ഒറ്റ ദിവസം, കിടിലൻ തമിഴ് ത്രില്ലറുകൾ; OTTയിൽ കാണാം…

HIGHLIGHTS

ഒറ്റരാത്രികൊണ്ട് ചുരുളഴിയുന്ന ചില ത്രില്ലറുകൾ...

അതുമല്ലെങ്കിൽ ഒറ്റ ദിവസത്തിൽ നടക്കുന്ന ചില സസ്പെൻസ് ത്രില്ലറുകൾ...

ഒടിടിയിൽ ഇപ്പോൾ കാണാം ഇത്തരം തമിഴ് ചിത്രങ്ങൾ.

ഒറ്റ ദിവസം, കിടിലൻ തമിഴ് ത്രില്ലറുകൾ; OTTയിൽ കാണാം…

അഭിനയം മാത്രമല്ലല്ലോ സിനിമ. കഥയും അവതരണവുമെല്ലാം സിനിമയുടെ ഒഴുക്കിന് നിർണായകമാണ്. പല കാലഘട്ടത്തിൽ നടക്കുന്ന സംഭവ വികാസം വെറും മൂന്ന് മണിക്കൂറിൽ ഒരു ജീവിതമായി പ്രേക്ഷകനിലേക്ക് എത്തിക്കാൻ സാധിക്കുമെന്നതാണ് സിനിമയുടെ ഏറ്റവും മികച്ച നേട്ടം.

Digit.in Survey
✅ Thank you for completing the survey!

എന്നാൽ, ഒറ്റ ദിവസം മാത്രം നടക്കുന്ന ചില സംഭവങ്ങൾ ഒരു സിനിമയാക്കി അവതരിപ്പിച്ചും പല സംവിധായകരും നമ്മളെ ഞെട്ടിപ്പിച്ചിട്ടുണ്ട്. ട്രാഫിക്, നിവിൻ പോളിയുടെ നേരം, ഇന്ദ്രജിത്ത് സുകുമാരന്റെ പൈസ പൈസ പോലുള്ള ചിത്രങ്ങൾ അതിന് ഉദാഹരണം. എന്നാൽ ഇത്തരത്തിൽ ത്രില്ലടിപ്പിക്കുന്ന ചില തമിഴ് ചലച്ചിത്രങ്ങളുമുണ്ട്. ഇവ ഒരു പകലിൽ മാത്രം നടക്കുന്നതോ, ഒരു രാത്രി മാത്രം അരങ്ങേറുന്ന സംഭവങ്ങളോ അതുമല്ലെങ്കിൽ ഒരു ദിവസം മുഴുവൻ നടക്കുന്ന സംഭവമോ ആയിരിക്കും ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ഇങ്ങനെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന സംഭവങ്ങളെ കോർത്തിണക്കി അവതരിപ്പിച്ചിട്ടുള്ള തമിഴ് സിനിമകൾ പരിചയപ്പെടാം.
ഇവിടെ വിവരിക്കുന്ന സിനിമകളെല്ലാം OTT പ്ലാറ്റ്ഫോമുകളിൽ കാണാൻ സാധിക്കും. ചിത്രങ്ങളുടെ വിശേഷങ്ങളും അവ ഏത് ഒടിടിയിൽ കാണാമെന്നും ചുവടെ വിശദീകരിക്കുന്നു.

ഉന്നൈപ്പോൽ ഒരുവൻ (2009)

A Wednesday (2008) എന്ന ഹോളിവുഡ് ചിത്രത്തിന്റെ തമിഴ് റീമേക്കാണിത്. ഉലകനായകൻ കമൽഹാസന്റെയും ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെയും പവർഹൗസ് പ്രകടനങ്ങൾക്ക് ചിത്രം സാക്ഷ്യം വഹിക്കുന്നു.
ചെന്നൈ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ (Unnaipol Oruvan) ഒരു പോലീസ് കമ്മീഷണറുടെ (മോഹൻലാൽ) ഒരു ദിവസമാണ് വിവരിക്കുന്നത്. കമ്മീഷണറിന് വരുന്ന ഒരു അജ്ഞാത ഫോൺ കോളും തുടർന്നുള്ള സംഭവങ്ങളുമാണ് കഥ. ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം ആസ്വദിക്കാം.

തൂങ്കാവനം (2015)

കമൽഹാസന്റെ മനോഹരമായ ചിത്രം. ഫ്രഞ്ച് ചിത്രമായ സ്ലീപ്‌ലെസ്സ് നൈറ്റ് (2011)ന്റെ റീമേക്കാണ് തൂങ്കാവനം (Thoongavanam). മയക്കുമരുന്ന് വിപണി ചെയ്യുന്ന ഒരാളും അയാളുടെ കിഡ്നാപ്പിങ്ങുമാണ് ഇതിവൃത്തം. Disney Plus Hotstarലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

24 മണി നേരം (1984)

ഒരു കാലത്തിന്റെ ഓർമപ്പെടുത്തലാകാറുണ്ട് ചില ചിത്രങ്ങൾ. മണിവണ്ണൻ സംവിധാനം ചെയ്ത ത്രില്ലർ ചിത്രം ജിയോ സിനിമയിലും, ആമസോൺ പ്രൈം, എംഎക്സ് പ്ലെയർ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലും കാണാം. മോഹൻ, സത്യരാജ്, നളിനി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. തന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത കോടീശ്വരനായ രാമരഥീനത്തെ (സത്യരാജ്) 24 മണിക്കൂറിനുള്ളിൽ കൊലപ്പെടുത്തി പ്രതികാരം ചെയ്യുമെന്ന് രാജ് (മോഹൻ) പ്രതിജ്ഞ ചെയ്യുന്നതാണ് കഥ. ഇളയരാജയുടെ സംഗീത മാന്ത്രികതയും കൂടി ചേരുമ്പോൾ 24 Mani Neram കൂടുതൽ ആസ്വാദകരമാകുന്നു.

ഓനായും ആട്ടുകുട്ടിയും (2013)

ത്രില്ലർ ചിത്രങ്ങളിൽ മികവ് പുലർത്തുന്ന സംവിധായകനാണ് മിഷ്കിൻ. സദാചാരവും സമൂഹം അതിൽ എങ്ങനെ ഇടപെടുന്നു എന്നും വ്യക്തമായി വരച്ചുകാട്ടുന്ന ഈ തമിഴ് ചിത്രത്തിൽ നിയോ- നോയർ ത്രില്ലർ വിഭാഗത്തിൽ പെടുന്നു. ഇളയരാജയാണ് സിനിമയ്ക്ക് പശ്ചാത്തല സംഗീതം നൽകിയത്. സംവിധായകൻ മിഷ്കിനും Onaayum Aattukkuttiyum ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്. Disney Plus Hotstarലൂടെ ചിത്രം കാണാം.

വിടിയും മുൻ (2013)

ഒരു കിടിലൻ ഡാർക്ക് ത്രില്ലറെന്ന് വിളിക്കാവുന്ന ചിത്രമാണ് വിടിയും മുൻ. പൂജ ഉമശങ്കർ, ഒരൊറ്റ സീരിയലിലൂടെ പ്രശസ്തയായ മാളവിക മണിക്കുട്ടൻ, വിനോദ് കിഷൻ, ലക്ഷ്മി രാമകൃഷ്ണൻ, ലൂസിഫറിലെ പൊലീസ് വേഷത്തിൽ തിളങ്ങിയ ജോൺ വിജയ് തുടങ്ങിയവർ Vidiyum Munn ചിത്രത്തിലെ പ്രധാന താരങ്ങളാണ്. Amazon Prime Videoയിലൂടെ ചിത്രം കാണാം.

വിഴിത്തിരു (2017)

ഒറ്റരാത്രികൊണ്ട് ചുരുളഴിയുന്ന ഒരു ഹൈപ്പർലിങ്ക് ത്രില്ലർ ചിത്രമാണിത്. മീര കതിരവൻ സംവിധാനം ചെയ്ത വിഴിത്തിരു പൂർണമായി രാത്രിയിൽ ചിത്രീകരിച്ച ചിത്രമാണ്. കൂടാതെ, ചിത്രത്തിന്‍റെ കഥ പൂർണമായി നടക്കുന്നതു  ഒരു രാത്രിയിലാണ്. കൃഷ്ണ,അഭിനയ,ധൻസിക എന്നിവരാണ് Vizhithiruലെ പ്രധാന താരങ്ങൾ. തിരക്കഥ വളരെ ഉറപ്പുള്ളതല്ലെങ്കിലും, അഭിനയത്തിലും നല്ലൊരു സന്ദേശം നൽകുന്നതിലും സിനിമ വിജയിച്ചു. ത്രില്ലർ പ്രേമികൾക്ക് YuppTVയിലൂടെ സിനിമ ആസ്വദിക്കാം.

ആരണ്യകാണ്ഡം (2011)

 ത്യാഗരാജൻ കുമാരരാജ സംവിധായകനായി അരങ്ങേറ്റം കുറിച്ച തമിഴ് സിനിമയാണിത്. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ത്രില്ലർ ചിത്രം നിരൂപക പ്രശംസയും സ്വന്തമാക്കി. ജാക്കി ഷ്റോഫ്, സമ്പത്ത്, രവികൃഷ്ണ തുടങ്ങിയവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. Disney Plus Hotstarലാണ് Aaranya Kaandam സ്ട്രീം ചെയ്യുന്നത്.

കൈതി (2019)

തമിഴ് ത്രില്ലറാണെങ്കിലും, കാർത്തിയുടെ കൈതിയെ കുറിച്ച് അറിയാത്ത മലയാളികളുണ്ടാവില്ല. ഒരു രാത്രി മുഴുവൻ നടക്കുന്ന രീതിയിലാണ് ലോകേഷ് കനകരാജ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അർജുൻ ദാസ്, നരൈൻ തുടങ്ങിയവരും സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നു. വാണിജ്യപരമായും വിജയം കൊയ്ത Kaithi ആമസോൺ പ്രൈം വീഡിയോയിലും Sony LIVലും കാണാം.

ഇതിന് പുറമെ, മലയാളസിനിമയുടെ ദിശമാറ്റിയ ട്രാഫിക് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ ചെന്നൈയിൽ ഒരു നാളും ഒരു ദിവസം നടക്കുന്ന ത്രില്ലർ ചിത്രമാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് Chennayil Oru Naal സ്ട്രീം ചെയ്യുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo