന്നതിന് മുമ്പ് സ്വീകർത്താവിന്റെ വിശദാംശങ്ങൾ നിങ്ങൾ ശരിയായി പരിശോധിച്ചുവെന്ന് ഉറപ്പാക്കുക. ഇതിൽ സ്വീകർത്താവിന്റെ പേരും UPI ഐഡിയും മൊബൈൽ നമ്പറും ഉൾപ്പെടുന്നു. ഇങ്ങനെ തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാം.
ഫോൺ എപ്പോഴും സേഫ് ആയിരിക്കണം
ഫോൺ വഴി ഹാക്കിങ്ങും മറ്റും നടന്നാലും യുപിഐ വഴി പണം തട്ടാൻ സാധിക്കും. ഇതിന് പ്രതിവിധിയായി ഒരു സുരക്ഷാ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണം. ഇതുപയോഗിച്ച് നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റവും ആപ്പുകളും അപ് ടു ഡേറ്റായി നിലനിർത്തുക. ഫോണിനും ഓരോ ആപ്പുകൾക്കും Password ഉണ്ടായിരിക്കണം. ഈ പാസ്വേഡ് മറ്റൊരാൾക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കുന്നതുമാകരുത്.
ഫിഷിംഗ് സ്കാമുകൾക്ക് പിടി കൊടുക്കരുത്
നിങ്ങളുടെ UPI പിൻ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ പോലെയുള്ള സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്താൻ ഒരുക്കുന്ന കെണിയാണ് phishing scam. ഏതെങ്കിലും നിയമാനുസൃതമായ ഒരു സ്രോതസ്സിൽ നിന്നുള്ള ഇമെയിൽ, ടെക്സ്റ്റ് മെസേജ്, ബാങ്ക് അല്ലെങ്കിൽ പേയ്മെന്റ് ആപ്പിൽ നിന്നുള്ളതാണ് എന്ന് നിങ്ങൾക്ക് തോന്നിയേക്കാം.
എന്നാൽ ഇങ്ങനെ സംശയാസ്പദമായ ഒരു ഇമെയിലോ ടെക്സ്റ്റ് സന്ദേശമോ ലഭിക്കുകയാണെങ്കിൽ, അത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഏതെങ്കിലും അറ്റാച്ച്മെന്റുകൾ ലഭിക്കുമ്പോഴും അവ തുറക്കാതിരിക്കുക.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile